ക്വലാലംപൂര്‍: ഇന്ത്യന്‍ വനിതകള്‍ പ്രതീക്ഷയോടെ മുന്നേറുമ്പോള്‍ പുരുഷ താരങ്ങള്‍ നിരാശസമ്മാനിക്കുന്ന കാഴ്ചയാണ് മലേഷ്യന്‍ മാസ്റ്റേഴ്സ് ബാഡ്മിന്റണില്‍ കാണുന്നത്. ഇന്നലെ നടന്ന പുരുഷ സിംഗിള്‍സില്‍ എച്ച്. എസ്. പ്രണോയ്, സമീര്‍ വെര്‍മ എന്നിവര്‍ തോറ്റു. കിഡംബി ശ്രീകാന്ത്, കശ്യപ്, സായ് പ്രണീത് എന്നിവര്‍ക്ക് പുറകേയാണ് ഇരുവര്‍ക്കും തോല്വിപിണഞ്ഞിരിക്കുന്നത്.
എച്ച്. എസ്. പ്രണോയ് 14-21, 16-21 എന്ന നിലയില്‍ ജപ്പാന്റെ ലോക ഒന്നാം നമ്പര്‍ താരം കെന്റോ മൊമോട്ടോയോട് തോറ്റു. 45 മിനിറ്റുകള്‍ക്കുള്ളില്‍ ജപ്പാന് താരം കളി സ്വന്തമാക്കി. നിലവില്‍ ലോക റാങ്കിങ്ങില്‍ പ്രണോയ് 24-ാം സ്ഥാനത്താണ്.
രണ്ടാം മത്സരത്തില്‍ സമീര്‍ വെര്‍മ 19-21, 20-22 ന് മലേഷ്യയുടെ ലീ സീ ജിയയോട് രണ്ടാം റൗണ്ടില്‍ തോറ്റു. 19-21, 20-22നാണ് ശക്തമായ പോരാട്ടത്തിനൊടുവില്‍ സമീര്‍ കീഴടങ്ങിയത്. കഴിഞ്ഞ ദിവസം മെഡല്‍ പ്രതീക്ഷയായിരുന്ന കിഡംബി ശ്രീകാന്ത്, കശ്യപ്, സായ് പ്രണീത് എന്നിവര്‍ ആദ്യ റൗണ്ടുകളില്‍ പുറത്തായിരുന്നു.