മുംബൈ: ഓസ്ട്രേലിയയ്‌ക്കെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യ ഫീൽഡ് ചെയ്യാനിറങ്ങിയപ്പോൾ വിക്കറ്റ് കീപ്പറുടെ റോളിൽ ഇറങ്ങിയത് ഋഷഭ് പന്തായിരുന്നില്ല. മറിച്ച് ലോകേഷ് രാഹുലായിരുന്നു. ഇതോടെ ആരാധകർ അന്വേഷണം ആരംഭിച്ചു ഋഷഭ് പന്തെവിടെ. അതിനിടയിൽ വിശദീകരണവുമായി ബിസിസിഐ തന്നെ രംഗത്തെത്തി. തലയിൽ പന്ത് കൊണ്ടതിനാൽ ഋഷഭ് പന്ത് നിരീക്ഷണത്തിലാണ്. പകരം രാഹുൽ വിക്കറ്റ് കീപ്പറാകുന്നുവെന്ന്.
പാറ്റ് കമ്മിൻസ് എറിഞ്ഞ 44-ാം ഓവറിലെ രണ്ടാം പന്താണ് താരത്തിന്റെ തലയിൽ കൊണ്ടത്. ഉയർന്നുപൊങ്ങിയ പന്തിൽ ബാറ്റി വെക്കുന്നതിനിടയിൽ പന്ത് ഹെൽമറ്റിൽ തട്ടി ഉയരുകയായിരുന്നു. ആദ്യം ബാറ്റിലും പിന്നീട് ഹെൽമറ്റിലുമിടിച്ച ശേഷം പന്ത് ആഷ്ടൺ ടേണറുടെ കൈകളിലെത്തുകയായിരുന്നു. അമ്പയർ ഔട്ടാണോയെന്ന സംശയം പ്രകടിപ്പിക്കുന്നതിനിടയിൽ തന്നെ താരം മടങ്ങുകയും ചെയ്തു.
മത്സരത്തിൽ അഞ്ചിന് 164 റൺസെന്ന നിലയിൽ തകർന്ന ഇന്ത്യയെ 28 റൺസെടുത്ത ഋഷഭ് പന്തും 24 റൺസെടുത്ത രവീന്ദ്ര ജഡേജയും ചേർന്നാണ് 200 കടത്തിയത്. മത്സരത്തിൽ ഇന്ത്യ 255 റൺസിന് പുറത്താവുകയും ചെയ്തു.















