ന്യൂഡല്‍ഹി: ഇന്ത്യ-ശ്രീലങ്ക ട്വന്റി20 പരമ്പരയില്‍ ഏറെ ആഘോഷിക്കപ്പെട്ടത് പേസര്‍ ജസ്പ്രീത് ബൂമ്രയുടെ മടങ്ങി വരവാണെന്നതില്‍ തര്‍ക്കമില്ല. നായകന്‍ വിരാട് കോഹ്‌ലിയുടെ ഫോമും ശിഖാര്‍ ധവാന്‍ ഒപ്പണിംഗ് സ്ഥാനത്ത് തിരിച്ചെത്തിയതുമെല്ലാം പതിവുപോലെ വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. എന്നാല്‍ പരമ്പര അവസാനിച്ചപ്പോള്‍ ഇന്ത്യക്ക് ലഭിച്ചത് രണ്ട് സര്‍പ്രൈസ് താരങ്ങളെയാണ്.
പരമ്പരയിലെ രണ്ട് മത്സരങ്ങളിലും തകര്‍പ്പന്‍ പ്രകടനം നടത്തിയ യുവ പേസ് ബൗളര്‍ നവ്ദീപ് സെയ്‌നിയാണ് ടൂര്‍ണമെന്റിലെ താരമായി തെരഞ്ഞെടുക്കപ്പെട്ടത്. എന്നാല്‍ നിര്‍ണായകമായ അവസാന ട്വന്റി20യില്‍ ഓള്‍ റൗണ്ട് പ്രകടനം കാഴ്ചവെച്ച ശര്‍ദുല്‍ താക്കൂര്‍ കളിയിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
രണ്ട് മത്സരങ്ങളില്‍ നിന്നും രണ്ട് വിക്കറ്റുകള്‍ മാത്രമാണ് ജസ്പ്രീത് ബൂമ്രക്ക് നേടാനായതെങ്കില്‍ സെയ്‌നിയും താക്കൂറും അഞ്ച് വിക്കറ്റുകള്‍ വീതമാണ് സ്വന്തം പേരില്‍ എഴുതിച്ചേര്‍ത്തത്. തന്റെ ആദ്യ മത്സരത്തില്‍ തന്നെ മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി സെയ്‌നി നേരത്തെ തന്നെ വരവ് അറിയിച്ചിരുന്നു. അതേസമയം, ശര്‍ദുല്‍ താക്കൂര്‍ മികച്ച ബൗളിംഗ് പ്രകടനത്തിനൊപ്പം ബാറ്റുകൊണ്ടും അത്ഭുതപ്പെടുത്തുകയാണ്.
നേരത്തെ വെസ്റ്റ് ഇന്‍ഡീസിനെതിരെ 316 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്നപ്പോള്‍ ആറ് പന്തില്‍ നിന്നും 17 റണ്‍സെടുത്ത താക്കൂറിന്റെ പ്രകടനമായിരുന്നു നിര്‍ണായകമായത്. ശ്രീലങ്കക്കെതിരായ മത്സരത്തില്‍ എട്ട് പന്തില്‍ നിന്നും 22 റണ്‍സെടുത്ത താക്കൂര്‍ തനിക്ക് മികച്ച ഫിനിഷറുടെ റോളും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ്. വെറും ബാക്കപ്പ് താരങ്ങളായി പരിഗണിക്കപ്പെട്ടിരുന്ന തങ്ങളും ടീമില്‍ സ്ഥിരം സ്ഥാനം അര്‍ഹിക്കുന്നവരാണെന്ന ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഇരുവരും ഈ പരമ്പരയിലൂടെ നല്‍കിയത്.















