ബംഗളൂരു: മാന്യന്‍മാരുടെ കളി എന്നാണ് കായിക ലോകത്ത് ക്രിക്കറ്റ് അറിയപ്പെടുന്നത്. മാന്യന്‍മാരുടെ കളിയിലെ ഏറ്റവും മാന്യനായ, മഹാനായ കളിക്കാരന്‍ രാഹുല്‍ ദ്രാവിഡിന്, ക്രിക്കറ്റിലെ വന്‍മതിലിന് ഇന്ന് 47ാം ജന്മദിനം. ബിസിസിഐയും മുന്‍ താരങ്ങളും നിലവില്‍ ക്രിക്കറ്റില്‍ സജീവമായ കളിക്കാരുമെല്ലാം തന്നെ ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസത്തിന് ആശംസകള്‍ നേര്‍ന്നു.
ഇന്ത്യന്‍ ടീം പ്രതിസന്ധികള്‍ നേരിട്ട സമയങ്ങളിലെല്ലാം ടീമംഗങ്ങള്‍ക്കും ആരാധകര്‍ക്കും ഒരു പോലെ ആശ്വാസം നല്‍കുന്ന പേരായിരുന്നു രാഹുല്‍ ദ്രാവിഡ്. പലപ്പോഴും സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഉള്‍പ്പെടെ അടിതെറ്റിയപ്പോഴും ഗാംഗുലിയും ലക്ഷ്മണും പതറിയപ്പോഴും രക്ഷകനായത് ദ്രാവിഡായിരുന്നു. ക്ഷമയുടെ പര്യായമെന്നും ഇതിഹാസ താരമെന്നുമെല്ലാം വിശേഷണങ്ങളുണ്ടെങ്കിലും കളിക്കളത്തിനകത്തും പുറത്തും ദ്രാവിഡെന്ന മനുഷ്യന്‍ വ്യത്യസ്തനായിരുന്നു.
ടെസ്റ്റ് ക്രിക്കറ്റില്‍, ഏത് രാജ്യത്തും ഏത് പ്രതികൂല സാഹചര്യങ്ങളിലും കുലുങ്ങാത്ത പ്രതിഭാധനനായ കളിക്കാരനായിരുന്നു അദ്ദേഹം. ഇന്ത്യന്‍ ടീം ജന്മം നല്‍കിയ മികച്ച മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍, സ്ലിപ്പിലെ വിശ്വസ്തന്‍, മികച്ച വിക്കറ്റ് കീപ്പര്‍മാരില്‍ ഒരാള്‍. അങ്ങനെ ദ്രാവിഡ് തന്റെ ടീമിനു വേണ്ടി ചെയ്യാന്‍ ഒന്നും ബാക്കി വെക്കാതെയാണ് പടിയിറങ്ങിയത്. നായകനെന്ന നിലയിലും മികച്ച റെക്കോര്‍ഡുകളാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.
ഏത് പൊസിഷനിലും കളിക്കാന്‍ അനുയോജ്യനാണ് താനെന്ന് എത്രയോ തവണ അദ്ദേഹം തെളിയിച്ചിരുന്നു. ടെസ്റ്റിലും ഏകദിനത്തിലും 10,000 റണ്‍സിനു മുകളില്‍ നേടിയിട്ടുള്ള അപൂര്‍വ്വം താരങ്ങളിലൊരാളാണ് ദ്രാവിഡ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പന്തുകള്‍ നേരിട്ടതിന്റെ റെക്കോര്‍ഡും അദ്ദേഹത്തിന്റെ പേരിലാണ്.
ഇന്ത്യക്കു വേണ്ടി 164 ടെസ്റ്റ് മത്സരങ്ങളാണ് ദ്രാവിഡ് കളിച്ചത്. ഇതില്‍ 52.31 ശരാശരിയില്‍ 36 സെഞ്ച്വറികളുള്‍പ്പെടെ 13,288 റണ്‍സാണ് ദ്രാവിഡിന്റെ സമ്പാദ്യം. 344 അകദിനങ്ങളില്‍ നിന്നും 10,889 റണ്‍സും അദ്ദേഹം നേടിയിട്ടുണ്ട്. ഇതില്‍ 12 സെഞ്ച്വറികളും 83 അര്‍ദ്ധ സെഞ്ച്വറികളുമുള്‍പ്പടുന്നു. ഒരേയൊരു ട്വന്റി20 മത്സരത്തില്‍ മാത്രമേ അദ്ദേഹം നീലക്കുപ്പായമണിഞ്ഞിട്ടുള്ളൂ. 31 റണ്‍സാണ് അദ്ദേഹം അന്ന് നേടിയത്. അപൂര്‍വമായി മാത്രം ബൗള്‍ ചെയ്യാറുള്ള അദ്ദേഹം ഏകദിനത്തില്‍ നാല് വിക്കറ്റുകളും ടെസ്റ്റില്‍ ഒരു വിക്കറ്റും സ്വന്തമാക്കിയിട്ടുണ്ട്.















