ചെന്നൈ : തമിഴ്നാട്ടിലെ തഞ്ചാവൂർ സുഖോയ് യുദ്ധവിമാനങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്നു .പുനരുജ്ജീവിപ്പിച്ച 222 സ്ക്വാഡ്രണിന്റെ കേന്ദ്രമായാണ് പുതിയ എയർ സ്റ്റേഷൻ ഒരുക്കുന്നത് . ഒരേ സമയം ഒന്നിലധികം കാര്യങ്ങൾ സംയോജിപ്പിച്ച് മുന്നോട്ട് കൊണ്ടു പോകാൻ കഴിയുന്ന സൗകര്യങ്ങളാകും ഈ എയർ സ്റ്റേഷനിൽ ഉണ്ടാകുക . ദക്ഷിണേന്ത്യയിലെ ആദ്യത്തെ യുദ്ധവിമാനത്താവളമാണു തഞ്ചാവൂരിലേത്. സുഖോയ് 30 എംകെഐ യുദ്ധവിമാനങ്ങള്‍ വിന്യസിക്കാനാണ് ഇത് രൂപപ്പെടുത്തിയത് .
ജനുവരി രണ്ടാം വാരത്തിൽ പുതിയ സുഖോയ് സ്ക്വാഡ്രനെ ഇന്ത്യൻ വ്യോമസേനയിൽ ഉൾപ്പെടുത്തുമെന്ന് സൈനിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ ഇന്ത്യൻ വ്യോമസേനാ ദൗത്യങ്ങൾക്ക് വലിയൊരു വഴിത്തിരിവാകുന്നതാണ് പുതിയ നീക്കം .
ബ്രഹ്മോസ്, സുഖോയ്-30 വിമാനങ്ങൾവഴി ഇന്ത്യൻ മഹാസമുദ്രമേഖല മുഴുവനും നിയന്ത്രിക്കാൻ വ്യോമസേനയ്‌ക്കാവും. ദക്ഷിണേന്ത്യയിലും വ്യോമസേനയുടെ കരുതല്‍ എത്തിക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.പൊതുവെ പ്രശ്നരഹിത പ്രദേശം എന്നാണ് ദക്ഷിണേന്ത്യ അറിയപ്പെടുന്നത്. എന്നാല്‍, ഏതെങ്കിലും രീതിയുള്ള സുരക്ഷാ വെല്ലുവിളി ഉയരുകയാണെങ്കില്‍ ഈ മേഖലയെയും പൂര്‍ണമായി നിയന്ത്രണത്തിലാക്കാനാണ് വ്യോമസേന പദ്ധതിയിടുന്നത് .















