ന്യൂഡല്‍ഹി: റഫാല്‍ യുദ്ധവിമാനങ്ങളുടെ ടെയില്‍ നമ്പരില്‍ (വിമാനത്തിന്റെ വാലില്‍ രേഖപ്പെടുത്തുന്ന തിരിച്ചറിയല്‍ നമ്പര്‍) ‘ബിഎസ്’ എന്നു രേഖപ്പെടുത്തുമെന്ന് വ്യോമസേന. മുന്‍ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ (റിട്ട) ബി.എസ്. ധനോവയ്ക്ക് ആദരമര്‍പ്പിച്ചാണു നടപടി.
റഫാല്‍ കരാര്‍ ഇടപാടുകള്‍ നടക്കുമ്പോള്‍ സേനാ മേധാവിയായിരുന്ന ധനോവ കഴിഞ്ഞ സെപ്റ്റംബറിലാണു വിരമിച്ചത്. ഇന്ത്യ വാങ്ങുന്ന 36 വിമാനങ്ങളില്‍ 30 എണ്ണത്തില്‍ ബിഎസ് എന്നു രേഖപ്പെടുത്തും. വിമാനങ്ങളില്‍ ആറെണ്ണത്തില്‍ നിലവിലെ സേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ ആര്.കെ.എസ്. ബദൗരിയയുടെ പേരും കുറിച്ചിട്ടുണ്ട്.
36 റഫാല്‍ വിമാനങ്ങളില്‍ 30 എണ്ണം യുദ്ധ വിമാനങ്ങളും ബാക്കിയുള്ളവ ട്രെയിനര്‍ വിമാനങ്ങളുമാണ്. പരിശീലക വിമാനങ്ങളില്‍ ഇരട്ട സീറ്റുകള്‍ ഉണ്ടാകും. യുദ്ധ വിമാനങ്ങളുടെ എല്ലാ സവിശേഷതയും ഇവയ്ക്കും ഉണ്ടാകും.
2016-ലാണ് 36 റഫാല്‍ യുദ്ധ വിമാനങ്ങള്‍ വാങ്ങുന്നതിനുള്ള കരാര്‍ ഫ്രാന്‍സുമായി ഇന്ത്യ ഒപ്പുവെച്ചത്. 59,000 കോടി രൂപയുടേതാണ് പദ്ധതി. 2022 സെപ്റ്റംബറോടെ 36 യുദ്ധവിമാനങ്ങളും ഇന്ത്യയിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. മിസൈലുകളും ആണവ പോര്‍മുനകളും വഹിക്കാനാകുന്ന പോര്‍വിമാനമാണ് റഫാല്‍.