കാബൂള്‍: അഫ്ഗാനിസ്ഥാനിലെ യുഎസ് വ്യോമ താവളത്തിന് സമീപം ചാവേര്‍ ബോംബ് സ്ഫോടനം. ബുധനാഴ്ച രാവിലെ പര്‍വാന്‍ പ്രവിശ്യയിലുള്ള ബഗ്രാം എയര്‍ ബേസിന് സമീപത്ത് നിര്‍മ്മാണത്തിലിരിക്കുന്ന മെഡിക്കല്‍ കെട്ടിടത്തിലാണ് ആക്രമണം ഉണ്ടായത്.
ആക്രമണത്തില്‍ ആളപായം ഉണ്ടായിട്ടില്ലെന്നാണ് വിവരം. യുഎസ് സഖ്യസേനയെ ലക്ഷ്യം വെച്ചാണ് ആക്രമണം നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്ഫോടനത്തില്‍ നിരവധി വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതായി ജനറല്‍ മഹ്ഫൂസ് വാലിസാദ അറിയിച്ചു. ആശുപത്രി കെട്ടിടത്തില്‍ തീപിടിച്ചെങ്കിലും തൊഴിലാളികളെ ഉടന്‍ മാറ്റിയതിനാല്‍ വലിയ ദുരന്തം ഒഴിവായതായി അദ്ദേഹം അറിയിച്ചു.
നിലവില്‍ 13,000 യുഎസ് സൈനികരാണ് അഫ്ഗാനിസ്ഥാനില്‍ അവശേഷിക്കുന്നത്. 18 വര്‍ഷം നീണ്ട യുദ്ധത്തിനൊടുവില്‍ സമാധാന ശ്രമങ്ങളുമായി യുഎസ്-താലിബാന് ചര്‍ച്ച നടന്നിരുന്നു. ചര്‍ച്ചക്കിടെ യുഎസ് സൈനികര്‍ക്ക് നേരെ ബോംബാക്രമണം നടന്നതിനാല്‍ ട്രംപ് ഏകപക്ഷീയമായി ചര്‍ച്ച അവസാനിപ്പിക്കുകയായിരുന്നു. താലിബാനുമായി അമേരിക്ക വീണ്ടും ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് ചാവേര്‍ ബോംബാക്രമണം നടന്നത്.