മുംബൈ: ഇന്ത്യന്‍ ടെന്നീസ് ഇതിഹാസം ലിയാണ്ടര്‍ പേസ് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2020ല്‍ കരിയറിനോട് വിടപറയുന്ന വര്‍ഷമായിരിക്കുമെന്നാണ് പേസ് അറിയിച്ചത്. ക്രിസ്മസ് ആശംസകളറിയിച്ച് കൊണ്ടുള്ള ട്വീറ്റിലൂടെയാണ് പേസ് വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. ഒളിമ്പിക്‌സ് മെഡല്‍ ജേതാവും 46കാരനുമായ പേസ് 29 വര്‍ഷത്തെ കരിയറാണ് അവസാനിപ്പിക്കുന്നത്.
‘2020ല്‍ തിരഞ്ഞെടുത്ത കുറച്ച് മത്സരങ്ങളില്‍ മാത്രമെ കളിക്കുകയുള്ളു. തന്റെ ടീമിനൊപ്പം യാത്ര ചെയ്യും. ലോകത്തെ തന്റെ എല്ലാ സുഹൃത്തുക്കള്‍ക്കും ആരാധകര്‍ക്കുമൊപ്പം 2020 ആഘോഷിക്കും.’ വണ്‍ ലാസ്റ്റ് റോള്‍ എന്ന ടാഗില്‍ ഇക്കാലമത്രയുമുള്ള ഓര്‍മകള്‍ പങ്കുവയ്‌ക്കുമെന്നും അദ്ദേഹം അറിയിച്ചു. എല്ലാ സമയത്തും കുടെ നിന്ന് പ്രചോദനവും പിന്തുണയും നല്‍കിയ മാതാപിതാക്കള്‍ക്കും, സഹോദരിമാര്‍ക്കും മകള്‍ അയാനയ്‌ക്കും പേസ് നന്ദി അറിയിച്ചു.
ലിയാണ്ടര്‍ പേസ് എട്ട് തവണ ഡബിള്‍ഡ് ഗ്രാന്‍ഡ്സ്ലാമും 10 തവണ മിക്‌സഡ് ഡബിള്‍സ് ഗ്രാന്‍ഡ്സ്ലാം കിരീടവും സ്വന്തമാക്കിയിട്ടുണ്ട്. പത്മശ്രീ, പത്മഭൂഷന്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജ്ജുന തുടങ്ങിയ പുരസ്‌കാരങ്ങള്‍ നല്‍കി രാജ്യം ആദരിച്ചിട്ടുണ്ട്.















