മൊഗാദിഷു: ഇസ്ലാമിക ഭീകരവാദ സംഘടനയായ അല്‍ഷബാബിന്റെ അഞ്ച് ഭീകരരെ സൊമാലിയന്‍ സുരക്ഷ സേന വധിച്ചു. മൊഗാദിഷുവില്‍ പ്രസിഡന്‍ഷ്യല്‍ വസതിക്ക് സമീപമുള്ള ഹോട്ടല്‍ ആക്രമിച്ച ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. ആക്രമണത്തില്‍ രണ്ട് സൈനികര്‍ ഉള്‍പ്പെടെ അഞ്ച് പേര് മരിച്ചിരുന്നു.
ആക്രമണത്തിന്റെ ഉത്തരവാദിത്തം അല്‍ ഷബാബ് ഏറ്റെടുത്തിരുന്നു. രണ്ട് സൈനികര്‍ ഉള്‍പ്പെടെ 11 പേര്‍ക്ക് ആക്രമണത്തില്‍ സാരമായി പരിക്കേറ്റു. ഉദ്യോഗസ്ഥരടക്കം 82 പേരെ സില് ഹോട്ടലില്‍ നിന്ന് രക്ഷപ്പെടുത്തിയതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജനറല്‍ സാകിയ ഹസന് അറിയിച്ചു.
ഉദ്യോഗസ്ഥര്‍ സ്ഥിരമായി ഒത്തുചേരുന്ന സ്ഥലമായ സില് ഹോട്ടലാണ് ഭീകരര്‍ കഴിഞ്ഞ ദിവസം ആക്രമിച്ചത്. ഇതിനു പിന്നാലെ ചൊവ്വാഴ്ച രാത്രി 7 മണിയോടെ ആരംഭിച്ച ഏറ്റുമുട്ടല്‍ ബുധനാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് അവസാനിച്ചത്. ഏറ്റുമുട്ടലില്‍ അഞ്ച് ഭീകരരേയും വധിച്ചതായി സാകിയ ഹസന് ട്വിറ്ററിലൂടെ അറിയിച്ചു.
അല്‍ ഖ്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിക ഭീകരവാദ ഗ്രൂപ്പായ അല്‍ ഷബാബ് കഴിഞ്ഞ കുറേ നാളുകളായി യുഎന്‍ പിന്തുണയുള്ള സൊമാലിയ സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമം നടത്തിവരികയായിരുന്നു. ഇതിന്റെ ഭാഗമായി മൊഗാദിഷുവില്‍ ബോംബ് സ്ഫോടനവും വെടിവെപ്പും ഉണ്ടാകുന്നത് പതിവായിരുന്നു.
ഒരുകാലത്ത് രാജ്യത്തിന്റെ ഭൂരിഭാഗം മേഖലകളിലും സ്വാധീനമുണ്ടായിരുന്ന അല്‍ ഷബാബ് 2011ല്‍ മൊഗാദിഷുവില്‍ നിന്ന് പുറത്താക്കപ്പെട്ടിരുന്നു. ഇതോടെ അല്‍ ഷബാബിന് മറ്റ് ശക്തികേന്ദ്രങ്ങളും നഷ്ടപ്പെട്ടെങ്കിലും ഭീകരര്‍ സൊമാലിയയിലും അയല്‍രാജ്യമായ കെനിയയിലും ഇപ്പോഴും ആക്രമണങ്ങള്‍ നടത്തി വരികയാണ്.