കൊച്ചി: പുതുവര്‍ഷത്തിലെ ആദ്യ മത്സരം ആഘോഷമാക്കി കേരള ബ്ലാസ്‌റ്റേഴ്‌സ്. സ്വന്തം കാണികള്‍ക്കു മുന്നില്‍ ഹൈദരാബാദിനെ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്ക് തകര്‍ത്താണ് ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് പുതുവര്‍ഷ സമ്മാനം നല്‍കിയത്.
നായകന്‍ ബര്‍തലോമിയോ ഒഗ്ബച്ചെയുടെ ഇരട്ടഗോളുകളാണ് ബ്ലാസ്റ്റേഴ്‌സിന് മികച്ച മാര്‍ജിനിലുള്ള വിജയം സമ്മാനിച്ചത്. റാഫേല്‍ മെസി ബൗളി, വ്‌ലാട്‌കോ ഡ്രോബറോവ്, സെയ്ത്യാസെന്‍ സിംഗ് എന്നിവരും ബ്ലാസ്‌റ്റേഴ്‌സിനായി വല കുലുക്കി. ബോബോയാണ് ഹൈദരബാദിന്റെ ആശ്വാസ ഗോള്‍ നേടിയത്.
കേരള ബ്ലാസ്‌റ്റേഴ്‌സ് മുന്നേറ്റത്തില്‍ ബര്‍തലോമിയോ ഒഗ്‌ബെച്ചെയും റാഫേല്‍ മെസി ബൗളിയും ഒരുമിച്ചെത്തിയതായിരുന്നു മത്സരത്തിലെ സവിശേഷത. മെസി ബൗളിയും ഒഗ്‌ബെച്ചെയും തുടക്കത്തില്‍ തന്നെ ഹൈദരാബാദ് ഗോള്‍ മുഖത്ത് ആക്രമണം അഴിച്ചു വിട്ടിരുന്നു. എന്നാല്‍ ഒഗ്‌ബെച്ചെയുടെ ഷോട്ട് പുറത്തേക്ക് പോയി. 10ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സിന് കോര്‍ണര്‍ കിട്ടിയെങ്കിലും ഹൈദരാബാദ് പ്രതിരോധം അത് തട്ടിയകറ്റി.
പതിനാലാം മിനിറ്റില്‍ നേടിയ ഗോളിലൂടെ സന്ദര്‍ശകര്‍ മുന്നിലെത്തി. മാഴ്‌സെലീന്യോയുടെ നീക്കത്തില്‍ ബോബോയാണ് ഗോളടിച്ചത്. ഒരു ഗോളിനു പിന്നിലായതോടെ ബ്ലാസ്‌റ്റേഴ്‌സ് തിരിച്ചടിക്കുള്ള ശ്രമങ്ങളാരംഭിച്ചു. 33ാം മിനിറ്റില്‍ ആരാധകര്‍ കാത്തിരുന്ന നിമിഷം പിറന്നു. ഒഗ്‌ബെച്ചെയുടെ ഒന്നാന്തരം നീക്കം കൊച്ചി സ്‌റ്റേഡിയത്തിലെ കാണികള്‍ക്ക് വിരുന്നൊരുക്കി. ഹൈദരാബാദ് പ്രതിരോധത്തെ പിളര്‍ത്തി സുയ് വര്‍ലൂണിന്റെ ത്രൂബോള്‍. ഹൈദരാബാദ് ഗോള്‍ കീപ്പര്‍ കട്ടിമണി പന്ത് ക്ലിയര്‍ ചെയ്യാന്‍ മുന്നിലേക്ക് ഓടിയെങ്കിലും ഒഗ്‌ബെച്ചെ കട്ടിമണിയെ വെട്ടിച്ച് ബോക്‌സിന്റെ ഇടതുഭാഗത്ത് നിന്ന് ഷോട്ട് പായിച്ചു.
ഒപ്പമെത്തിയതോടെ ബ്ലാസ്റ്റേഴ്‌സ് ഉണര്‍ന്നു കളിച്ചു. ആദ്യ ഗോള്‍ നേടി ആറ് മിനിറ്റിനുള്ളില്‍ ബ്ലാസ്‌റ്റേഴ്‌സ് ലീഡ് നേടി. നിങ് സെയ്ത്യാസെന്‍ നീട്ടി നല്‍കിയ ഒന്നാന്തരം ക്രോസാണ് രണ്ടാം ഗോളിന് വഴിയൊരുക്കിയത്. ഡ്രോബറോവിന്റെ ഹെഡര്‍ പോസ്റ്റില്‍ തട്ടി വലയില്‍. മൂന്നാമത്തെ ഗോളിനും അധികം കാത്തിരിക്കേണ്ടിവന്നില്ല. ഹാളീചരണ്‍ നര്‍സാറിയുമായുള്ള നീക്കത്തിനൊടുവില്‍ മെസി ബൗളി വല കുലുക്കി. ആഘോഷത്തോടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യപകുതി അവസാനിപ്പിച്ചത്.
രണ്ടാംപകുതിയിലും ബ്ലാസ്‌റ്റേഴ്‌സ് നിറഞ്ഞാടിയതോടെ ആരാധകര്‍ ആവേശത്തിലായി. ബ്രേക്കിന് ശേഷമുള്ള 10ാം മിനിറ്റില്‍ ബ്ലാസ്‌റ്റേഴ്‌സ് നാലാംഗോളും സ്വന്തമാക്കി. കര്‍ണെയ്‌റോ ഒരുക്കിയ അവസരത്തില്‍ സെയ്ത്യാസെന്‍ തകര്‍പ്പന്‍ ഷോട്ടിലൂടെ ഹൈദരാബാദിന്റെ വല കുലുക്കിയപ്പോള്‍ സ്‌റ്റേഡിയം ഇളകിമറഞ്ഞു. 75-ാം മിനിറ്റില്‍ ഒഗ്‌ബെച്ചെ വീണ്ടും കൊടുങ്കാറ്റായി. ഗോള്‍ കീപ്പര്‍ ടി.പി രെഹ്‌നേഷിന്റെ ലോംഗ്് ബോള്‍ ഏറ്റുവാങ്ങി മുന്നേറിയ മെസി ബൗളി ബോക്‌സില്‍ കടന്ന് ഒഗ്‌ബെച്ചെയ്‌ക്ക് പാസ് നല്‍കി. ബ്ലാസ്‌റ്റേഴ്‌സ് ക്യാപ്റ്റന്‍ തന്റെ രണ്ടാം ഗോളിലൂടെ ബ്ലാസ്‌റ്റേഴ്‌സ് ജയം പൂര്‍ത്തിയാക്കി. ആ ഗോള്‍ ബ്ലാസ്‌റ്റേഴ്‌സിന്റെ 100-ാം ഗോളുമായി.
ജയത്തോടെ 11 കളികളില്‍ 11 പോയിന്റുമായി ബ്ലാസ്‌റ്റേഴ്‌സ് ഏഴാം സ്ഥാനത്തെത്തി. ജനുവരി 12ന് കൊല്‍ക്കത്തയില്‍ എടികെയുമായാണ് ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത കളി.















