സിക്കിം: കനത്ത മഞ്ഞിടിച്ചിലില്‍ സിക്കിമിലെ നാഥുലാ ചുരത്തില്‍ കുടുങ്ങിയവരെ രക്ഷിച്ച് സൈന്യത്തിന്റെ വന്‍രക്ഷാപ്രവര്‍ത്തനം. ഇന്ത്യാ-ചൈനാ അതിര്‍ത്തിയിലെ ഏറെ സുരക്ഷാ പ്രാധാന്യമുള്ള മേഖലയാണ് നാഥുലാ പാസ്സ് എന്ന് വിളിക്കുന്ന നാഥുലാ ചുരം. ഡിസംബര്‍ അവധി ആഘോഷത്തിനായി എത്തിച്ചേര്‍ന്ന വിനോദ സഞ്ചാരികളാണ് കുടുങ്ങിയത്. പലരും മഞ്ഞിടിച്ചിലിന്റെ ഭീതിയിലും രക്ഷപെടാനുള്ള ഓട്ടത്തിലും ഒറ്റപ്പെട്ടുപോയതായും സൈന്യം അറിയിച്ചു.

രക്ഷപെടുത്തിയ എല്ലാവര്‍ക്കും താമസം, ഭക്ഷണം, വൈദ്യസഹായം എന്നിവ നല്ഡകിക്കൊണ്ടിരിക്കുകയാണ്. നിരവധി സ്ത്രീകളും കുട്ടികളും സംഘത്തിലുണ്ട്. നാഥുലാ ചുരത്തിനും സോംഗോക്കുമിടയിലാണ് മഞ്ഞിടിച്ചില്‍ മൂലം മടക്കയാത്രക്കിടെ വിനോദസഞ്ചാരികളുടെ സംഘം കുടുങ്ങിയത്.

ജവഹര്‍ലാല്‍ നെഹ്രു റോഡില്‍ 300നും 400നും ഇടയില്‍ സഞ്ചാരികളാണ് കുടുങ്ങിക്കിടക്കുന്നത്. എന്നാല്‍ ശക്തമായ മഞ്ഞിടിച്ചിലില്‍പെടാതെ രക്ഷിക്കാന്‍ ഇന്ത്യന്‍ സൈന്യത്തിനായെന്ന് സിക്കിം ജില്ലാ മജിസ്‌ട്രേറ്റ് കപില്‍ മീണ അറിയിച്ചു. ഇതോടൊപ്പം 400ലധികം വാഹനങ്ങളും ദേശീയ പാതയില്‍ കുടുങ്ങിക്കിടക്കുകയാണ്. 17-ാം മൈല്‍ എന്ന സ്ഥലത്താണ് നാഥുലാ ചുരം കാണാനെത്തിയവര്‍ മടക്കയാത്രയില്‍ കുടുങ്ങിയത്. അപകടം തിരിച്ചറിഞ്ഞ സൈന്യം ഉടന്‍ വാഹനങ്ങള്‍ തടയുകയും സുരക്ഷിത സ്ഥാനത്തേക്ക് സഞ്ചാരികളെ മാറ്റുകയും ചെയ്തു.
‘ഒറ്റപ്പെട്ടുപോയവരെ 13-ാം മൈലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്. 1500ഓളം പേരെ 17-ാം മൈലിലേക്കും മാറ്റി. 2500 സഞ്ചാരികളേയും 400ലധികം വാഹനങ്ങളും തങ്ങളുടെ സേനാംഗങ്ങള്‍ രക്ഷപെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിക്കഴിഞ്ഞു. അവര്‍ക്കാവശ്യമായ താമസം, ഭക്ഷണം, വൈദ്യ സഹായം എന്നിവ നല്‍കിക്കഴിഞ്ഞു’ സിക്കിം കരസേനയുടെ എഡിജിപി ട്വിറ്റര്‍ സന്ദേശത്തില്‍ കുറിച്ചു.
ദേശീയ പാത കനത്തരീതിയില്‍ മഞ്ഞുവീണ് തടസ്സപെട്ടത് നീക്കം ചെയ്യാന്‍ വിവിധ യന്ത്രസാമഗ്രികളുമായി സൈന്യവും അതിര്‍ത്തി രക്ഷാസേനയും ഹൈവേ അതോറിറ്റിയും പരിശ്രമം തുടരുകയാണ്. കുറഞ്ഞത് രണ്ടു ദിവസമെങ്കിലും വാഹനഗതാഗതം പുന: സ്ഥാപിക്കാന്‍ വേണ്ടിവരുമെന്നാണ് കരുതുന്നത്.















