മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ പീറ്റര്‍ സിഡില്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചു. ന്യൂസിലന്‍ഡിനെതിരെ മെല്‍ബണില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിന്റെ നാലാം ദിനം കളി ആരംഭിക്കുന്നതിന് മുന്‍പായിരുന്നു സിഡില്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്. രണ്ടാം ടെസ്റ്റില്‍ സിഡിലിന് ടീമില്‍ സ്ഥാനം ലഭിച്ചിരുന്നില്ല.
ടെസ്റ്റ് ക്രിക്കറ്റില്‍ ഓസ്‌ട്രേലിയയുടെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരില്‍ പീറ്റര്‍ സിഡില്‍ 13ാം സ്ഥാനത്തുണ്ട്. 67 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 221 വിക്കറ്റാണ് സിഡിലിന്റെ സമ്പാദ്യം. ഈ വര്‍ഷം ആദ്യം നടന്ന ആഷസ് പരമ്പരയിലും സിഡിലിന്റെ പ്രകടനം നിര്‍ണായകമായിരുന്നു.
2008ല്‍ ഇന്ത്യക്കെതിരെയായിരുന്നു സിഡിലിന്റെ അരങ്ങേറ്റം. അരങ്ങേറ്റ മത്സരത്തില്‍ തന്നെ സച്ചിന്‍ ടെണ്ടുല്‍ക്കറെ പുറത്താക്കിയാണ് അദ്ദേഹം ശ്രദ്ധേയനായത്. 2010-11 ല്‍ നടന്ന ആഷസ് പരമ്പരയിലെ തന്റെ ജന്മദിനത്തില്‍ സിഡില്‍ ഹാട്രിക് നേടിയിരുന്നു. ഓസ്‌ട്രേലിയക്ക് വേണ്ടി 22 ഏകദിനങ്ങളും 2 ട്വന്റി20 മത്സരങ്ങളും സിഡില്‍ കളിച്ചിട്ടുണ്ട്.















