ഹൊബാര്‍ട്ട് : മുന്‍ ലോക ഒന്നാം നമ്പര്‍ വനിതാ ഡബിള്‍സ് താരം സാനിയ മിര്‍സ ഹൊബാര്‍ട്ട് ഡബ്ലൂ ടി എ ടെന്നീസിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഉക്രയിനിന്റെ നാദിയാ കിച്ചെനോക്കുമൊത്തുള്ള സഖ്യമാണ് ഫൈനലില്‍ കടന്നിരിക്കുന്നത്. സെമിയില്‍ ചെക് റിപ്പബ്ലിക്കിന്‍രെ മറിയ ബുസ്‌കോവ- സ്ലോവേനിയായുടെ തമാരാ സിഡാന്‍സേക് സഖ്യത്തെ 7-6(3), 6-2 ന് തോല്‍പ്പിച്ചാണ് കിരീടത്തിലേക്ക് അടുത്തിരിക്കുന്നത്. ആദ്യസെറ്റ് ടൈബ്രേക്കറിലേക്ക് നീണ്ടെങ്കിലും രണ്ടാം സെറ്റ് 6-2ന് അനായാസം നേടാന്‍ ഇന്ത്യാ- ഉക്രയിന്‍ ജോഡിക്കായി. ഫൈനലില്‍ ജപ്പാന്റെ സാങ്-പെങ് സഖ്യമാണ് എതിരാളികള്‍.
അമ്മയായ ശേഷം രണ്ടുവര്‍ഷത്തെ ഇടവേളകഴിഞ്ഞുള്ള ആദ്യ ടൂര്‍ണ്ണമെന്റ് ആഘോഷമാക്കിയിരിക്കുകയാണ് ഇന്ത്യന്‍ താരം. “ഇതെന്നെ ശരിക്കും അത്ഭുതപ്പെടുത്തുന്നു. അതും ഏറെ നാള്‍ വിട്ടുനിന്നശേഷം മികച്ച രീതിയില്‍ കളിക്കാനാവുന്നത് ഏറെ സന്തോഷത്തോടെ കാണുന്നു. ഫൈനലിന്റെ ആവേശത്തിലാണ് താന്‍. ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളു” സാനിയ മിര്‍സ മാധ്യമങ്ങളോട് പറഞ്ഞു.















