രാജ്കോട്ട്: പരിക്കേറ്റ് ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന് പകരം ആന്ധ്രയുടെ യുവതാരം കെഎസ് ഭരത്തിനെ ടീമിൽ ഉൾപ്പെടുത്തി. റിസർവ് വിക്കറ്റ് കീപ്പറായാണ് ഭരത്തിനെ ടീമിലുൾപ്പെടുത്തിയിരിക്കുന്നത്. ലോകേഷ് രാഹുലാകും ടീം ഇന്ത്യയുടെ പ്രധാന വിക്കറ്റ് കീപ്പർ. എന്തെങ്കിലും സാഹചര്യത്താൽ രാഹുലിന് കളിക്കാനാകാതെ വന്നാൽ പകരം വിക്കറ്റ് കാക്കുന്നതിനാണ് രാഹുലിനെ ഉൾപ്പെടുത്തിയത്.
26 കാരനായ ഭരത്തിനോട് ഉടൻ തന്നെ ടീമിനൊപ്പം ചേരാൻ ബിസിസിഐ ആവശ്യപ്പെട്ടിട്ടുണ്ട്. വിക്കറ്റ് കീപ്പിംഗിലെ മികവ് പരിഗണിച്ചാണ് സഞ്ജു സാംസണെയും ഇഷൻ കിഷനെയും ഒഴിവാക്കി യുവ താരത്തെ ഇന്ത്യൻ ടീമിലേക്ക് വിളിച്ചത്. 74 ഫസ്റ്റ്ക്ലാസ് മത്സരങ്ങളില്‍ കളിച്ച ഭരത് 37.66 ശരാശരിയില്‍ ഒമ്പത് സെഞ്ച്വറിയടക്കം 4143 റണ്‍സ് നേടിയിട്ടുണ്ട്.
സഞ്ജു സാംസണും ഇഷൻ കിഷനും നിലവിൽ ഇന്ത്യ എയ്‌ക്കൊപ്പം ന്യൂസിലൻഡിലാണുള്ളത്. ഇവരെ ഉടൻ തിരിച്ചു വിളിക്കുന്നത് പ്രായോഗികമല്ലെന്നും അതിനാലാണ് ഭരത്തിനെ ടീമിലുൾപ്പെടുത്തിയതെന്നും ബിസിസിഐ അറിയിച്ചു. ആദ്യ ഏകദിനത്തിൽ പരിക്കേറ്റ ഋഷഭ് പന്ത് ബംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ നിരീക്ഷണത്തിലാണെന്നും ബിസിസിഐ പ്രതികരിച്ചു.















