റോം: ഇറ്റാലിയന്‍ ഇതിഹാസ താരം ഡാനിയേല്‍ ഡി റോസി പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു. 19 വര്‍ഷം നീണ്ടു നിന്ന ഫുട്‌ബോള്‍ കരിയറിനാണ് 36 വയസുകാരനായ റോസി അവസാനമിട്ടത്. പരിക്ക് കാരണം ക്ലബ്ബില്‍ അവസരങ്ങള്‍ കുറഞ്ഞതോടെയാണ് കളി അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. നിലവില്‍ അര്‍ജന്റീനന്‍ ക്ലബായ ബോക ജൂനിയേഴ്‌സിന്റെ താരമായിരുന്നു അദ്ദേഹം.
18 വര്‍ഷത്തോളം ഇറ്റാലിയന്‍ ക്ലബ് റോമയ്‌ക്ക് വേണ്ടിയാണ് റോസി കളിച്ചത്. 2000ല്‍ ഒസ്റ്റിയ മരിയില്‍ നിന്നാണ് റോസി റോമയിലേക്ക് കൂടുമാറിയത്. ടീമിനായി 18 സീസണുകളിലായി 616 മത്സരങ്ങളില്‍ താരം കളിച്ചു. 63 ഗോളുകളും അദ്ദേഹം നേടി.
2006ല്‍ ലോകകപ്പ് നേടിയ ഇറ്റലിയുടെ പ്രധാന താരമായിരുന്നു ഡി റോസി. 117 മത്സരങ്ങളില്‍ ഇറ്റലിക്കു വേണ്ടിയും ഡി റോസി ജഴ്‌സിയണിഞ്ഞു. 2019-2020 സീസണില്‍ ബോക്കയില്‍ എത്തിയ താരം ആദ്യ മത്സരത്തില്‍ തന്നെ ഗോള്‍ നേടിയിരുന്നു. എന്നാല്‍ ആറു മത്സരങ്ങള്‍ കൂടി കളിക്കാന്‍ മാത്രമാണ് താരത്തിന് അവസരം ലഭിച്ചത്.















