ന്യൂഡല്‍ഹി: സംയുക്തസേനാ വിഭാഗം അതിവേഗം ഒരുങ്ങുന്നതായി കരസേനാ മേധാവി ജനറല്‍ നരവാനേ. ഹിമാചലിലും പശ്ചിമ ബംഗാളിലുമായി ഒരുങ്ങുന്നത് 5000 പേരടങ്ങുന്ന 8 സമ്പൂര്‍ണ്ണ സജ്ജമായ സംയുക്ത സേനാ കേന്ദ്രങ്ങളാണ്. സ്വയം പര്യാപ്്തമായ കേന്ദ്രത്തിന്റെ കീഴില്‍ വിമാനങ്ങളും ആത്യാധുനിക വാര്‍ത്താവിനിമയ സംവിധാനവും എഞ്ചിനീയര്‍മാരും തയ്യാറായിക്കൊണ്ടിരിക്കുന്നതായി കരസേനാ മേധാവി ജനറല്‍ മനോജ് മുകുന്ദ് നരവാനേ പറഞ്ഞു.
മൂന്ന് സേനയുടേയും തിരഞ്ഞെടുക്കപ്പെട്ട ആയ്യായിരം പേരാണ് ഒരു യൂണിറ്റിലുണ്ടാവുക. യുദ്ധവിമാനങ്ങളും എഞ്ചിനീയര്‍മാരും കമ്യൂണിക്കേഷന്‍ വിദഗ്ധരുമടങ്ങുന്നതാണ് യൂണിറ്റെന്നും ജനറല്‍ നരവാനേ അറിയിച്ചു. അതിവേഗത്തിലും ശക്തമായും ആക്രമിക്കാനുള്ള ക്ഷമതയുള്ളവര്‍ മാത്രമാണ് സേനയിലുണ്ടാവുക. അതിര്‍ത്തിയിലെ ഒരു യുദ്ധസമാന അന്തരീക്ഷത്തിനെതിരെ കരസേന നീങ്ങുന്നതിന്റെ വേഗതയേക്കാള്‍ പതിന്മടങ്ങില്‍ സംയുക്തസേനയുടെ പുതിയ യൂണിറ്റ് നിശ്ചയിച്ച സ്ഥലത്തെത്തും.
നിലവില്‍ കരസേനയില്‍ 13 ലക്ഷം സൈനികരാണുള്ളത്. ഈ സംവിധാനത്തെയാണ് 5000 പേരുടെ യൂണിറ്റുകളാക്കി പുനസജ്ജീകരണം നടത്തുക. ഒരു യൂണിറ്റ് കരയിലും കടലിലും ആകാശത്തും ഒരു പോലെ പോരാടാന്‍ സ്വയം സജ്ജമായിരിക്കും. അവരുടെ കേന്ദ്രം എല്ലാ ആധുനിക സംവിധാനത്തോടുകൂടിയുള്ളതായിരിക്കും. കരസേനയുടെ നീക്കത്തിന് വേഗതകൂട്ടാന്‍ വിമാനസംവിധാനം അതാത് യൂണിറ്റിന് സ്വന്തമാകുന്നതോടെ കാര്യങ്ങള്‍ അതിവേഗമാണ് നീങ്ങുക.
നിലവില്‍ 14 യൂണിറ്റുകളായി 40,000 മുതല്‍ 60,000 വരെയുള്ള കരസേനാ യൂണിറ്റുകളെ സംയുക്തസേനാ സംവിധാനവുമായി കൂട്ടിയിണക്കാനുള്ള തയ്യാറെടുപ്പ് നടന്നു വരികയാണെന്നും നരവാനേ അറിയിച്ചു. കരസേനയില്‍ നിലവില്‍ ബ്രിഗേഡിയര്‍മാരുടെ കീഴിലുള്ള 3000 പേരുടെ യൂണിറ്റും അതില്‍ക്കൂടുതലുള്ള ഡിവിഷനുകളില്‍ 12000 സൈനികരുമാണുള്ളത്. എന്നാല്‍ സംയുക്തസേനാ വിഭാഗം യൂണിറ്റ് 5000 പേരുടേതിന്റെ പൂര്‍ണ്ണ ചുമതലകള്‍ മേജര്‍ ജനറല്‍മാര്‍ക്കായിരിക്കുമെന്നും നരവാനേ പറഞ്ഞു.
ഭൂപ്രകൃതി, ഭീഷണി സാധ്യതകള്‍ എന്നിവ അനുസരിച്ചാണ് സൈനിക വിഭാഗത്തിന്റെ സജ്ജീകരണം നടത്തുക. ഹിമാചല്‍ പ്രദേശിലെ യോള്‍ സൈനിക കേന്ദ്രത്തിലെ 9-ാം കോര്‍പ്‌സ് വിഭാഗം, പശ്ചിമ ബംഗാളിലെ മലനിരയായ പനഗഡ് കേന്ദ്രമായ 17-ാം കോര്‍പ്‌സ് വിഭാഗം, വടക്കന്‍ ബംഗാളിലെ സുക്‌നയിലെ 33-ാം കോര്‍പ്‌സ് വിഭാഗം എന്നിവയുടെ കീഴിലായി 8 സംയുക്ത സേനാ വിഭാഗം തയ്യാറാവുകയാണ്. ജൂണ്‍ മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ച് മൂന്ന് വര്‍ഷത്തിനുള്ളില്‍ പൂര്‍ണ്ണസജ്ജമാക്കലാണ് ലക്ഷ്യമെന്നും ജനറല്‍ നരവാനേ പറഞ്ഞു.















