തിരുവനന്തപുരം: വര്‍ക്കല എസ് ആര് മെഡിക്കല്‍ കോളേജിനെതിരെ പരാതിയുമായി വിദ്യാര്‍ത്ഥികള്‍. കോളേജിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കിയിട്ടും ഇപ്പോഴും ക്ലാസുകള്‍ തുടരുകയാണെന്നാണ് വിദ്യാര്‍ത്ഥികളുടെ പരാതി. മതിയായ പഠന സൗകര്യമോ അടിസ്ഥാന സൗകര്യമോ ഇല്ലെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ കോളേജിന്റെ പ്രവര്‍ത്തനാനുമതി സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു.
വിദ്യാര്‍ഥികളെ മറ്റ് സ്വാശ്രയ മെഡിക്കല്‍ കോളേജിലേക്ക് മാറ്റണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കിയിരുന്നു. കോളേജിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച അനിവാര്യത പത്രം റദ്ദാക്കാനും ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. തുടര്‍ന്നാണ് കോളേജിന്റെ അനുമതി റദ്ദാക്കിയത്.
കോളേജില്‍ വേണ്ടത്ര അധ്യാപകരില്ല, അടിസ്ഥാന സൗകര്യങ്ങളില്ല, ആശുപത്രിയില്‍ രോഗികളില്ല എന്നീ പരാതികള്‍ ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കോടതി വിധി, മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശങ്ങള്‍, കേസിലുള്‍പ്പെട്ടവരെ ഉള്‍പ്പെടുത്തി നടത്തിയ ഹിയറിംഗ് എന്നിവയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കോളേജിന്റെ പ്രവര്‍ത്തനാനുമതി റദ്ദാക്കാന്‍ ആവശ്യപ്പെട്ടത്.