ഏകദിന പരമ്പരയ്‌ക്കായി ഓസ്ട്രേലിയൻ ടീം ഇന്ത്യയിലേക്കെത്തുന്നത് മുഖ്യ പരിശീലകനില്ലാതെ. ക്രിക്കറ്റിൽ നിന്ന് ചെറിയ വിശ്രമമെടുക്കാൻ ഓസിസ് പരിശീലകൻ ജസ്റ്റിൻ ലാംഗർ തീരുമാനിച്ചതിനാലാണ് മുഖ്യ പരിശീലകനില്ലാതെ ടീം ഇന്ത്യയിലേക്കെത്തുന്നത്. ലാംഗറിന് പകരം ഓസ്ട്രേലിയയുടെ സീനിയർ സഹപരിശീലകൻ ആൻഡ്രു മക്ഡൊണാൾഡിനാണ് ചുമതല.
കഴിഞ്ഞ കുറച്ച് നാളുകളായി ക്രിക്കറ്റ് തിരക്കുകളിലായതിനാൽ രണ്ടാഴ്ചത്തേക്ക് ടീമിൽ നിന്ന് വിശ്രമമെടുക്കാൻ ലാംഗർ തീരുമാനിക്കുകയായിരുന്നു. അതേസമയം, പരിശീലക ചുമതലയേൽകുന്ന മക്ഡോണാൾഡ് ഇതാദ്യമായാണ് ടീമിന്റെ മുഖ്യ പരിശീലകന്റെ ദൗത്യം ഏറ്റെടുക്കുന്നത്.
ഇന്ത്യ ഓസിസ് പരമ്പരയിൽ മൂന്ന് ഏകദിനങ്ങളാണുള്ളത്. ജനുവരി പതിനാലിന് മുംബൈയിലാണ് ആദ്യ ഏകദിനം നടക്കുക. രണ്ടാം ഏകദിനം ജനുവരി 17 ന് രാജ്കോട്ടിലും മൂന്നാം ഏകദിനം 19 ന് ബംഗളൂരുവിലും നടക്കും.
പാകിസ്ഥാനെതിരെയും, ന്യൂസിലൻഡിനെതിരെ യും നടന്ന ടെസ്റ്റ് പരമ്പരകളിൽ ജസ്റ്റിൻ ലാംഗറിന്റെ പരിശീലനത്തിന് കീഴിൽ സമ്പൂർണ വിജയമായിരുന്നു ഓസ്ട്രേലിയ നേടിയത്.















