ശത്രു രാജ്യങ്ങളുടെ വെല്ലുവിളികളെ അതിജീവിക്കാൻ സംഹാര ശക്തി വർദ്ധിപ്പിക്കുകയാണ് ഇന്ത്യ . വീണ്ടും അധികാരമേറ്റ നരേന്ദ്രമോദി സർക്കാരിന്റെ പ്രഥമ പരിഗണനയും രാജ്യത്തിന്റെ പ്രതിരോധത്തിനായിരുന്നു . രാജ്യത്തിനു കരുത്തേകാൻ വീണ്ടും ആയുധങ്ങൾ എത്തിക്കാനുള്ള നീക്കങ്ങൾ അണിയറയിൽ നടക്കുന്നുണ്ട് .
ബാലാകോട്ടിൽ ജെയ്ഷെ ക്യാമ്പുകൾ തുരന്ന് തകർത്ത സ്പൈക്ക് 2000 ബോംബിന്റെ ബങ്കർ തകർക്കൽ പതിപ്പ് ഉടൻ ഇന്ത്യയിലെത്തും.ഏത് കെട്ടിടമായാലും നിമിഷങ്ങൾക്കുള്ളിൽ നില പരിശാക്കുന്ന മാർക്ക് 84 ആയുധ മുനയുമായാണ് സ്പൈക്ക് എത്തുന്നത് .
ലോകത്തെ ഏറ്റവും പ്രഹര ശേഷിയുള്ളതാണ് ഇസ്രായേലിന്റെ സ്പൈക്ക് ബോംബുകൾ.സ്മാർട്, പ്രിസൈസ് ഇംപാക്ട് ആൻഡ് കോസ്റ്റ് എഫക്ടീവ് എന്നതിന്റെ ചുരുക്കപ്പേരാണ് ‘സ്പൈക്ക്’.ബാലാകോട്ടിൽ വ്യോമസേന ഉപയോഗിച്ചത് കെട്ടിടത്തിലേക്ക് തുരന്നിറങ്ങി ഉള്ളിലുള്ളവരെ വധിക്കുന്ന സ്പൈക്ക് ബോംബ് പതിപ്പായിരുന്നു. എന്നാൽ ബങ്കർ ബസ്റ്റർ പതിപ്പ് ഈ സൗജന്യമൊന്നും നൽകില്ല. കെട്ടിടം അപ്പാടെ ഇല്ലാതാക്കിക്കളയും.
മാപ്പിങ് ചെയ്ത സ്ഥലങ്ങൾ കൃത്യമായി ആക്രമിക്കാനാണ് സ്പൈക്ക് –2000 ബോംബുകൾ ഉപയോഗിക്കുന്നത്. സാറ്റ്‌ലൈറ്റ് ഡേറ്റ ഉപയോഗപ്പെടുത്തിയാണ് കൃത്യമായ സ്ഥലം കണ്ടെത്തുന്നത്.
ഏറ്റവും ചിലവ് കുറഞ്ഞതും എന്നാൽ വളരെയേറെ പ്രഹര ശക്തിയുള്ളതുമാണ് ഇസ്രായേലിന്റെ സ്പൈക്ക് ബോംബുകൾ . ഇതോടൊപ്പം റഷ്യൻ നിർമ്മിത സുഖോയ് പോർവിമാനത്തിൽ സ്പൈക്ക് ബോംബുകൾ ഘടിപ്പിക്കാനുള്ള പരീക്ഷണങ്ങളും ആരംഭിച്ചു കഴിഞ്ഞു . നേരത്തെ മിറാഷ് -2000 പോർ വിമാനത്തിലാണ് സ്പൈക്ക് ബോംബുകൾ പ്രയോഗിച്ചിരുന്നത് .
നിലവിൽ ഇസ്രയേലിൽ നിന്ന് 200 സ്പൈക്ക് –2000 ബോംബുകള്‍ ഇന്ത്യ വാങ്ങിയിട്ടുണ്ട്.ഗഗൻശക്തി സൈനികാഭ്യാസത്തിനിടെ സ്പൈക്ക് –2000 ബോംബുകൾ സുഖോയ് പോർവിമാനത്തിൽ നിന്നു പരീക്ഷിച്ചിരുന്നു.
ഇന്ത്യയുടെ പ്രതിരോധ മേഖല ശക്തിപ്പെടുത്താനായി ഏറ്റവും വലിയ ആളില്ലാ വിമാനങ്ങളായ 50 ഹെറോൺ ഡ്രോണുകളാണ് ഇസ്രായേലിൽ നിന്നും ഇന്ത്യ വാങ്ങുക . 50 കോടി ഡോളറിന്റെ ഡ്രോണുകളാണ് ഇന്ത്യ വാങ്ങുന്നത്. 35,000 അടി ഉയരത്തിൽ വരെ പറന്ന് ആക്രമണം നടത്താനും ഹെറോണിന് കഴിയും.ഇസ്രായേൽ എയ്റോസ്പേസ് ഇൻഡസ്ട്രീസാണ് ഈ ഡ്രോണുകൾ നിർമ്മിക്കുന്നത്.
റഷ്യയുമായുള്ള ആയുധ ഇടപാടിൽ നിന്ന് പിന്മാറണമെന്ന അമേരിക്കയുടെ ഭീഷണികൾക്ക് മുന്നിൽ മുട്ടുമടക്കാതെ റഷ്യയിൽ നിന്ന് വാങ്ങുന്ന എസ് ട്രയംഫിനായി ഇന്ത്യ പണം നൽകി തുടങ്ങി . 6104 കോടി ഇന്ത്യൻ രൂപയാണ് ഇതിനായി നൽകിയത് . അടുത്ത വർഷം ട്രയംഫിന്റെ ആദ്യ യൂണിറ്റ് ഇന്ത്യയിൽ എത്തുമെന്നാണ് വിവരം .
റഷ്യയുമായുള്ള ആയുധക്കരാറിൽ നിന്ന് ഇന്ത്യയെ പിന്തിരിപ്പിക്കാൻ അമേരിക്ക ഏറെ ശ്രമിച്ചിരുന്നു . എന്നാൽ അത്തരം ഭീഷണികൾ മുഖവിലയ്‌ക്കെടുക്കാൻ പോലും ഇന്ത്യ തയ്യാറായില്ല . മൊത്തം ഇടപാടിന്റെ 15 ശതമാനം തുക ഇക്കഴിഞ്ഞ സെപ്റ്റംബറിൽ നൽകുകയും ചെയ്തു . ഉപരോധം ഏർപ്പെടുത്താനുള്ള അമേരിക്കയുടെ എല്ലാ ശ്രമങ്ങളെയും തകർത്ത് എല്ലാ പഴുതും അടച്ച ശേഷമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രയംഫിനായി പണം കൈമാറിയത് .
ഇത് കൂടാതെ ശബ്ദത്തേക്കാൾ നാലു മടങ്ങ് വേഗതയുള്ള ഡെർബി മിസൈൽ,30 വർഷം പൂർത്തിയാക്കുന്ന ഇന്ത്യൻ നാവികസേനയ്‌ക്ക് 24 അന്തർവാഹിനികളും , 18 പരമ്പരാഗത അന്തർവാഹിനികളും , 6 ആണവ അന്തർവാഹിനികളും നിർമ്മിക്കാനും പദ്ധതിയുണ്ട് . 21,000 കോടി രൂപ മുതൽമുടക്കിൽ 111 ഹെലികോപ്ടറുകൾ വാങ്ങാനും പ്രതിരോധ മന്ത്രാലയത്തിലെ ഡിഫൻസ് അക്വിസിഷൻ സമിതി അനുമതി നൽകിയിട്ടുണ്ട്















