നമുക്കെല്ലാം ഏറെ ഇഷ്ടമുള്ള ഭക്ഷണമാണ് ബിരിയാണി. ബിരിയാണിയുടെ രുചിയും മണവും ഒന്നും നമ്മുടെ മനസില്‍ നിന്നും അത്രവേഗം പോകില്ല. ബിരിയാണിയുടെ രുചി നിര്‍ണയിക്കുന്നതിലെ പ്രധാന ഘടകമാണ് അതില്‍ ചേര്‍ത്തിരിക്കുന്ന സുഗന്ധവ്യജ്ഞനങ്ങള്‍. ബിരിയാണിക്ക് സുഗന്ധം നല്‍കാന്‍ ഉപയോഗിക്കുന്ന ഒരു സസ്യമാണ് ബിരിയാണിക്കൈത അഥവ രംഭ ഇല.
പന്‍ഡാനസ് അമാരില്ലി ഫോളിയസ് എന്നാണിതിന്റെ രാസനാമം. ആസറ്റൈല്‍ പൈറോളിന്‍ എന്ന രാസവസ്തുവാണ് ഇതിന് ഗന്ധം നല്‍കുന്നത്. എല്ലാ വശങ്ങളിലേക്കും വീതി കുറഞ്ഞ നീളമുള്ള ഇലകള്‍ കാണുവാന്‍ ഭംഗി ഉള്ളതിനാല്‍ അലങ്കാരച്ചെടിയായും ഇത് ഉപയോഗിക്കുന്നു. പൂര്‍ണ്ണ വളര്‍ച്ചയെത്തിയ ഒരു ചെടി അഞ്ച് അടി വരെ ഉയരം വയ്‌ക്കും.
ഇലയുടെ അടിയില്‍ കാണുന്ന സൂക്ഷ്മനാരുകളിലാണ് സുഗന്ധമുള്ള ഈ രാസവസ്തു സൂഷിച്ചിരിക്കുന്നത്. ഇല വെയിലത്ത് ഉണക്കുകയോ, വെള്ളത്തിലിട്ട് തിളപ്പിക്കുകയോ ചെയ്യുമ്പോളാണ് ബിരിയാണിയുടെ ഗന്ധം പുറത്തു വരിക. സാധാരണ തയ്യാറാക്കാറുള്ള ചോറില്‍ ഈ ഇലയിടുന്നതോടെ പ്രത്യേകം രുചി കൈവരുന്നതു കൊണ്ട് മലബാറില്‍ ചോറ്റോല എന്ന പേരിലാണിതറിയപ്പെടുന്നത്.
വയനാട്ടില്‍ ഇത് ഗന്ധപുല്ല് എന്നും പറയപ്പെടുന്നു. ആന്റി ഓക്‌സിഡന്റസ്‌ന്റെ കലവറയാണ് രംഭയില. സൗന്ദര്യ വര്‍ധക വസ്തുക്കളിലും മരുന്ന് നിര്‍മാണത്തിലും ഇത് ധാരാളമായി ഉപയോഗിക്കുന്നു. പല്ലുകളുടെയും മോണകളുടെയും ആരോഗ്യത്തിനും, മുറിവുകള്‍, ചതവുകള്‍ എന്നിവ ഭേദമാകാനും ഇത് ഉത്തമമാണ്. ഇതിന്റെ ഇലവാറ്റിയെടുത്ത നീരും വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാറുണ്ട്. ദന്തരോഗത്തിനും ഉദര രോഗത്തിനും ദഹനക്കേടിനും മികച്ച പരിഹാരമാണിത്.
ഫ്‌ളൂ, ഹെര്‍പ്പിസ് എന്നീ വൈറസ്സുകളെ നശിപ്പിക്കാന്‍ രംഭയിലയ്‌ക്ക് ശേഷിയുണ്ട്. ബിരിയാണിക്കും ഫ്രൈഡ് റൈസിനും പുറമെ ഐസ്‌ക്രീം, പുഡ്ഡിംഗ്, മധുര വിഭവങ്ങള്‍ എന്നിവയിലും രംഭ ഇല ഉപയോഗിച്ചു വരുന്നു. ശീതള പാനീയങ്ങള്‍ക്ക് മണവും നിറവും പകരാനും ഇത് വളരെ നല്ലതാണ്. ഏത് കാലാവസ്ഥയിലും നന്നായി വളരുന്ന ഈ സസ്യം ചെടിച്ചട്ടിയിലും ഗ്രോ ബാഗുകളിലുമെല്ലാം നട്ട് വളര്‍ത്താം.















