ദുബായിൽ നടക്കാനിരിക്കുന്ന എക്സ്പോ 2020 യിൽ പങ്കെടുക്കാനെത്തുന്ന ഇന്ത്യക്കാർക്ക് വിസ സൗജന്യമായി നൽകുവാൻ യു.എ ഇ ഗവണ്മെന്റ് തീരുമാനിച്ചതായി യു.എ.ഇയിലെ ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അറിയിച്ചു. എക്സ്പോയിൽ ഇന്ത്യയുടെ സജീവ സാന്നിധ്യമുണ്ടാകുമെന്നും ഇന്ത്യൻ സമൂഹത്തിന്റെ പൂർണ്ണ സഹകരണവും പങ്കാളിത്തവും യു.എ ഇ സർക്കാരിന്റെ എല്ലാ പ്രവർത്തനങ്ങളിലും ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു .അബുദാബി കേരള സോഷ്യൽ സെന്റർ സംഘടിപ്പിക്കുന്ന യു.എ ഇതല യുവജനോത്സവം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.മൂന്നര ദശലക്ഷത്തിലധികം ഇന്ത്യക്കാർ യു എ ഇ യിൽ ഉണ്ടെന്നും ഇതിൽ ഒന്നര ദശലക്ഷം പേർ മലയാളികളാണെന്നും ഇവർ യു എ ഇയുടെ കലാ സാംസ്കാരിക വാണിജ്യ മണ്ഡലങ്ങളിൽ മികവാർന്ന പ്രവർത്തനമാണ് നടത്തുന്നതെന്ന് സ്ഥാനപതി പറഞ്ഞു.ജനുവരി 16, 17, 18 ,31 തീയ്യതികളിലാണ് യുവജനോത്സവം അരങ്ങേറുന്നത് . സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ 5 വേദികളിലാണ് മത്സരങ്ങൾ നടക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, നാടോടി നൃത്തം, ശാസ്ത്രീയ സംഗീതം, ലളിതഗാനം, മാപ്പിളപ്പാട്ട്, ഉപകരണ സംഗീതം, ചലച്ചിത്ര ഗാനം, നാടന്‍ പാട്ട്, പ്രച്ഛന്ന വേഷം, മോണോ ആക്ട് തുടങ്ങി 37 ഇനങ്ങളിലാണ് മത്സരങ്ങള്‍. ജനുവരി 16 മുതൽ 18 വരെ കലാമത്സരങ്ങളും 31 ന് സാഹിത്യോത്സവുമാണ് നടക്കുക. കൂടുതല്‍ പോയിന്റ് നേടുന്ന കുട്ടിയെ “ബെസ്റ്റ് പർഫോർമർ ഓഫ് ദി ഇയർ” ആയി തിരഞ്ഞെടുക്കും. നാട്ടിൽനിന്നുമെത്തുന്ന കലാരംഗത്തെ പ്രമുഖരായിരിക്കും വിധികർത്താക്കൾ. 250 ലധികം കുട്ടികളാണ് മത്സരങ്ങളിൽ മാറ്റുരക്കുന്നത്.