ന്യൂഡൽഹി : പ്രതിരോധ രംഗത്ത് കുതിച്ചുയരുകയാൻ` ഇന്ത്യ . ലോകത്തെ ഏറ്റവും മികച്ച ക്രൂസ് മിസൈലായ ബ്രഹ്മോസ് മിസൈലിനായി ലോകരാജ്യങ്ങൾ പോലും കാത്തു നിൽക്കുന്നു .
അത്യാധുനിക ക്രൂസ് മിസൈൽ ബ്രഹ്മോസ് വാങ്ങാൻ താൽപര്യപ്പെട്ട് നിരവധി രാജ്യങ്ങളാണ് ഇന്ത്യയെ സമീപിക്കുന്നത്. നിലവിൽ പതിനഞ്ചോളം രാജ്യങ്ങൾ ഇന്ത്യയെ സമീപിച്ചെന്നാണ് റിപ്പോർട്ട്. ഇന്ത്യയും റഷ്യയും സംയുക്തമായി വികസിപ്പിച്ചെടുത്ത ബ്രഹ്മോസ് ക്രൂസ് മിസൈൽ ആദ്യമായി വാങ്ങുന്ന രാജ്യം ഫിലിപ്പീൻസ് ആയിരിക്കുമെന്നാണ് അടുത്തിടെ പുറത്തു വരുന്ന റിപ്പോർട്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2017 ലെ ഫിലിപ്പീൻസ് സന്ദർശന വേളയിൽ പ്രതിരോധ വ്യവസായത്തെയും ലോജിസ്റ്റിക് സഹകരണത്തെയും കുറിച്ച് ഇരുരാജ്യങ്ങളും ധാരണാപത്രത്തിൽ ഒപ്പുവച്ചിരുന്നു. ബ്രഹ്മോസിന്റെ കാര്യത്തിൽ 2020 പകുതിയോടു കൂടി ഇത് സംബന്ധിച്ച് ഇന്ത്യയും ഫിലിപ്പീൻസും വില ചർച്ചകൾ പൂർത്തിയാക്കി കരാർ ഒപ്പിടുമെന്നാണ് കരുതുന്നത്. വിപുലമായ നിരീക്ഷണങ്ങൾക്കും , ചർച്ചകൾക്കും ഒടുവിൽ ഫിലിപ്പീൻസിനു മിസൈൽ കൈമാറാൻ ഇന്ത്യ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് .
തീരദേശ റഡാറുകളും ബ്രഹ്മോസും ഉൾപ്പെടെയുള്ള ഇന്ത്യൻ സൈനിക ഹാർഡ്‌വെയറുകൾ വാങ്ങുന്നതിൽ തായ്‌ലൻഡിന് താൽപര്യമുണ്ടെന്ന് തായ്‌ലൻഡ് അംബാസഡർ ചുറ്റിൻടോൺ ഗോങ്‌സക്ദി വ്യക്തമാക്കിയിരുന്നു .
ഫിലിപ്പീൻസ്, ചിലെ, പെറു രാജ്യങ്ങളാണ് ഏറ്റവും അവസാനമായി ബ്രഹ്മോസ് മിസൈൽ തേടി ഇന്ത്യയിൽ എത്തിയത്. ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂസ് മിസൈലിന്റെ കര, കടൽ അധിഷ്ഠിത പതിപ്പുകൾ വിൽക്കാൻ ഇന്ത്യ കഴിഞ്ഞ കുറച്ച് വർഷങ്ങളായി തായ്‌ലൻഡ്, ഇന്തൊനീഷ്യ, വിയറ്റ്നാം എന്നിവയുൾപ്പെടെ നിരവധി രാജ്യങ്ങളുമായി ചർച്ച നടത്തിവരികയായിരുന്നു.
ഗൾഫ് രാജ്യങ്ങളും, ദക്ഷിണ കൊറിയ, അൾജീരിയ, ഗ്രീസ്, മലേഷ്യ, തായ്‌ലൻഡ്, ഈജിപ്ത്, സിംഗപ്പൂർ,ബൾഗേറിയ എന്നീ രാജ്യങ്ങളും ബ്രഹ്മോസിനായി ഇന്ത്യയെ സമീപിച്ചിട്ടുണ്ട് .
ഇന്തൊനീഷ്യയിലേക്ക് ബ്രഹ്മോസ് വിൽക്കാനുള്ള സാധ്യതയും ഇന്ത്യ പരിശോധിക്കുന്നുണ്ട്. ഇന്തോ-റഷ്യൻ സംയുക്ത സംരംഭത്തിൽ നിന്നുള്ള ഒരു സംഘം 2018 ൽ സുരബായയിലെ സർക്കാർ നടത്തുന്ന കപ്പൽശാല സന്ദർശിച്ച് ഇന്തൊനീഷ്യൻ യുദ്ധക്കപ്പലുകളിൽ മിസൈൽ ഘടിപ്പിക്കുന്നത് വിലയിരുത്തിയിരുന്നു.
അത്യാധുനിക പോര്‍വിമാനമായ സുഖോയ്–30 എംകെഐ യിൽ നിന്നുമുള്ള ബ്രഹ്മോസ് പരീക്ഷണം വിജയിച്ചതിനു ശേഷമാണ് പല രാജ്യങ്ങളും മിസൈലിനായി ഇന്ത്യയെ സമീപിച്ചത്. ക്രൂസ് മിസൈലായ ബ്രഹ്മോസിന്റെ നിർമാണ ചിലവ് 27.3 ലക്ഷം ഡോളറാണ്.
ഇന്ത്യയും റഷ്യയും ചേർന്നാണു ബ്രഹ്മോസ് മിസൈൽ വികസിപ്പിച്ചത്. മണിക്കൂറിൽ 3,200 കിലോമീറ്ററാണു വേഗം. ഭാരം 2500 കിലോ. കരയിൽനിന്നും കടലിൽനിന്നും തൊടുക്കാം. 300 കിലോമീറ്ററാണു സൂക്ഷ്മമായ ആക്രമണത്തിന്റെ ദൂരപരിധി. ഒരേ സമയം 16 മിസൈലുകൾ വരെ വിടാനാകും. ഈ 16 മിസൈലും മൂന്ന് സെക്കന്റിന്റെ ഇടവേളകളിൽ പുറപ്പെട്ടു കൃത്യമായ ലക്ഷ്യത്തിലെത്തും .















