ന്യൂഡല്‍ഹി: രാജ്യത്തിന്റെ എഴുപത്തിയൊന്നാമത് റിപ്പബ്ലിക് പരേഡിന്റെ മാറ്റ് കൂട്ടാന്‍ വ്യോമസേനയുടെ യുദ്ധമുഖ മുന്നണി പോരാളി അപ്പാഷെ. രാജ്യത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് റിപ്പബ്ലിക് പരേഡില്‍ അപ്പാഷെയും ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകളും രാജ് പഥില്‍ നടക്കുന്ന ഫ്ളൈപാസ്റ്റില്‍ അണിനിരക്കുന്നത്. ഇത്തവണത്തെ റിപ്പബ്ലിക് ദിനത്തില്‍ പ്രത്യേക അതിഥിയായി ബ്രസിലിയന്‍ പ്രസിഡന്റ് ജെയര്‍ ബോള്‍സോനാരോ പങ്കെടുക്കും.
വ്യോമസേനയുടെ ഫ്ളൈപാസ്റ്റിന്റെ സൂചന നല്‍കികൊണ്ട് അമ്പടയാളത്തില്‍ അഞ്ച് അപ്പാഷെ ഹെലിക്കോപ്റ്ററുകള്‍ ആദ്യം പറക്കും. തൊട്ട് പിന്നാലെ ചിനൂക്ക് ഹെവി ലിഫ്റ്റ് ഹെലികോപ്റ്ററുകളും അണിനിരക്കും. പതിനാറു യുദ്ധ വിമാനങ്ങള്‍, 19 ഹെലിക്കോപ്റ്ററുകള്‍ ഉള്‍പ്പെടെ 41 വിമാനങ്ങളാണ് ഇത്തവണത്തെ ഫ്ളൈ പാസ്റ്റില്‍ പങ്കെടുക്കുക. ഇതിലെ ഏറ്റവും പ്രധാന ആകര്‍ഷണം അപ്പാഷെ തന്നെയായിരിക്കും.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് അമേരിക്കയുടെ യുദ്ധമുഖത്തെ മുന്നണി പോരാളി അപ്പാഷെ ഇന്ത്യന്‍ വ്യോമസേനയ്ക്ക് സ്വന്തമായത്. ഫ്ളൈയിങ് ടാങ്കറുകള്‍ എന്ന് വിശേഷിപ്പിക്കുന്ന അപ്പാഷെ എ.എച്ച് 64E ഹെലികോപ്റ്ററുകളില്‍ എയര്‍ ടു എയര്‍ മിസൈലുകള്‍ ഘടിപ്പിച്ചവയാണ്. രണ്ട് പൈലറ്റ്മാര്‍ പ്രവര്‍ത്തിപ്പിക്കുന്ന ഇരട്ട എന്ജിന് ഹെലികോപ്റ്ററാണ് ഇത്. ലോകത്തിലെ ഏറ്റവും നൂതനമായ ഹെലികോപ്റ്ററായാണ് അപ്പാഷെയെ കണക്കാക്കുന്നത്. 1991-ല്‍ യുഎസും ഇറാഖും തമ്മിലുള്ള ഗള്‍ഫ് യുദ്ധത്തിലും പിന്നീട് അഫ്ഗാനിസ്ഥാന് ദൗത്യങ്ങളിലും അമേരിക്കയുടെ കരുത്തായിരുന്നു അപ്പാഷെ.
വിങ് കമാന്‍ഡര്‍ വിപുല്‍ ഗോയലാണ് റിപ്പബ്ലിക് ദിന പരേഡിലെ ഇന്റര്‍ സര്‍വീസ് ഗാര്‍ഡിന് നേതൃത്വം നല്‍കുക. 144 വ്യോമസേന അംഗങ്ങളും നാല് ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘമാണ് പരേഡില്‍ അണിനിരക്കുക. ഫ്ളൈറ്റ് ലഫ്റ്റനന്റ് ശ്രീകാന്ത് ശര്‍മ്മയും മൂന്ന് സൂപ്പര്‍ ന്യൂമറി ഓഫീസര്‍മാരും സംഘത്തെ നയിക്കും.