ജിദ്ദ : പെനാല്‍റ്റി ഷൂട്ടൗട്ടില്‍ അത്‌ലറ്റികോയെ 4-1ന് തകര്‍ത്ത് റയല്‍ മാഡ്രിഡ് സീസണിലെ ആദ്യ കിരീടം ചൂടി. റയലിന്റെ ഗോളി തൂബൗട്ട് കോര്‍ട്ടോയിസിന്റെ കരുത്തുറ്റ കൈകള്‍ ചിറകെട്ടിയതോടെയാണ് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഗോളടിക്കാനാകാതെ അത്‌ലറ്റികോ വിഷമിച്ചു പോയത്. 11-ാമത് സൂപ്പര്‍കപ്പാണ് റയല്‍ മാഡ്രിഡ് നേടിയത്. സൂപ്പര്‍ കപ്പില്‍ ആദ്യമായി അത്‌ലറ്റികോയെ തോല്‍പ്പിച്ചുകൊണ്ടാണ് റയല്‍ വിജയകിരീടം ചൂടിയത്.
കളിയുടെ 115-ാം മിനിറ്റില്‍ അല്‍വാറോ മൊറാട്ടോയെ ഫൗള്‍ ചെയ്തതിന് റയലിന്റെ ഫ്രെഡറികോ വാല്‍വാര്‍ദേക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തു പോകേണ്ടിവന്നു. എന്നാല്‍ 120 മിനിറ്റിലും ഗോള്‍ പിറക്കാതായതോടെ പെനാല്‍റ്റി ഷൂട്ടൗട്ടിനുള്ള വഴിതുറന്നു.

കാര്‍വാജാല്‍ റയലിന് വേണ്ടി ആദ്യ പെനാല്‍റ്റി വലയിലെത്തിച്ചപ്പോള്‍ അത്‌ലറ്റികോക്ക് വേണ്ടി സൗളിന്റെ ശ്രമം ഗോള്‍ പോസ്റ്റില്‍ തട്ടിതെറിച്ചു. അത്‌ലറ്റിക്കോയുടെ തോമസിന്റെ ഗോള്‍ റയല്ഡ ഗോളി തൂബൗട്ട് വലതുവശത്തേക്ക് പറന്ന് തടുത്തതോടെ റയല്‍ വിജയാഹ്ലാദം തുടങ്ങിയിരുന്നു. റാമോസിന്റെ കിക്ക് വലയിലെത്തിയതോടെ റയല്‍ ആരാധകര്‍ ആര്‍ത്തുവിളിച്ചു. കളി 4-1ന് നേടി റയല്‍ കിരീടം ഉറപ്പിച്ചു.
ഫെഡറിക് വാല്‍വാര്‍ദേക്ക് ചുവപ്പ്കാര്‍ഡ് കണ്ട മത്സരത്തില്‍ അധികസമയമടക്കം 120 മിനിറ്റിലും ഇരുടീമുകളും ഗോളടിക്കാതെ തീരുമാനം പെനാല്‍റ്റിയിലേക്ക് നീങ്ങുകയായിരുന്നു. റയലിന്റെ പരിശീലകനായ സിനദിന്‍ സിദാന്റേയും അത്‌ലറ്റികോയുടെ സിമിയോണിയുടേയും തന്ത്രങ്ങള്‍ പക്ഷെ ഗോളായി മാറിയില്ല. ഇരുടീമുകളും ഇതുവരെ 223 തവണ ഏറ്റുമുട്ടിയതില്‍ 111 കളിയില്‍ ജയിച്ച് റയല്‍ മുന്നിട്ടു നില്‍ക്കുകയാണ്.















