ന്യൂഡല്‍ഹി: ഇഎസ്പിഎന്‍ ക്രിക്ക് ഇന്‍ഫോയുടെ പതിറ്റാണ്ടിലെ ഏകദിന-ടെസ്റ്റ്-ട്വന്റി20 ടീമുകളെ പ്രഖ്യാപിച്ചു. ഏകദിനത്തിലും ട്വന്റി20യിലും മഹേന്ദ്ര സിംഗ് ധോണി നായകനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ടെസ്റ്റ് ടീമിനെ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി നയിക്കും.
ടെസ്റ്റില്‍ 50 മത്സരങ്ങളും ഏകദിനത്തില്‍ 75 മത്സരങ്ങളും ട്വന്റി20യില്‍ 100 മത്സരങ്ങളും കളിച്ച താരങ്ങളെയാണ് പതിറ്റാണ്ടിന്റെ ടീമിലേക്ക് പരിഗണിച്ചത്. 23 അംഗ വിദഗ്ധ സമിതിയാണ് കളിക്കാരെ തെരഞ്ഞെടുത്തത്.
മൂന്ന് ടീമുകളിലും ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി സ്ഥാനം നേടി. കോഹ്‌ലിക്ക് പുറമെ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്‍ മാത്രമാണ് ടെസ്റ്റ് ടീമില്‍ ഇടം നേടിയ ഇന്ത്യന്‍ താരം. ഇംഗ്ലണ്ടിന്റെ അലിസ്റ്റര്‍ കുക്കും ന്യൂസിലന്‍ഡിന്റെ കെയ്ന്‍ വില്യംസണും ടെസ്റ്റ് ടീമിലുണ്ട്.
ഏകദിന ട്വന്റി20 ടീമുകളില്‍ ധോണിക്കും കോഹ്‌ലിക്കും പുറമെ രോഹിത് ശര്‍മ്മയും ജസ്പ്രീത് ബൂമ്രയും സ്ഥാനം പിടിച്ചു. ക്രിസ് ഗെയ്ല്‍, ഡ്വെയ്ന്‍ ബ്രാവോ, സുനില്‍ നരെയ്ന്‍, കീറോണ്‍ പൊള്ളാഡ്, ആന്ദ്രെ റസല്‍ എന്നിവര്‍ ഏകദിന-ട്വന്റി20 ടീമുകളില്‍ ഇടം നേടി.















