ആറരക്കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് ജീവിച്ച ഇക്തിയോസോര്‍ വിഭാഗത്തില്‍പ്പെട്ട ജീവിയുടെ ഫോസില്‍ കണ്ടെത്തി. ജോണ്‍ ഗോപ്‌സില്‍ എന്ന ബ്രിട്ടിഷ് നഴ്‌സിനൊപ്പം ബീച്ചിലെത്തിയ വളര്‍ത്തുനായകളാണ് ഇവ കണ്ടെത്തിയത്. സ്റ്റാഫോഡിലെ സോമര്‍സെറ്റിലെ ബീച്ചിലാണ് ഫോസില്‍ കണ്ടെത്തിയത്.
നായ്‌ക്കുട്ടികള്‍ മണപ്പിച്ചും മണ്ണില്‍ മാന്തിയും ഒരിടത്തു തന്നെ നില്‍ക്കുന്നതു കണ്ടാണ് ഉടമ ശ്രദ്ധിച്ചത്. അഞ്ചരയടി നീളം വരുന്ന ഫോസിലായിരുന്നു കണ്ടെത്തിയത്. തുടര്‍ന്ന് ഇദ്ദേഹം ലണ്ടന്‍ നേച്വറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ വിവരമറിക്കുകയായിരുന്നു.

ജുറാസിക് കാലഘട്ടത്തില്‍ ജീവിച്ചിരുന്ന ഇക്തിയോസോര്‍ വിഭാഗത്തില്‍പ്പെട്ട ജീവിയുടേതാണ് ഫോസിലെന്ന് ഗവേഷകര്‍ അറിയിച്ചു. എന്നാല്‍ ഏതിനം ജീവിയാണെന്നു കണ്ടെത്താന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞില്ല. ഗവേഷകരെ സംബന്ധിച്ചിടത്തോളം വിലയേറിയ കണ്ടെത്തലായിരുന്നു ഇത്.
പടിഞ്ഞാറന്‍ സോമര്‍സെറ്റിലെ പല തീരങ്ങളിലും ജുറാസിക്-ട്രയാസിക് കാലഘട്ടത്തിലെ ഒട്ടേറെ ഫോസിലുകള്‍ നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം കണ്ടെത്തിയ ഇക്തിയോസോര്‍ ഫോസിലിന് ഏകദേശം 20 കോടി വര്‍ഷത്തെ പഴക്കമാണ് ഉണ്ടായിരുന്നത്. പേരില്‍ ‘സോര്‍’ ഉണ്ടെങ്കിലും ഇക്തിയോസോര്‍ ദിനോസര്‍ വിഭാഗത്തില്‍പ്പെട്ടതല്ല.

ഇന്നത്തെ ഡോള്‍ഫിനുകളോടാണ് ഇവയ്‌ക്കു കൂടുതല്‍ സാമ്യത. കടലില്‍ കാണപ്പെടുന്ന ഈ ജീവികള്‍ക്കു 6-13 അടി വരെയുണ്ടായിരുന്നു നീളം. ട്രയാസിക് കാലഘട്ടത്തില്‍ രൂപപ്പെട്ട ഇവ ജുറാസിക് കാലഘട്ടത്തില്‍ വന്‍തോതില്‍ കടലിലുണ്ടായിരുന്നു. പിന്നീട് ക്രെറ്റേഷ്യസ് കാലഘട്ടത്തില്‍ എത്തിയതോടെ (ഏകദേശം 14.566 കോടി വര്‍ഷം മുന്‍പ)് ഇവ ഭൂമുഖത്ത് നിന്ന് അപ്രത്യക്ഷമാകുകയായിരുന്നു.















