ലണ്ടന്‍: ദശാബ്ദത്തിലെ മികച്ച ടീമായി ഇന്ത്യ മാറിയതിനു പിന്നാലെ കോഹ്ലിയുടെ ക്യാപ്റ്റന്‍സി രഹസ്യം തനിക്ക് അറിയാമെന്ന് ചൂണ്ടിക്കാട്ടി മുന്‍ ഇംഗ്ലണ്ട് താരം മോണ്ടി പനേസര്‍ രംഗത്ത്. ഓസ്ട്രേലിയയെ മറികടന്ന് വന്‍ മുന്നേറ്റം നടത്തിയ ഇന്ത്യ ക്രിക്കറ്റിന്റെ മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ സാഹചര്യത്തിലാണ് പുതിയ കണ്ടെത്തലുമായി പനേസര്‍ രംഗത്തു വന്നിരിക്കുന്നത്.
ടീം സെലക്ഷനാണ് കോഹ്ലിയെ മികച്ച നായകനാക്കി നിലനിര്‍ത്താന്‍ സഹായിക്കുന്ന ഘടകങ്ങളില്‍ ഒന്ന് എന്നാണ് പനേസര്‍ പറയുന്നത്. ക്യാപ്റ്റനെന്ന നിലയില്‍ കോഹ്ലിക്ക് മുന്നില്‍ ഒരുപാട് വഴികളുണ്ട്. ബോളിംഗ് നിരയില്‍ ഫിംഗര്‍ സ്പിന്നര്‍, റിസ്റ്റ് സ്പിന്നര്‍ എന്നിങ്ങനെ വ്യത്യസ്തരായ സ്പിന്നര്‍മാരെ കോഹ്ലിക്ക് തെരഞ്ഞെടുക്കാം. ടീം സ്ഥിരമായി വിജയവഴിയില്‍ ആയതിനാല്‍ കോഹ്ലിക്ക് മുന്നില്‍ വെല്ലുവിളികള്‍ ഇല്ലെന്നും പനേസര്‍ വ്യക്തമാക്കി.
മികച്ച ടീമിനെ തെരഞ്ഞെടുക്കുന്നതാണ് കോഹ്ലിക്ക് സഹായകമാകുന്ന മറ്റൊരു ഘടകം. പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്തുന്നവരെ മാത്രമാണ് കോഹ്ലി ടീമില്‍ ഉള്‍പ്പെടുത്തുന്നത്. പ്രകടനം മോശമായാല്‍ പകരം അദ്ദേഹം വേറെ താരങ്ങളെ ടീമില്‍ ഉള്‍പ്പെടുത്തും. 15-20 മികച്ച കളിക്കാര്‍ കോഹ്ലിക്കുണ്ടെന്ന് അദ്ദേഹത്തിനു നന്നായറിയാമെന്നും പനേസര്‍ പറഞ്ഞു. 80കളിലെ വെസ്റ്റ് ഇന്‍ഡീസിനും 90കളിലെ ഓസ്ട്രേലിയക്കും സമാനമാണ് ഇപ്പോഴത്തെ ഇന്ത്യന്‍ ടീമെന്നും പനേസര്‍ വ്യക്തമാക്കി.















