ലോക കായികരംഗം-2019

ലോക കായികരംഗത്ത് നിരവധി ഉയര്‍ച്ച താഴ്ചകള്‍ കണ്ട 2019 പടിയിറങ്ങി. 2020ലേക്ക് ലോക കായികരംഗത്തിനൊപ്പം ഇന്ത്യും കുതിക്കുകയാണ്. ലോക കായിക രംഗത്ത് ഏറ്റവും അധികം രാജ്യങ്ങള്‍ കളിക്കുന്ന ഫുട്‌ബോളും ക്രിക്കറ്റും അത്‌ലറ്റിക്‌സും നിരവധി പ്രിതഭകളെ 2019ലും സമ്മാനിച്ചു. വലിയ സമ്പന്ന രാജ്യങ്ങള്‍ക്കൊപ്പം ദരിദ്രരാജ്യങ്ങള്‍ പോലും ലോകചാമ്പ്യന്മാരെ സൃഷ്ടിച്ചു. വിവിധ രാജ്യങ്ങള്‍ കായികരംഗത്തെ നിയമങ്ങളും രാഷ്‌ട്രീയ തീരുമാനങ്ങള്‍ക്കും മുന്നില്‍ മുട്ടുമടക്കി. ലോകം ശ്രദ്ധിച്ച വിവധ കായികമേഖലകളിലൂടെ ഒരു യാത്ര.
കരുത്ത് തെളിയിച്ച് ടീം ഇന്ത്യ
ഇന്ത്യയുടെ പര്യടനങ്ങള്‍ ചര്‍ച്ചയായ വര്‍ഷം. ഓസ്ട്രേലിയേയും വിന്‍ഡീസിനേയും അവരുടെ മണ്ണില്‍ തോല്‍പ്പിച്ച ടീം ഇന്ത്യ നാട്ടില്‍ ദക്ഷിണാഫ്രിക്കയേയും ബംഗ്ലാദേശിനേയും വിന്‍ഡീസിനേയും നിഷ്പ്രഭമാക്കുന്ന പ്രകടനത്തോടെ ലോക ക്രിക്കറ്റിന്റെ തലപ്പത്ത് നില്‍ക്കുന്ന കാഴ്ചയാണ് 2019ല്‍ കണ്ടത്.
ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാല് പരമ്പര ജയം നേടുന്ന ആദ്യ ടീമെന്ന ഖ്യാതി ഇന്ത്യ ഈ വര്‍ഷം കരസ്ഥമാക്കി. ബംഗ്ലാദേശിനെതിരായ പരമ്പര നേടിയതോടെയാണ് ഇന്ത്യ നേട്ടത്തിലെത്തിയത്. അതിന് മുന്‍പ് നടന്ന ദക്ഷിണാഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ 2 ടെസ്റ്റിലും ഇന്നിംഗ്സ് ജയത്തോടെയാണ് ഇന്ത്യ മേധാവിത്വം നേടിയത്.

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പെന്ന സംവിധാനം നിലവില്‍ വന്നവര്‍ഷമാണിത്. ആഷസ് പരമ്പരയോടെയാണ് ചാമ്പ്യന്‍ഷിപ്പിന് തുടക്കമായത്. നിലവില്‍ 360 പോയിന്റുകളുമായി പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത് ടീം ഇന്ത്യയാണ്. രണ്ടാം സ്ഥാനത്തുള്ള ഓസ്‌ട്രേലിയയ്‌ക്ക് 176 പോയിന്റുകള്‍ മാത്രമാണുള്ളത്.
ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകനും നിലപാടുകളില്‍ കാര്‍ക്കശ്യക്കാരനുമായ സൗരവ് ഗാംഗുലി ബിസിസിഐ തലപ്പത്തെത്തിയതോടെ ഇന്ത്യന്‍ ക്രിക്കറ്റില്‍ ഒരു പുതുചരിത്രത്തിന് കൂടിയാണ് പോയം വര്‍ഷം സാക്ഷിയായത്. ഇന്ത്യ ആദ്യമായി പകല്‍ രാത്രി ടെസ്റ്റ് മത്സരത്തിന് വേദിയായി. ഈഡനിലെ പിച്ചില്‍ പിങ്ക് പന്തിനെ ഇന്ത്യമെരുക്കി ജയം സ്വന്തമാക്കി.
ക്രിക്കറ്റിന്റെ ഏത് വകഭേദത്തിലും ഒരുപോലെ മികവു പുലര്‍ത്തുന്ന ടീമാണ് ഇന്ത്യ. ഒരു കാലത്ത് വിദേശ മണ്ണില്‍ പരാജയം മാത്രമായിരുന്ന ടീമില്‍ നിന്ന് വിജയങ്ങള്‍ മാത്രം കൊയ്യുന്ന ടീമായി ഇന്ത്യ മാറുന്ന കാഴ്ചക്കാണ് 2019 സാക്ഷ്യം വഹിച്ചത്. ഏകദിന ലോകകപ്പില്‍ മുത്തമിടാന്‍ കഴിഞ്ഞില്ലെങ്കിലും സെമിയില്‍ എത്താന്‍ ഇന്ത്യക്കായി. ഈ വര്‍ഷം കളിച്ച 8 ടെസ്റ്റ് മത്സരങ്ങളില്‍ 7ലും ഇന്ത്യ വിജയിച്ചപ്പോള്‍ ഒരെണ്ണം സമനിലയിലായി. 28 ഏകദിന മത്സരങ്ങളില്‍ 19ലും വിജയിച്ചു കയറി. കുട്ടിക്ക്രിക്കറ്റില്‍ 16 മത്സരങ്ങള്‍ കളിച്ച ടീം ഇന്ത്യ 9ലും ലക്ഷ്യം കണ്ടു. ബംഗ്ലാദേശിനെതിരെ ആദ്യമായ പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കാനും 2019 ഇന്ത്യക്ക് വേദിയൊരുക്കി.
വിരാട് കോഹ്ലി : ബാറ്റ്സ്മാന്‍മാരിലെ കരുത്തന്‍
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ടെസ്റ്റ് ബാറ്റ്സ്മാന്‍മാരിലെ ഒന്നാം റാങ്ക് നിലനിര്‍ത്തി. 2019 അവസാനിക്കാനിരിക്കെ ഏകദിനത്തിലെ ഒന്നാം സ്ഥാനത്തിന് പിന്നാലെ ടെസ്റ്റിലും ഒന്നാം സ്ഥാനം നിലനിര്‍ത്താന്‍ സാധിച്ചത് കോഹ്ലിക്ക് നേട്ടമാണ്. മുന്‍ ഓസീസ് നായകന്‍ സ്റ്റീവ് സ്മിത്ത് രണ്ടാം റാങ്കില്‍ തന്നെ നില്‍ക്കുന്നു.

അഫ്ഗാനിസ്ഥാനെതിരായ ലോകകപ്പ് മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയ വിരാട് കോഹ്‌ലി് അപൂര്‍വ റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. മുഹമ്മദ് അസ്ഹറുദ്ദീന് ശേഷം ലോകകപ്പില്‍ തുടര്‍ച്ചയായി മൂന്ന് അര്‍ധസെഞ്ച്വറി നേടുന്ന ഇന്ത്യന്‍ നായകന്‍ എന്ന നേട്ടമാണ് കോഹ്‌ലി സ്വന്തമാക്കിയത്. ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ അതിവേഗം 11000 റണ്‍സ് നേടിയ താരമായും കോഹ്ലി മാറിയിരുന്നു.
വിശാഖപട്ടണത്ത് വിരാട് കോഹ്ലി രാജ്യാന്തര ക്രിക്കറ്റില്‍ 400 മത്സരങ്ങള്‍ പൂര്‍ത്തിയാക്കി. 400 മത്സരം പൂര്‍ത്തിയാക്കിയ എട്ടാമത്തെ ഇന്ത്യന്‍ താരമാണ് കോഹ്ലി.ബംഗ്ലാദേശിനെതിരായ ആദ്യ ഡേ-നൈറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു വേണ്ടി ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറി നേടുന്ന നായകനായി കോഹ്‌ലി മാറി.ഇതോടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ ടെസ്റ്റ് സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ നായകനെന്ന റെക്കോര്‍ഡും കോഹ്ലി സ്വന്തമാക്കി. ഓസ്ട്രേലിയക്കു വേണ്ടി 19 സെഞ്ച്വറികള്‍ നേടിയ റിക്കി പോണ്ടിംഗിന്റെ റെക്കോര്‍ഡാണ് തിരുത്തിയെഴുതപ്പെട്ടത്. ദക്ഷിണാഫ്രിക്കക്ക് വേണ്ടി 25 സെഞ്ച്വറികള്‍ നേടിയ ഗ്രെയിം സ്മിത്താണ് ഇനി കോഹ്ലിക്കു മുന്നിലുള്ളത്.അതേസമയം, അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നായകനെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരമെന്ന പോണ്ടിംഗിന്റെ റെക്കോര്‍ഡിനൊപ്പമെത്താനും കോഹ്ലിക്കു സാധിച്ചു. 41 സെഞ്ച്വറികളാണ് ഇരുവരുടെയും അക്കൗണ്ടിലുള്ളത്.
‘ഹിറ്റ്മാന്‍’ രോഹിത് ശര്‍മ്മ തകര്‍ത്താടിയ വര്‍ഷം
ഇന്ത്യന്‍ ഓപ്പണര്‍ രോഹിത് ശര്‍മയാണ് 2019ലെ താരം. നിരവധി റെക്കോര്‍ഡുകളാണ് ഈ വര്‍ഷം ഇന്ത്യയുടെ ഹിറ്റുമാന്‍ സ്വന്തമാക്കിയത്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ഓപ്പണിംഗ് ബാറ്റ്‌സ്മാനെന്ന റെക്കോര്‍ഡുമായാണ് രോഹിത് 2019 അവസാനിപ്പിക്കുന്നത്. മുന്‍ ശ്രീലങ്കന്‍ ഓപ്പണര്‍ സനത് ജയസൂര്യയുടെ പേരിലുണ്ടായിരുന്ന 2387 റണ്‍സെന്ന റെക്കോര്‍ഡാണ് രോഹിത് മറികടന്നത്. നിലവില്‍ 2442 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം.

2019ല്‍ മാത്രം 7 സെഞ്ച്വറികള്‍ സ്വന്തമാക്കിയ രോഹിത് ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടുന്ന രണ്ടാമത്തെ താരമായി മാറി.ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 9 സെഞ്ച്വറികള്‍ നേടിയ സച്ചിന്‍ ടെണ്ടുല്‍ക്കറാണ് (1998) രോഹിത്തിന് മുന്നിലുള്ളത്.2019ല്‍ ടെസ്റ്റിലെ 3 സെഞ്ച്വറികള്‍ ഉള്‍പ്പെടെ ആകെ 10 സെഞ്ച്വറികള്‍ നേടിയ രോഹിത് തന്നെയാണ് ഈ വര്‍ഷം ഏറ്റവും കൂടുതല്‍ സെഞ്ച്വറികള്‍ നേടിയ താരം.ഇതിനു പുറമെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുമായി നടത്തിയ ഇഞ്ചോിഞ്ച് പോരാട്ടത്തിനൊടുവില്‍ 2019ല്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന രണ്ടാമത്തെ താരം എന്ന റെക്കോര്‍ഡും രോഹിത് സ്വന്തമാക്കി. 2455 റണ്‍സാണ് കോഹ്ലി ഈ വര്‍ഷം നേടിയത്. രോഹിത് 2442 റ്്ണ്‍സുമായി തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ്.
കഴിഞ്ഞ ഏഴ് വര്‍ഷങ്ങളില്‍ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്‌കോര്‍ നേടിയ ഇന്ത്യക്കാരന്‍ എന്ന റെക്കോര്‍ഡും ഈ വര്‍ഷം രോഹിത്തിനെ തേടിയെത്തി. 2013ല്‍ ആരംഭിച്ച രോഹിത്തിന്റെ സ്ഥിരതയാര്‍ന്ന പ്രകടനം കൂടുതല്‍ മെച്ചപ്പെടുന്ന കാഴ്ചയാണ് കാണാന്‍ സാധിക്കുന്നത്. 2013ല്‍ 209, 264 (2014), 150 (2015), 171* (2016), 208* (2017), 162 (2018), 159 (2019) എന്നിങ്ങനെയായിരുന്നു രോഹിത്തിന്റെ പ്രകടനം.
മഹേന്ദ്ര സിംഗ് ധോണിയിലെ ‘അവ്യക്തത’
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നായകനും ഫിനിഷറുമായ മഹേന്ദ്ര സിംഗ് ധോണി ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വര്‍ഷമായിരുന്നു 2019. ലോകകപ്പ് സെമി ഫൈനലിലെ അദ്ദേഹത്തിന്റെ റണ്‍ ഔട്ടും പിന്നീടുണ്ടായ അസാന്നിദ്ധ്യവും ക്രിക്കറ്റ് ലോകത്തെ ചൂടുപിടിച്ച ചര്‍ച്ചയായി തുടരുകയാണ്.

കളിക്കളത്തില്‍ നിന്നും അവധി എടുത്ത് സൈന്യത്തോടൊപ്പം പരിശീലനത്തില്‍ ഏര്‍പ്പെട്ട ധോണി വീണ്ടും ക്രിക്കറ്റില്‍ സജീവമാകാന്‍ ഒരുങ്ങുന്നു എന്ന ശുഭ വാര്‍ത്തയോടെയാണ് 2019 പടിയിറങ്ങുന്നത്. ഇതിനിടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ 15 വര്‍ഷങ്ങള്‍ എന്ന നാഴികക്കല്ലും ധോണി പിന്നിട്ടു. ധോണി എന്ന നായകനു കീഴില്‍ 2019 ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ഫൈനലില്‍ പ്രവേശിച്ചിരുന്നു.
ഇന്ത്യന്‍ താരങ്ങളെ സംബന്ധിച്ചിടത്തോളം 2019 ഒരു സുവര്‍ണ കാലഘട്ടമായിരുന്നു. നിരവധി താരങ്ങള്‍ തങ്ങളുടെ യഥാര്‍ത്ഥ കഴിവ് തിരിച്ചറിഞ്ഞുള്ള പ്രകടനം നടത്തുകയും റെക്കോര്‍ഡുകള്‍ വാരിക്കൂട്ടുകയും ചെയ്ത ഒരു വര്‍ഷമാണ് കടന്നു പോകുന്നത്.
ഇന്ത്യന്‍ ടീമില്‍ യുവരാജിന് ശേഷം ഓള്‍ റൗണ്ടര്‍ എന്ന സ്ഥാനത്തേക്ക് എന്തുകൊണ്ടും താന്‍ അര്‍ഹനാണെന്ന് തെളിയിച്ച രവീന്ദ്ര ജഡേജയുടെ കരിയറിലെ മികച്ച വര്‍ഷമായിരുന്നു 2019. ലോകകപ്പിലെ തകര്‍പ്പന്‍ ഫീല്‍ഡിംഗുകളും അതിശയിപ്പിച്ച ബാറ്റിംഗ് പ്രകടനങ്ങളുമാണ് ജഡേജയെ ആരാധകര്‍ക്ക് പ്രിയപ്പെട്ടവനാക്കിയത്.
ലോകകപ്പ് സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനോട് പൊരുതാന്‍ പോലും കഴിയാതെ കീഴടങ്ങേണ്ടി വന്ന സാഹചര്യത്തില്‍ ജഡേജ പുറത്തെടുത്ത പ്രകടനത്തെ മാസ്മരികം എന്ന് മാത്രമേ വിശേഷിപ്പിക്കാനാകൂ. 4 വീതം ബൗണ്ടറികളും സിക്‌സറുകളും പറത്തിയ ജഡേജ 59 പന്തില്‍ 77 റണ്‍സ് നേടിയാണ് മടങ്ങിയത്. ഇതിനു പിന്നാലെ കുറഞ്ഞ ടെസ്റ്റ് മത്സരങ്ങളില്‍ നിന്ന് 200 വിക്കറ്റ് നേടുന്ന താരം എന്ന റെക്കോര്‍ഡും ഈ ഇടംകയ്യന്‍ സ്പിന്നര്‍ സ്വന്തമാക്കി. വെറും 44 മത്സരങ്ങളില്‍ നിന്നാണ് ജഡേജ നേട്ടം കൈവരിച്ചത്.
സഞ്ജു സാംസണ്‍ സാക്ഷി
സഞ്ജു സാംസണ്‍ എന്ന പ്രതിഭാധനനായ മലയാളി യുവതാരത്തിന്റെ കാത്തിരിപ്പ് നീണ്ടുപോയ വര്‍ഷം കൂടിയായിരുന്നു 2019. ഇന്ത്യക്കായി രണ്ട് തവണ 16 അംഗ ടീമില്‍ ഇടം നേടിയെങ്കിലും കളിക്കാന്‍ അവസരം ലഭിക്കാതെ പോയ സഞ്ജുവിന്റെ നിരാശ മലയാളികള്‍ ഒന്നടങ്കം ഏറ്റെടുത്ത കാഴ്ചക്കും 2019 സാക്ഷിയായി.

രഞ്ജി ട്രോഫിയിലും ദക്ഷിണാഫ്രിക്കന്‍ എ ടീമിനെതിരെ കാര്യവട്ടത്തും മിന്നുന്ന പ്രകടനം പുറത്തെടുത്തതോടെയാണ് സഞ്ജുവിന് വീണ്ടും ഇന്ത്യന്‍ ടീമിലേക്കുള്ള വഴിയൊരുങ്ങിയത്. തുടര്‍ച്ചയായി ഫോം കണ്ടെത്താനാകാതെ ഋഷഭ് പന്ത് വിഷമിച്ചപ്പോഴും സെലക്ടര്‍മാര്‍ സഞ്ജുവിന് അവസരം നല്‍കിയില്ല.
ജസ്പ്രീത് ബൂമ്ര: അക്രമകാരി ബൗളര്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പേസ് ആക്രമണത്തിന് മൂര്‍ച്ച കൂട്ടിയ താരമാണ് ജസ്പ്രീത് ബൂമ്ര. വാല്‍ഷിനും അംബ്രോസിനും മാല്‍ക്കം മാര്‍ഷലിനും ഒപ്പം ബൂമ്രയുടെ പ്രതിഭയെ താരതമ്യം ചെയ്ത് ക്രിക്കറ്റ് ഇതിഹാസം ബ്രയാന്‍ ലാറ നടത്തിയ പരാമര്‍ശം തന്നെ ഇതിന് ഉദാഹരണമാണ്. ഏത് വിക്കറ്റിലും അസാമാന്യമായ വേഗവും കൃത്യതയും പുറത്തെടുക്കുന്ന ബൂമ്ര മലിംഗക്ക് ശേഷം ലോകം കണ്ട ഏറ്റവും അക്രമകാരിയായ ബൗളറായാണ് വിലയിരുത്തുപ്പെടുന്നത്.
ഋഷഭ് പന്തില്‍ പ്രതീക്ഷയുമായി ടീം ഇന്ത്യ

മഹേന്ദ്ര സിംഗ് ധോണിയുടെ ഒഴിവിലേക്ക് പരിഗണിക്കപ്പെട്ട യുവതാരമാണ് ഋഷഭ് പന്ത്. പ്രതിഭ ഏറെയുള്ള ഈ യുവതാരം ഐപിഎല്ലിലും രഞ്ജി ട്രോഫിയിലും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യന്‍ ടീമില്‍ സ്ഥിരത കണ്ടെത്താന്‍ ബുദ്ധിമുട്ടുന്നുണ്ടെങ്കിലും മികച്ച ഇന്നിംഗ്‌സുകള്‍ പുറത്തെടുക്കാനും പന്തിന് സാധിച്ച വര്‍ഷമാണ് 2019.
അതേസമയം, ഇന്ത്യന്‍ ടീം ഏറെക്കാലമായി അന്വേഷിച്ച ചോദ്യത്തിന് ഉത്തരമെന്നോണമായിരുന്നു ശ്രേയസ് അയ്യരുടെ വരവ്. നാലാം നമ്പറില്‍ കളിക്കാന്‍ ്അനുയോജ്യനാണെന്ന് തെളിയിക്കുന്ന പ്രകടനങ്ങള്‍ കാഴ്ചവെക്കാന്‍ ശ്രേയസിനു കഴിഞ്ഞിരുന്നു.
നാല് വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ക്രിക്കറ്റ് മാമാങ്കത്തിനും ഈ വര്‍ഷം വേദിയായി. ഏറെ പ്രതീക്ഷകളോടെ പോരാട്ടത്തിനിറങ്ങിയ ഇന്ത്യ കപ്പെടുത്തില്ലെങ്കിലും ആദ്യ നാലില്‍ എത്തിയ ശേഷമാണ് പുറത്തായത്. ക്രിക്കറ്റിന്റെ മെക്കയില്‍ ആതിഥേയരായ ഇംഗ്ലണ്ട് കപ്പുയര്‍ത്തിയെങ്കിലും ആരാധക മനസുകള്‍ കീഴടക്കിയത് ന്യൂസിലന്‍ഡായിരുന്നു. ടീം സ്‌കോറും തുടര്‍ന്ന് നടന്ന സൂപ്പര്‍ ഓവറും സമനിലയായ മത്സരത്തില്‍ ബൗണ്ടറികളുടെ അടിസ്ഥാനത്തില്‍ ജേതാക്കളെ നിശ്ചയിച്ച കളിനിയമവും ഏറെ വിവാദമായി വഴിവച്ചു. ഇതോടെ ഈ നിയമത്തില്‍ മാറ്റം വരുത്താനും ഐസിസി തീരുമാനിച്ചു.
എല്ലാ വര്‍ഷത്തേയും പോലെ ക്രിക്കറ്റ് ആരാധകരെ ആവേശത്തിന്റെ കൊടുമുടിയിലെത്തിച്ച ഐപിഎല്ലും ശ്രദ്ധേയമായിരുന്നു. അവസാന നാലില്‍ മുംബൈ, ചെന്നൈ, ഡല്‍ഹി, ഹൈദരാബാദ് എന്നീ ടീമുകള്‍ സ്ഥാനം പിടിച്ചെങ്കിലും കരുത്തരായ മുംബൈയും ചെന്നൈയുമാണ് കലാശപ്പോരാട്ടത്തില്‍ മാറ്റുരച്ചത്. ആവേശകരമായ മത്സരത്തില്‍ ഒരു റണ്ണിന് ചെന്നൈയെ പരാജയപ്പെടുത്തിയ രോഹിത്തും സംഘവും നാലാം തവണയും കിരീടത്തില്‍ മുത്തമിട്ടു.
കാല്‍പന്തുകളിയുടെ ആരവം
കാല്‍പന്തുകളിയില്‍ ഒന്നിക്കുന്ന ലോകമനസ്സ്: ലോകഫുട്ബോളിലെ ഒരു വര്‍ഷമെന്നാല്‍ അത് ഭൂഖണ്ഡങ്ങളെ മുഴുവന്‍ ചുറ്റിവരാന്‍ ഒരാള്‍ എടുക്കുന്ന സമയമെന്നാണ് തമാശയായിപ്പറയാറ്. എന്നാല്‍ ഒന്നാലോചിച്ചാല്‍ ഫുട്‌ബോള്‍ ആരാധകര്‍ സ്വന്തം ടീമിനൊപ്പം, താരങ്ങള്‍ക്കൊപ്പം ഇങ്ങനെ ലോകം ചുറ്റുന്ന മറ്റേതു കളിയുണ്ട് ?

ഫിഫ എന്ന ഔദ്യോഗിക സംഘടനയുടെ കളികള്‍ മുതല്‍ പ്രാദേശിക ടൂര്‍ണ്ണമെന്റുകള്‍ വരെ ഒരു വര്‍ഷം പന്തുകള്‍ പാറുന്നത് കോടിക്കണക്കിന് ആരാധകമനസ്സുകളിലാണ്.ഫിഫയുടെ കീഴില്‍ 2019 മെയ് മാസത്തില്‍ അണ്ടര്‍-20 ലോകകപ്പായിരുന്നു തുടക്കം. കലാശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് ദക്ഷിണ കൊറിയയെ തകര്‍ത്ത് ഉക്രെയിന്‍ ജേതാക്കളായി.
ജൂലൈയില്‍ നടന്ന വനിത ഫുട്ബോള്‍ ലോകകപ്പില്‍ അമേരിക്കയായിരുന്നു കിരീടം ചൂടിയത്. നെതര്‍ലന്‍ഡ്സിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയാണ് അമേരിക്ക കിരീടം ചൂടിയത്.

നവംബറില്‍ അണ്ടര്‍-17 ലോകകപ്പില്‍ ബ്രസീല്‍ സ്വന്തം തട്ടകത്തില്‍ കിരീടം ചൂടിയതും 2019ല്‍ ലോകം കണ്ടു. മെക്സിക്കോയുമായി നടന്ന വാശിയേറിയ കലാശപ്പോരാട്ടത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മഞ്ഞപ്പട വിജയിച്ചത്.
പോര്‍ച്ചുഗലില്‍ വച്ച് നടന്ന യുവേഫയുടെ നാഷണല്‍ ലീഗില്‍ ആതിഥേയര്‍ തന്നെ മുത്തമിട്ടു. 2018-19 ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ ടോട്ടനത്തെ തകര്‍ത്ത് ലിവര്‍പ്പൂള്‍ കിരീടം ചൂടി. യൂറോപ്പാ ലീഗില്‍ ചെല്‍സിയും ചാമ്പ്യന്മാരായി.

മുന്‍ വര്‍ഷങ്ങളിലേതിനു സമാനമായി ഫുട്ബോള്‍ മൈതാനങ്ങളില്‍ മെസി നിറഞ്ഞു നില്‍ക്കുന്ന കാഴ്ചക്കാണ് 2019 സാക്ഷ്യം വഹിച്ചത്. 6-ാംതവണയും ബാലോണ്‍ ഡി ഓര്‍ പുരസ്‌ക്കാരം, ഗോല്‍ഡന്‍ ഗോള്‍ അവാര്‍ഡ്, യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌ക്കാരവും ലാലീഗാ ബെസ്റ്റ് പ്ലെയര്‍, ഫിഫാ ബെസ്റ്റ് പ്ലെയര്‍ എല്ലാം മെസ്സിയിലേക്കൊതുങ്ങുന്ന കാഴ്ച കണ്ടാണ് 2019 പിന്‍വാങ്ങുന്നത്.

ക്രിസ്ത്യാനോ റൊണാള്‍ഡോ ലോക ഫുട്‌ബോളില്‍ മെസ്സിക്കൊപ്പം നില്‍ക്കുകയാണെങ്കിലും 2019 ക്രിസ്ത്യാനോ റൊണാള്‍ഡോ എന്ന പോര്‍ച്ചുഗല്‍ താരത്തിന്റെ കരിയറിലെ മോശപ്പെട്ട വര്‍ഷങ്ങളില്‍ ഒന്നായാണ് വിലയിരുത്തപ്പെടുന്നത്. സ്ഥിരമായി ഇറ്റാലിയന്‍ ലീഗ് ജേതാക്കളായ യുവന്റസ് ഇത്തവണയും കിരീടം ഉയര്‍ത്തി എന്നതൊഴിച്ചാല്‍ റൊണാള്‍ഡോയുടെ വ്യക്തിഗത പ്രകടനം ശരാശരി മാത്രമായിരുന്നു.

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്
ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കപ്പടിക്കാനും കലിപ്പടക്കാനും പുതിയ കോച്ചിന് കീഴിലെത്തിയ കേരള ബ്ലാസ്റ്റേഴ്‌സിന് ഇത്തവണയും നിരാശയാണ് ഫലം. ഷറ്റോരിയ്‌ക്ക് കീഴില്‍ മികച്ച ടീമായി ബ്ലാസ്റ്റ്‌ഴേസ് ഒരുങ്ങി.

എന്നാല്‍ പരിക്ക് ടീമിന് വില്ലനായി. ടീമിന്റെ നെടുംതൂണായ ജിങ്കനെയും പ്രതിരോധ നിരയിലെ സൂപ്പര്‍താരം ജെയ്‌റോയെയും പരിക്കിനെ തുടര്‍ന്ന് ടീമില്‍ നിന്ന് ഒഴിവാക്കി.
ഉത്തേജക മരുന്നു വിവാദത്തില്‍ കുടുങ്ങി റഷ്യ
ലോക കായിക വേദിയില്‍ അല്‍ഭുത താരങ്ങളെ സമ്മാനിച്ച രാജ്യം ഉത്തേജക മരുന്നു വിവാദത്തില്‍ കുടുങ്ങി ഒറ്റപ്പെട്ട വാര്‍ത്തയോടെയാണ് 2019 വിടവാങ്ങുന്നത്. 2020 ഒളിമ്പിക്സ് അടക്കം അടുത്ത 4 വര്‍ഷത്തേക്ക് കര്‍ശനവിലക്കാണ് റഷ്യ എന്ന രാജ്യത്തിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഇതില്‍ 2022ലെ ബീജിംഗില്‍ നടക്കാനിരിക്കുന്ന ശൈത്യകാല ഒളിമ്പിക്സും ഉള്‍പ്പെടും. 2022ല്‍ ഖത്തറില്‍ നടക്കാനിരിക്കുന്ന ലോകക്കപ്പ് ഫുട്ബോള്‍ മത്സരത്തില്‍ യൂറോപ്പില്‍ നിന്ന് യോഗ്യത ടീമിന് നേടാം. പക്ഷെ രാജ്യത്തിന് വേണ്ടിയല്ലാതെ നിഷ്പക്ഷ ടീമായി കളിക്കേണ്ടിവരും.
ലോകചാമ്പ്യന്‍ പിവി സിന്ധു

പിവി സിന്ധു, ഇന്ത്യന്‍ ബാഡ്മിന്റണ്‍ ചരിത്രത്തില്‍ ഒളിമ്പിക്സ് മെഡലും ലോകചാമ്പ്യന്‍ പട്ടവും സ്വന്തം നാടിന് നേടിത്തന്ന താരമായിമാറിയ ഹൈദരാബാദുകാരി. ഇന്ത്യയുടെ പ്രതിഭകളായിരുന്ന പ്രകാശ് പദുകോണിനും പുല്ലേല ഗോപീചന്ദിനും സൈന നെഹ്വാളിനും സാധിക്കാത്തതാണ് സിന്ധു നേടിയത്. ഇതിനൊപ്പം 2018ല്‍ ലോക ബാഡ്മിന്റണ്‍ സൂപ്പര്‍ സീരീസില്‍ കിരീടം നേടിയതിന്റെ തുടര്‍ച്ചയാണ് 2019ല്‍ സിന്ധു ലോക ചാമ്പ്യന്‍ പട്ടത്തിലൂടെ ഉറപ്പിച്ചു. ലോക ചാമ്പ്യന്‍ഷിപ്പില്‍ 5 മെഡലുകള്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന നേട്ടവും സിന്ധുവിന് സ്വന്തമാണ്. കരിയറില്‍ ഇതുവരെ 15 കിരീടങ്ങള്‍ സിന്ധു നേടിക്കഴിഞ്ഞു.
ഹിമാ ദാസെന്ന പ്രതിഭ

ലോകം മുഴുവന്‍ ഓടിനടന്ന് സ്വര്‍ണ്ണം വാരുന്ന ഒരു താരം ഇന്ത്യക്കുണ്ട്. അസമിന്റെ ഹിമാ ദാസെന്ന വനിതാ കായിക പ്രതിഭ എല്ലാ വിശേഷണങ്ങള്‍ക്കുമപ്പുറത്താണ്. 2019 ജൂലൈ മാസത്തില്‍ 19 ദിവസത്തിനിടെ ഹിമ ഓടി നേടിയത് 5 സ്വര്‍ണ്ണ മെഡലുകളാണ്. 200 മീറ്ററുകളില്‍ 4 സ്വര്‍ണ്ണവും 400 മീറ്ററില്‍ ഒരു സ്വര്‍ണ്ണവും നേടി. നിലവില്‍ 400 മീറ്ററിലെ ദേശീയ ചാമ്പ്യനാണ് ഹിമ.
മാരത്തണില്‍ അത്ഭുതങ്ങളായ രണ്ടു താരങ്ങള്‍

ലോക കായിക രംഗത്ത് മാരത്തണില്‍ അത്ഭുതങ്ങളായ രണ്ടു താരങ്ങളും ട്രാക്കില്‍ ശ്രദ്ധ നേടി. പുരുഷ വിഭാഗത്തില്‍ ലോക റെക്കോഡ് നേട്ടം കൊയ്ത കെനിയയുടെ ഇലുദ് കിപ്ചൂഗെയും വനിതകളില്‍ ബ്രിഗിഡ് കോസെഗീ ലോക റെക്കോഡും സ്വന്തമാക്കി.
ടെന്നീസ് :നദാലും ജോക്കോവിച്ചും പിന്നെ പെയ്‌സും സാനിയയും

റാഫേല്‍ നദാലെന്നാല്‍ പോരാളിയെന്നാണ് മറുപേര്. കാളപ്പോരിന്റെ നാടായ സ്‌പെയിനില്‍ നിന്ന് വന്നതു കൊണ്ടാകാം ചുവപ്പന്‍ ഹാര്‍ഡ് കോര്‍ട്ടിലെ രാജാവെന്നാണ് നദാല്‍ അറിയപ്പെട്ടത്. 2019ലും നദാല്‍ ക്ഷീണമറിയാതെ മുന്നേറുകയാണ്. ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ജ്യോക്കോവിച്ചനോട് തോറ്റു തുടങ്ങിയ സീസണില്‍ ഫ്രഞ്ച് ഓപ്പണ്‍ നേടി തിരിച്ചുവന്നു. ഡോമിനിക്ക് തീമിനെയാണ് തോല്‍പ്പിച്ചത്. എന്നാല്‍ വിംബിള്‍ഡണില്‍ ഫെഡററെന്ന മാസ്റ്റര്‍ പ്ലയറോഡ് തോറ്റു. എന്നാല്‍ യുഎസ് ഓപ്പണും രാജ്യത്തിനായി ഡേവിസ് കപ്പും നേടി റാഫേല്‍ നദാല്‍ ടെന്നീസ് കോര്‍ട്ടിലെ ഇടിമുഴക്കമായി മാറി. ഫെഡറര്‍ ഒരു ഗ്ലാന്‍ഡ്സ്ലാമും നേടാതെ 2019ല്‍ നിരാശനായപ്പോള്‍ ജോക്കോവിച്ച് സീസണിന്റെ തുടക്കത്തില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ നേടിയാണ് തുടങ്ങിയത്.വിംബിള്‍ഡണിലും മുത്തമിട്ട താരം മാഡ്രിഡ് ഓപ്പണും ജപ്പാന്‍ ഓപ്പണും പാരീസ് മാസ്റ്റേഴ്‌സും സ്വന്തമാക്കി ടെന്നീസ് പ്രേമികളുടെ പ്രിയങ്കരനായിമാറി.
വനിതകളില്‍ ഓസ്‌ട്രേലിയയുടെ ആഷ്‌ലീ ബാര്‍ട്ടി, ചെക്‌റിപ്പബ്ലിക്കിന്റെ കരോലിന പ്ലിസ്‌ക്കോവ, ജപ്പാന്റെ നഓമി ഒസാക്ക എന്നിവര്‍ ഒന്നും രണ്ടും മൂന്നും സ്ഥാനത്ത് നില്‍ക്കേയാണ് 2019 വിടവാങ്ങുന്നത്.വിറ്റോവ 7-ാം സ്ഥാനത്തും സെറീനാ വില്യംസ് 10-ാം സ്ഥാനത്തുമായി വനിതകള്‍ ടെന്നീസില്‍ നിറഞ്ഞു നില്‍ക്കുന്നു.
ടെന്നീസില്‍ ഇന്ത്യന്‍ പെണ്‍ കരുത്തായി മാറിയ സാനിയ മിര്‍സ അമ്മയായശേഷം ടെന്നീസ് ക്വാര്‍ട്ടിലേക്ക് മടങ്ങിവരികയാണ്. പുതുവര്‍ഷത്തിലെ ആദ്യമാസത്തില്‍ ഹൊബാര്‍ട്ട് ഇന്റര്‍നാഷണലില്‍ റാക്കറ്റേന്തുമെന്നാണ് സാനിയ തീരുമാനിച്ചിരിക്കുന്നത്. പാക് ക്രിക്കറ്റ്താരം ഷോയബ് മാലിക്കിനെ വിവാഹം കഴിച്ച ഹൈദരാബാദുകാരി അമ്മയാകാന്‍ ഒരുങ്ങിയതോടെ 2017 ഒക്ടോബറിലാണ് ടെന്നീസ് കോര്‍ട്ടില്‍ നിന്ന് അവധിയെടുത്തത്.
മടങ്ങിവരവില്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലും കളിക്കുമെന്ന സാനിയയുടെ തീരുമാനം പുതുവര്‍ഷത്തില്‍ ടെന്നീസ് ആരാധകര്‍ക്ക് ആഹ്ലാദമാകുകയാണ്. നിലവില്‍ ആറു ഗ്രാന്‍സ്ലാം ഡബിള്‍സ് കിരീടത്തിനുടമയാണ് സാനിയ ഈ വര്‍ഷത്തെ ടോക്കിയോ ഒളിമ്പിക്‌സില്‍ ഇന്ത്യക്കായി മെഡല്‍ നേടാനും തയ്യാറെടുക്കുകയാണ്.
2019ല്‍ ടെന്നീസ് കോര്‍ട്ടില്‍ നിന്ന് വിരമിക്കുന്ന പ്രഖ്യാപനമാണ് ഇന്ത്യയുടെ നിത്യഹരിത നായകന്‍ ലിയാണ്ടര്‍ പെയ്‌സ് നടത്തിയത്. മൂന്നു പതിറ്റാണ്ടിന്റെ കളര്‍ഫുള്ളായ ടെന്നീസ് ജീവിതം. ഡബിള്‍സ് ടെന്നീസില്‍ വനിതാ താരങ്ങളെ കൂട്ടുപിടിച്ച് നടത്തിയ ലോകോത്തര മുന്നേറ്റങ്ങള്‍. ഒളിമ്പിക്‌സ് വേദിയില്‍ കണ്‍നിറഞ്ഞ് ഇന്ത്യന്‍ ദേശീയഗാനം നെഞ്ചിലേറ്റിയ മെഡലടക്കം 66 കിരീടങ്ങള്‍. 1990ല്‍ അര്‍ജ്ജുന പുരസ്‌കാരവും, 1996ല്‍ രാജീവ് ഗാന്ധി ഖേല്‍ രത്‌നയും 2001ല്‍ പദ്മശ്രീയും 2014ല്‍ പദ്മവിഭൂഷണും നല്‍കി രാജ്യം ആദരിച്ചു.
ഇന്ത്യന്‍ ബോക്സിംഗ് രംഗത്തെ ഒരേയൊരു മേരി കോം
ഇന്ത്യന്‍ ബോക്സിംഗ് രംഗത്തെ കരുത്ത് മേരി കോം എതിരാളി നിഖാത് സെറീനെ തോല്‍പ്പിച്ച് ഒളിമ്പിക്സ് യോഗ്യത നേടി. 51 കിലോ ഗ്രാം വിഭാഗത്തിലാണ് തന്നെ വെല്ലുവിളിച്ച നിഖാത് സെറീനെ മേരി കേം വീഴ്‌ത്തിയത്. 9-1 എന്ന വ്യത്യാസത്തിലാണ് മേരി കോമിന്റെ ജയം.

ഒളിമ്പിക്സ് യോഗ്യതാ മത്സരം കളിക്കാതെ നേരിട്ട് മേരികോമിന് അനുമതി നല്‍കുന്നതിനെതിരെ സെറീന്‍ രംഗത്തുവന്നിരുന്നു. തുടര്‍ന്നാണ് 51 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയില്‍ നിന്നുള്ള യോഗ്യതക്കായി മത്സരിക്കാന്‍ തയ്യാറാണെന്ന് മേരി കോം ഫെഡറേഷനെ അറിയിച്ചത്.
ആറു തവണ തുടര്‍ച്ചയായി ലോക ബോക്സിംഗ് ചാമ്പ്യനാണ് മണിപ്പൂരുകാരിയായ മേരീകോം. ഫെബ്രുവരി 3 മുതല്‍ 14 വരെ ചൈനയിലെ വുഹാനിലുള്ള ഏഷ്യാ- ഓഷ്യാനിക് യോഗ്യതാ മത്സരത്തിനായി മേരികോം ഇനി ഇറങ്ങും.
വനിതാ ഹോക്കിയിലെ അക്രമകാരി ലാല്‍റെം സിയാമി
ഇന്ത്യന്‍ ഹോക്കിയുടെ സ്‌ട്രൈക്കര്‍ ലാല്‍റെം സിയാമിയെ അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ മികച്ച കായികതാരമായി തെരഞ്ഞെടുത്തു. അന്താരാഷ്‌ട്രതലത്തില്‍ 2019ലെ മികച്ച മത്സരങ്ങളിലടക്കം നടത്തിയ പ്രകടനമാണ് ലാല്‍റെം സിയാമിയെ ബഹുമതിക്കര്‍ഹയാക്കിയത്. വരാനിരിക്കുന്ന ടോക്കിയോ ഒളിമ്പിക്സിലും ഇന്ത്യന്‍ വനിതാനിര തുടര്‍ച്ചയായി മൂന്നാം വര്‍ഷവും യോഗ്യത നേടിക്കഴിഞ്ഞു.

19 കാരിയായ ലാല്‍റെം സിയാമി മിസോറം സ്വദേശിയാണ്. കഴിഞ്ഞവര്‍ഷം മാത്രമാണ് സീനിയര്‍ വനിതാ ടീമിലേക്ക് എത്തപ്പെട്ടത്. ഈ വര്‍ഷം ഹിരോഷിമയില്‍ നടന്ന അന്താരാഷ്‌ട്ര ഹോക്കി ഫെഡറേഷന്‍ വനിതാ സീരീസ് കിരീടം ഇന്ത്യക്ക് നേടിക്കൊടുത്തതില്‍ സിയാമി നിര്‍ണ്ണായക പങ്കാണ് വഹിച്ചത്.
ആക്രമിച്ച് മുന്നേറുന്ന സട്രൈക്കര്‍ സിയാമി 2019ല്‍ ഇതുവരെ 10 ഗോളുകള്‍ നേടിക്കഴിഞ്ഞു. ഇതില്‍ സപെയിനിനെതിരെ അവരുടെ മണ്ണിലും മലേഷ്യ, കൊറിയ എന്നിവര്‍ക്കെതിരെ നടന്ന മത്സരവും ഉള്‍പ്പെടുന്നു.
ജിന്‍സണില്‍ മനസ്സര്‍പ്പിച്ച് ഇന്ത്യന്‍ കായികരംഗം
ഇന്ത്യന്‍ അത്ലറ്റിക്സിലെ മെഡല്‍ പ്രതീക്ഷയായ മലയാളി താരം ജിന്‍സണ്‍ ജോണ്‍സണ്‍ പരിക്കില്‍ നിന്ന് അതിവേഗം മടങ്ങിവരാനുള്ള പരിശ്രമത്തിലാണ്. നിലവില്‍ മുംബൈയില്‍ ചികിത്സയിലാണ് ദീര്‍ഘദൂര ഇനങ്ങളിലെ താരം. അമേരിക്കയിലെ പരിശീലനത്തിനിടെയാണ് പരിക്കേറ്റത്.

ട്രാക്ക് ആന്റ് ഫീല്‍ഡിലെ 1500,800 മീറ്ററുകളില്‍ ഇന്ത്യന്‍ പ്രതീക്ഷയാണ് ജിന്‍സണ്‍. 2020യില്‍ ടോക്കിയോവില്‍നടക്കുന്ന ഒളിമ്പിക്സിനായുള്ള തയ്യാറെടുപ്പാണ് വൈകുന്നത്. ബര്‍ലിനില്‍ നടന്ന ലോക ചലഞ്ച് മീറ്റില്‍ 1500 മീറ്ററിലെ സ്വന്തം പേരിലുള്ള ദേശീയ റെക്കോഡാണ് തിരുത്തിയ ആത്മവിശ്വാസത്തിലാണ് ജിന്‍സണ്‍. അന്ന് ഒരു സെക്കന്റിന്റെ വളരെ ചെറിയ വ്യത്യസത്തിനാണ് ഒളിമ്പിക്സ് യോഗ്യതാ മാര്‍ക്ക് നഷ്ടപ്പെട്ടത്.
ഇന്ത്യയിലെ യുവത്വം മാറ്റുരക്കുന്ന ഖേലോ ഇന്ത്യക്കായി അസം ഒരുങ്ങി. 2020 ജനുവരി 10 നാണ് മത്സരങ്ങള്‍ ആരംഭിക്കുക. 22 വരെ ഗെയിംസ് തുടരും. രാജ്യം മുഴുവനായി തിരഞ്ഞെടുക്കപ്പെട്ട 10,000 കായികതാരങ്ങള്‍ 451 ഇനങ്ങളില്‍ മത്സരിക്കുമെന്ന് കേന്ദ്ര കായിക മന്ത്രാലയം അറിയിച്ചു. ഗുവാഹട്ടിയിലെ ഇന്ദിരാ ഗാന്ധി അത്ലറ്റിക് സറ്റേഡിയത്തിലാണ് ഗെയിംസ് നടക്കുക.
സ്‌ക്കൂള്‍ കായികമേളയിലെന്നും കേരളം
ദേശീയ സ്‌ക്കൂള്‍ കായിക മേളയില്‍ കേരളം കിരീടം തിരിച്ചുപിടിച്ചു. കടുത്ത തണുപ്പിനെ അതിജീവിച്ച കേരളം 8 സ്വര്‍ണ്ണവും 6 വെള്ളിയും 10 വെങ്കലവുമടക്കമാണ് ചാമ്പ്യന്മാരായത്. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് കേരളം ഓവറോള്‍ ചാമ്പ്യന്മാരാകുന്നത്. 273 പോയിന്റുകളാണ് കേരളം നേടിയത്. രണ്ടാം സ്ഥാനത്തുള്ള മഹാരാഷ്‌ട്രക്ക് 247 പോയിന്റാണ് നേടാനായത്.

പെണ്‍കുട്ടികളിലെ സീനിയര്‍ താരം ആന്‍സി സോജന്റെ നാല് മെഡല്‍ നേട്ടമാണ് കേരളത്തിന് പ്രത്യേകതയായത്. 100, 200 മീറ്ററുകളിലും റിലേയിലും ലോംഗ്ജംപിലും ആന്‍സി സ്വര്‍ണ്ണം കൊയ്തു.
പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ലഭിച്ച മെഡലുകളാണ് കേരളത്തെ രക്ഷിച്ചത്.101 പോയിന്റുകളുമായി പെണ്‍കുട്ടികള്‍ ചാമ്പ്യന്മാരായപ്പോള്‍ ആണ്‍കുട്ടികള്‍ 58 പോയിന്റുകളുമായി രണ്ടാം സ്ഥാനത്തായി
അവസാന ദിനമായ ഇന്ന് 4×400 മീറ്റര്‍ ആണ്‍കുട്ടികളുടെ സ്വര്‍ണ്ണനേട്ടവും പെണ്‍കുട്ടികളുടെ വെള്ളി നേട്ടവും കരുത്തായി. ആദ്യ മൂന്ന് ദിനത്തിലും പ്രതികൂല കാലവസ്ഥ കേരളാ താരങ്ങളെ നന്നായി ബാധിച്ചു. മത്സരിച്ച എല്ലാ ഇനത്തിലും കേരള സബ് ജൂനിയര്‍, ജൂനിയര്‍ താരങ്ങള്‍ പ്രകടനം നടത്താനാകാതെ വിഷമിച്ചതിന്റെ കുറവ് സീനിയര്‍ താരങ്ങളാണ് നികത്തിയത്.















