1999 ൽ കാർഗിൽ മലനിരകളിൽ മുഴങ്ങിക്കേട്ട ഇരമ്പൽ , ഇന്ത്യയുടെ കില്ലർ വിമാനമെന്ന് അറിയപ്പെടുന്ന മിഗ് 27 ന്റേതാണ് . ഇന്ത്യൻ വ്യോമസേനയിലെ പൈലറ്റുമാരിൽ നിന്ന് ബഹാദൂർ എന്ന വിളിപ്പേരും മിഗ് 27 നേടിയിരുന്നു .
ഭാരതത്തിന് ചെറുത്തു നിൽപ്പിന്റെയും, ആത്മാഭിമാനത്തിന്റെയും, രാജ്യസുരക്ഷയുടെയും ഭാഗമായ കാർഗിൽ യുദ്ധത്തിൽ നിർണ്ണായക പങ്കാണ് മിഗ് 27 വഹിച്ചത് . ഈ മാസം 27 ന് വ്യോമസേനയുടെ ഈ വിശ്വസ്തമായ പോർവിമാനം മഹത്തായ ചരിത്രത്തിന്റെ ഭാഗമാകും . ജോധ്പൂർ വ്യോമതാവളത്തിലെ ഏഴ് മിഗ്–27 വിമാനങ്ങൾ ഉൾപ്പെടുന്ന സ്ക്വാഡ്രൺ നിര്‍ത്തുകയാണ്. വെള്ളിയാഴ്ച മുതൽ മിഗ്–27 പോർവിമാനങ്ങൾ പ്രവർത്തിക്കില്ല.
മിഗ് 27 സ്ക്വാഡ്രണിന്റെ എല്ലാ വിമാനങ്ങളും ഈ ദിവസം തന്നെ നിർത്തലാക്കും. ഇതിനുശേഷം രാജ്യത്ത് എവിടെയും മിഗ് പറക്കില്ലെന്നും പ്രതിരോധ വക്താവ് അറിയിച്ചു . സൗത്ത് വെസ്റ്റ് എയർ കമാൻഡിൽ നിന്നുള്ള റഷ്യൻ നിർമിത മിഗ് 27 വിമാനങ്ങളും നിർത്തലാക്കും .
ജോധ്പൂരിലെ മിഗ് 27 ന്റെ സ്ക്വാഡ്രൺ എസ്‌ഡബ്ല്യുഎസിയിൽ എന്ന് മാത്രമല്ല രാജ്യമെമ്പാടും അവസാനത്തേതാണ് . മാത്രമല്ല ഇന്ത്യ അല്ലാതെ മറ്റ് രാജ്യങ്ങളൊന്നും മിഗ് നിലവിൽ ഉപയോഗിക്കുന്നുണ്ടായിരുന്നില്ല . അതുകൊണ്ട് തന്നെ ലോകത്തിൽ തന്നെ മിഗ് 27 ചരിത്രത്തിന്റെ ഭാഗമായി മാറുകയാണ് .
ജോധ്പൂരിൽ മിഗ് 27 ന്റെ രണ്ട് സ്ക്വാഡ്രണുകളാണ് ഉണ്ടായിരുന്നത്. ഇതിൽ ഒരെണ്ണം ഈ വർഷം ആദ്യം നിർത്തലാക്കിയിരുന്നു.ആകാശത്തു നിന്ന് കരയിലേക്ക് ആക്രമിക്കുന്നതിനാണ് പ്രധാനമായും മിഗ് 27 ഉപയോഗിക്കുന്നത്. പൈലറ്റിന് മാത്രം സഞ്ചരിക്കാവുന്ന വിമാനത്തിന്റെ പരമാവധി വേഗം മണിക്കൂറില്‍ 1, 350 കിലോമീറ്റാണ്. ലേസര്‍ ബോംബുകള്‍, ക്രൂയിസ് മിസൈല്‍ എന്നിവ വഹിക്കാന്‍ ശേഷിയുള്ളവയാണ് മിഗ് 27.
സോവിയറ്റ് യൂണിയന്‍ നിര്‍മ്മിത വാഹനമായ മിഗ് 27 1981-ലാണ് ഇന്ത്യന്‍ വ്യോമസേനയില്‍ ഉള്‍പ്പെടുത്തിയത്. 38 വര്‍ഷക്കാലമാണ് മിഗ് 27 ഇന്ത്യന്‍ വ്യോമസേനയ്‌ക്ക് കരുത്തായി നിന്നത്.















