മുംബൈ: ബിസിസിഐയുടെ വാര്‍ഷിക കരാറില്‍ നിന്ന് മഹേന്ദ്ര സിംഗ് ധോണി ഒഴിവാക്കപ്പെട്ടതിന്റെ ഞെട്ടലിലാണ് ക്രിക്കറ്റ് ആരാധകര്‍. ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച നായകന്റെ പടിയിറക്കത്തിനുള്ള സൂചനയായാണ് പലരും ഇതിനെ കാണുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ ധോണിയോ ബന്ധപ്പെട്ട അധികൃതരോ പ്രതികരിച്ചിട്ടില്ല എന്നതാണ് ശ്രദ്ധേയം.
കഴിഞ്ഞ വര്‍ഷം നടന്ന ഏകദിന ലോകകപ്പിന്റെ സെമി ഫൈനലിലാണ് ധോണി അവസാനമായി നീലക്കുപ്പായമണിഞ്ഞത്. കീവീസിനോടേറ്റ തോല്‍വിക്ക് പിന്നാലെ ക്രിക്കറ്റില്‍ നിന്ന് അദ്ദേഹം സൈനിക പരിശീലനത്തിനും മറ്റുമായി ദീര്‍ഘ നാളത്തെ അവധിയെടുത്തിരുന്നു. ഇതിനു ശേഷം സ്വന്തം നാട്ടില്‍ നടന്ന പരമ്പകളില്‍ നിന്നുള്‍പ്പെടെ ധോണി വിട്ടുനിന്നിരുന്നു.
ഏഴ് മാസത്തോളമായി ധോണി കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ബിസിസിഐ അദ്ദേഹത്തെ വാര്‍ഷിക കരാറില്‍ നിന്നും ഒഴിവാക്കിയത്. ദീര്‍ഘ നാളായിട്ടും മടങ്ങിയെത്താന്‍ വൈകുന്നതാണ് ബിസിസിഐയെ ഈ നടപടിയിലേക്ക് നയിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിലെ ഉന്നത അധികൃതര്‍ ധോണിയുമായി ഇക്കാര്യങ്ങള്‍ നേരത്തെ സംസാരിച്ചതായാണ് റിപ്പോര്‍ട്ട്.
ഓസ്‌ട്രേലിയയില്‍ നടക്കുന്ന ലോകകപ്പിന് മുന്‍പ് അദ്ദേഹം തിരിച്ചെത്തിയാല്‍ പ്രോ-റാറ്റ അടിസ്ഥാനത്തില്‍ അദ്ദേഹത്തിന് ടീമില്‍ സ്ഥാനം ലഭിക്കും. ഏഷ്യാ കപ്പിലെ നിശ്ചിത മത്സരങ്ങള്‍ കൂടി കളിക്കാനായാല്‍ അടുത്ത വാര്‍ഷിക കരാറിലേക്കും ധോണിക്ക് പരിഗണന ലഭിക്കും. നിലവിലുള്ള നിയമപ്രകാരം മൂന്ന് ടെസ്റ്റ് മത്സരങ്ങളോ എട്ട് ഏകദിന മത്സരങ്ങളോ മൂന്ന് ട്വന്റി20 മത്സരങ്ങളോ കളിച്ചവര്‍ മാത്രമേ കരാറിലേക്ക് പരിഗണിക്കപ്പെടുകയുള്ളൂ. നേരത്തെ ‘എ’ കാറ്റഗറിയിലാണ് ധോണി ഉള്‍പ്പെട്ടിരുന്നത്.















