മക്കള്‍ക്ക് എന്നും ഏറെ ഇഷ്ടം അമ്മയോടാണ്. അമ്മയ്‌ക്ക് എന്തെങ്കിലും അപകടം സംഭവിച്ചാലോ അസുഖം വന്നാലോ ഒക്കെ അസ്വസ്ഥരാകുന്നവരാണ് മക്കള്‍. അമ്മയോടുള്ള സ്‌നേഹവും കരുതലും വെളിവാക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാദ്ധ്യമങ്ങളില്‍ വൈറലായി കൊണ്ടിരിക്കുന്നത്.
സീബ്രാ ക്രോസിംഗിലൂടെ നടന്നു പോകുന്നതിനിടെ അമ്മയെ ഇടിച്ചിട്ട കാര്‍ ഡ്രൈവറോട് രൂക്ഷമായി പ്രതികരിക്കുന്ന ബാലനാണ് വീഡിയോയിലെ താരം. ഡിസംബര്‍ നാലിന് നടന്ന സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ ഈ ബാലനെ കുറിച്ചുള്ള അന്വേഷണത്തിലാണ് സാമൂഹ്യമാദ്ധ്യമങ്ങള്‍.
സീബ്രാ ക്രോസിലൂടെ ഇവര്‍ നടന്നു വരുന്നത് കണ്ടിട്ടും മുന്നോട്ട് വന്ന കാര്‍ അമ്മയെ ഇടിച്ചിട്ടു. അമ്മയോടൊപ്പം കുഞ്ഞും റോഡിലേക്ക് തെറിച്ചു വീണു. എന്നാല്‍ നിലത്ത് വീണ ശേഷമുള്ള കുഞ്ഞിന്റെ പ്രതികരണമാണ് എല്ലാവരിലും അമ്പരപ്പുളവാക്കിയിരിക്കുന്നത്. കുട്ടി നിലത്തു നിന്നെഴുന്നേറ്റ് ആദ്യം അമ്മയെ പിടിച്ചെഴുന്നേല്‍പ്പിക്കാന്‍ ശ്രമിച്ചു.
അമ്മയെ റോഡില്‍ ഇരുത്തിയ ശേഷം കുട്ടി ഓടി കാറിനടുത്തെത്തി കാറിന്റെ ബംബറില്‍ ആഞ്ഞു ചവിട്ടി. അഞ്ച് വയസോളം പ്രായമുള്ള കുട്ടിയ്‌ക്ക് പറ്റാവുന്നത്ര ശക്തിയിലാണ് അവന്‍ കാറിന്റെ ബംബറില്‍ ചവിട്ടിയത്. പിന്നീട് ഡ്രൈവറിന്റെ അടുത്തേക്കെത്തിയ കുട്ടി ഡ്രൈവറിനോട് ചൂടാകുന്നതും ദൃശ്യങ്ങളില്‍ കാണാം.
ഡ്രൈവറോട് കയര്‍ത്ത ശേഷം കുട്ടി വീണ്ടും അമ്മയുടെ അരികിലെത്തി അവരെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്നതും ആളുകള്‍ ഓടികൂടി അമ്മയെയും കുഞ്ഞിനെയും ഇടിച്ചിട്ട വാഹനത്തില്‍ കയറ്റി വിടുന്നതും ദൃശ്യങ്ങളില്‍ കാണാം. അമ്മയെ അപകടപ്പെടുത്തിയ ആളിനോട് പ്രതികരിച്ച കുട്ടിയുടെ ധൈര്യത്തെയും പ്രശംസിക്കുകയാണ് എല്ലാവരും.















