അതിമനോഹരമായ ഒരു ചിത്രം പോലെയാണ് കശ്മീർ .മഞ്ഞു പാളികൾ നിറഞ്ഞ താഴ്വരകളും , ഒഴുകുന്ന തടാകങ്ങളും ആ ചിത്രത്തിനു കൂടുതൽ മിഴിവേകും . കശ്യപന്റെ , കൽഹണന്റെ മണ്ണ് ഭാരതത്തിന്റെ സംസ്കൃതിയെ എന്നും നെഞ്ചോട് ചേർത്ത് പിടിച്ചിരുന്നു . ചരിത്ര കാവ്യമായ രാജതരംഗിണി ഇന്നുമുണ്ടാകും കശ്മീരിന്റെ സ്മൃതി പഥങ്ങളിൽ . കാഴ്ച്ചകളുടെ പരവതാനി വിരിച്ചാണ് ഇന്ത്യയുടെ പൂന്തോട്ടം എന്നും സ്വാഗതമോതുക .
സ്വാതന്ത്യ്രനന്തര ഇന്ത്യയിൽ കശ്മീർ താഴ്വാരയിലെ ആകെ ജനസംഖ്യയുടെ 15 ശതമാനമായിരുന്നു കശ്മീരി പണ്ഡിറ്റുകൾ . ശാരദാപീഠ് എന്ന കശ്മീരിന്റെ യഥാർത്ഥ അവകാശികൾ . ശൈവാരാധനാ സമ്പ്രദായം പിന്തുടരുന്ന അതിസമ്പന്ന സാംസ്ക്കാരിക പൈതൃകത്തിന്റെ ഉടമസ്ഥർ ഭാരതത്തിന്റെ അഭിമാനമായിരുന്നു എക്കാലവും .
എല്ലാം മാറി മറിഞ്ഞത് പെട്ടെന്നായിരുന്നു. മതഭീകരതയുടെ കറുത്ത കൈകൾ കശ്മീരിലെ ന്യൂനപക്ഷങ്ങളെ തേടിയെത്തി. ഒരു സുപ്രഭാതത്തിൽ നഗരത്തിലെങ്ങും പോസ്റ്ററുകൾ പതിഞ്ഞു. കാഫിറുകൾ മതം മാറണം ; അല്ലെങ്കിൽ സർവ്വതും ഉപേക്ഷിച്ച് നാടുവിടണം. കാഫിറുകൾക്ക് കശ്മീരിൽ സ്ഥാനമില്ലെന്നും , ഉടൻ നാട് വിടണമെന്നുമുള്ള പോസ്റ്ററുകൾ നാട് മുഴുവൻ പ്രചരിക്കാൻ തുടങ്ങി . നാട് വിട്ടു പോകാൻ തയ്യാറായവരോട് സ്തീകളെ അവിടെ ഉപേക്ഷിച്ച് പോകാനായിരുന്നു നിർദേശം .
ഒട്ടേറെ സ്ത്രീകളാണ് അന്ന് മത ഭീകരതയ്ക്ക് മുന്നിൽ ലൈംഗിക അടിമകളായി മാറിയത് . വിസമ്മതിച്ചവർ അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു . തടയാൻ ശ്രമിച്ച പലരും കൊല്ലപ്പെട്ടു . സ്വത്തുക്കൾ കൊള്ളയടിക്കപ്പെട്ടു . സ്വർഗ്ഗിയ കാഴ്ച്ചകൾ മാത്രമുണ്ടായിരുന്ന കശ്മീർ മനം നീറുന്ന കാഴ്ച്ചകൾക്കും സാക്ഷിയായി . പതിനായിരങ്ങൾ തെരുവുകളിലേയ്ക്ക് വലിച്ചെറിയപ്പെട്ടു . കുഞ്ഞുങ്ങൾ പോലും വംശഹത്യയുടെ ഇരകളായി . റിപ്പോർട്ട് ചെയ്യാൻ ധൈര്യം കാട്ടിയ മാദ്ധ്യമ പ്രവർത്തകർക്കും ലഭിച്ച ശിക്ഷ മരണമായിരുന്നു .
കശ്മീരിൽ ഭൂരിപക്ഷമായിരുന്നവർ ഒരു പ്രദേശത്ത് ന്യൂനപക്ഷമായപ്പോൾ ആട്ടിയിറക്കപ്പെട്ടത് ജനിച്ചു വളർന്ന മണ്ണിൽ നിന്നാണ് . ലക്ഷക്കണക്കിന് അഭയാർത്ഥികളാണ് കശ്മീരിൽ നിന്ന് ഡൽഹിയുടെയും ,മറ്റ് സംസ്ഥാനങ്ങളുടെയും നിരത്തുകളിലേയ്ക്ക് കുടിയിറക്കപ്പെട്ടത് . ആ കൊടിയ വേദനകളുടെ മുപ്പത് വർഷത്തെ നേർക്കാഴ്ച്ചകൾ ഇന്ത്യയ്ക്ക് നൽകിയത് ഏറെ മുറിപ്പാടുകളാണ് .
2010 ലെ സര്ക്കാര് കണക്കനുസരിച്ച് 808 കുടുംബങ്ങളിലായി 3445 പണ്ഡിറ്റുകള് മാത്രമാണ് കശ്മീര് താഴ്വരയില് അവശേഷിക്കുന്നത് . എല്ലാം നഷ്ടപ്പെട്ടിട്ടും എന്നെങ്കിലുമൊരിക്കൽ സത്യം തങ്ങൾക്ക് നേരെയും കണ്ണ് തുറക്കുമെന്ന വിശ്വാസമാണ് ആ കുടുംബങ്ങളെ പിറന്ന മണ്ണിൽ നിൽക്കാൻ പ്രേരിപ്പിച്ചത് .
30 വർഷത്തെ കൊടും യാതനകളിലേക്ക് തങ്ങളെ തള്ളിവിട്ടവർക്കെതിരെ മതേതരത്വത്തിന്റെ ഒരു വക്താക്കളും ഇതുവരെ ചെറുവിരലുയർത്തിയതായി അവർക്കറിവില്ല. ഗാന്ധിജിയേയും അംബേദ്കറേയും ഭരണഘടനയേയും ഉയർത്തിക്കാണിച്ച് മതേതര ഇന്ത്യക്കായി മുറവിളി കൂട്ടുന്ന ഒരാളും ഡൽഹിയിലെ തെരുവുകളിലുറങ്ങുന്ന അവരെ പുനരധിവസിപ്പിക്കാൻ ഒരു റാലിയും നടത്തിയില്ല. സ്വന്തം നാട്ടിൽ അഭയാർത്ഥികളായായി നീണ്ട മുപ്പത് വർഷങ്ങൾ.
2019 ൽ കശ്മീരിന്റെ അമിതാധികാരം നരേന്ദ്ര മോദി സർക്കാർ എടുത്തു കളഞ്ഞപ്പോൾ രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ചിതറിപ്പോയ കശ്മീരി പണ്ഡിറ്റുകളിൽ പലരും മോദിയെ സന്ദർശിച്ച നന്ദി പറയുകയുണ്ടായി . ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ തങ്ങളുടെ മുപ്പത് വർഷത്തെ കാത്തിരിപ്പ് കൂടിയാണ് അവസാനിച്ചതെന്നാണ് അവർ മോദിയോട് പറഞ്ഞത് .
പൗരത്വ നിയമത്തിനെതിരെയുള്ള കലാപങ്ങൾ രാജ്യത്തെ അസ്വസ്ഥമാക്കിയപ്പോൾ അവർ പറഞ്ഞതും അത് തന്നെ തങ്ങൾ അനുഭവിച്ചതൊക്കെ നിങ്ങൾ അനുഭവിച്ചിരുന്നെങ്കിൽ ഈ നിയമത്തെ എതിർക്കില്ലായിരുന്നു .
ഇന്ന് അവർ ഓരോത്തരും സ്വപ്നം കാണുന്നു . ജനിച്ച മണ്ണിലേയ്ക്കുള്ള മടക്കയാത്ര . അതെ ഞങ്ങൾ വീടുകളിലേയ്ക്ക് മടങ്ങുമെന്ന കശ്മീരി പണ്ഡിറ്റുകളുടെ ഹാഷ്ടാഗും ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് . ഇനി ആരും തങ്ങളെ കുടിയിറക്കില്ലെന്ന ഉത്തമ ബോധമുണ്ട് ആ മണ്ണിന്റെ യഥാർഥ അവകാശികൾക്ക് . അതെ അവരുടെ സ്വർഗ്ഗം , ഈ ഭൂമിയിലെ സ്വർഗ്ഗം അത് അവർക്ക് തിരികെ ലഭിക്കുകയാണ് .















