ഭക്ഷണ പാനീയങ്ങളുടെ മിഡിലീസ്റ്റിലെ ഏറ്റവും വലിയ പ്രദർശന വിപണന മേളയായ സിയാൽ 2019ന്റെ ഉദ്ഘാടനം യു.എ.ഇ ഉപ പ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ നിർവ്വഹിച്ചു. മൂന്ന് ദിവസം നീണ്ട് നിൽക്കുന്ന പ്രദർശനത്തിൽ ഭക്ഷണ നിർമ്മാണ രംഗങ്ങളിലെ നൂതന രീതികൾ, ഉപകരണങ്ങൾ, ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുളള ഭക്ഷ്യ പാനീയങ്ങൾ എന്നിവയെല്ലാം പ്രദർശിപ്പിക്കുന്നുണ്ട്. ഇന്ത്യ, കൊറിയ, ജപ്പാൻ, മൊറോക്കോ, സൗദി അറേബ്യ തുടങ്ങിയ നിരവധി രാജ്യങ്ങളിൽ നിന്നുള്ള പ്രദർശകരാണ് തനത് ഭക്ഷണപദാർത്ഥങ്ങളും പുത്തൻ കണ്ടെത്തലുകളും നിർമ്മാണ രീതികളുമായി സിയാലിൽ പങ്കെടുക്കുന്നത്.പ്രദർശനത്തിലെ ഇന്ത്യൻ പവലിയന്റെ ഉദ്ഘാടനം യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ നിർവ്വഹിച്ചു. ബേക്കിംഗ്, സ്റ്റീമിംഗ്, റോസ്റ്റിംഗ് തുടങ്ങി വ്യത്യസ്ഥ ഇനം പാചകരീതികളുടെ തത്സമയ അവതരണവും ചോക്കലേറ്റുകളുടെയും കേക്കുകളുടെയും അലങ്കാര രീതികളുമെല്ലാം പ്രദർശിപ്പിപ്പിച്ചത് സന്ദർശകർക്കും കൗതുകക്കാഴ്ച്ചയായി. ഡെസേർട്ട്, കേക്കുകൾ എന്നിവക്കായി നടത്തുന്ന പാചക മത്സരത്തിൽ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാചക വിദഗ്ദ്ധരാണ് പങ്കെടുക്കുന്നത്സന്ദർശകർക്ക് പാചകക്കൂട്ടുകളും പാചകരീതികളും നേരിട്ട് കണ്ട് മനസ്സിലാക്കാനുള്ള സൗകര്യവും മേളയിലുണ്ട്.