മുംബൈ: ബിസിസിഐയുടെ വാർഷിക കരാറിൽ നിന്ന് മുൻ നായകൻ എംഎസ് ധോണിയെ ഒഴിവാക്കി. ബിസിസിഐ പുറത്തിറക്കിയ നാല് പട്ടികയിലും ധോണിയുടെ പേരില്ല. പുതിയ പട്ടികയിൽ നായകൻ വിരാട് കോഹ് ലി, ഉപനായകൻ രോഹിത് ശർമ്മ, പേസർ ജസ്പ്രീത് ബൂമ്ര എന്നിവരാണ് എ പ്ലസ് കാറ്റഗറിയിലുള്ളത്.
2019 ലോകകപ്പ് സെമിയില്‍ ന്യൂസിലാന്‍ഡിന് എതിരെയാണ് ധോണി അവസാനമായി ഇന്ത്യക്ക് വേണ്ടി കളിച്ചത്. അതിന് ശേഷം ജൂലായ് മുതല്‍ ധോണി അവധിയിലാണ്. ലോകകപ്പിന് ശേഷമുള്ള പരമ്പരകളിൽ നിന്ന് ധോണി സ്വയം പിന്മാറുകയായിരുന്നു. ധോണിയുടെ വിരമിക്കലിനെ പറ്റി ക്രിക്കറ്റ് ലോകം സജീവമായി ചർച്ച ചെയ്യുന്നതിനിടയിലാണ് ബിസിസിഐ കരാറിൽ നിന്നുള്ള ഒഴിവാക്കൽ.
ബിസിസിഐ പുറത്തുവിട്ടിരിക്കുന്ന കരാര്‍ പട്ടികയില്‍ താരങ്ങളാണുള്ളത്. എ പ്ലസ്, എ, ബി, സി, എന്നീ നാല് കാറ്റഗറിയിലുള്ള താരങ്ങളുടെ പട്ടികയാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 2020 സെപ്തംബര്‍ വരെയാണ് കരാര്‍ കാലാവധി. എ പ്ലസ് കാറ്റഗറിയിലുള്ള താരങ്ങൾക്ക് ഏഴുകോടി രൂപയും എ കാറ്റഗറിയിലുള്ളവർക്ക് അഞ്ച് കോടി രൂപയും ബി കാറ്റഗറിയിലുള്ളവർക്ക് മൂന്ന് കോടി രൂപയും സി കാറ്റഗറിയിലുള്ലവർക്ക് ഒരു കോടി രൂപയുമാണ് പ്രതിഫലം.
കോഹ് ലി, രോഹിത്, ബൂമ്ര എന്നിവർ എപ്ലസ് കാറ്റഗറിയിൽ ഉൾപ്പെട്ടപ്പോൾ രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, കെഎല്‍ രാഹുല്‍, ശിഖര്‍ ധവാന്‍, മുഹമ്മദ് ഷമി, ഇഷാന്ത് ശര്‍മ്മ, കുല്‍ദീപ് യാദവ്, റിഷഭ് പന്ത് എന്നിവർ എ കാറ്റഗറി പട്ടികയിൽ ഇടംപിടിച്ചു.
വൃദ്ധിമാന്‍ സാഹ, ഉമേഷ് യാദവ്, യൂസ്‌വേന്ദ്ര ചാഹല്‍, ഹാര്‍ദിക് പാണ്ഡ്യ, മായങ്ക് അഗര്‍വാള്‍ എന്നിവർ ബി കാറ്റഗറിയിലും കേദാര്‍ ജാദവ്, നവ്ദീപ് സെയ്‌നി, ദീപക് ചഹാര്‍, മനീഷ് പാണ്ഡെ, ഹനുമ വിഹാരി, ശാര്‍ദ്ധുല്‍ താക്കൂര്‍, ശ്രേയസ് അയ്യര്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ താരങ്ങൾ സി കാറ്റഗറിയിലുമാണുള്ളത്.















