ബിജാപൂര്‍: ഛത്തീസ്ഗഡില്‍ ഗര്‍ഭിണിയായ യുവതിക്ക് സഹായവുമായി സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സ്. ശാരീരിക സ്ഥിതി മോശമായതിനേ തുടര്‍ന്ന് ഗര്‍ഭിണിയായ യുവതിയെ സിആര്‍പിഎഫ് ജവാന്മാര് ആറ് കിലോ മീറ്റര്‍ വനത്തിനുള്ളിലൂടെ ചുമന്ന് ആശുപത്രിയിലെത്തിച്ചു. കട്ടിലില്‍ കിടത്തിയാണ് യുവതിയെ ആശുപത്രി വരെ എത്തിച്ചത്.
ഛത്തീസ്ഗഡിലെ പഡേഡ ഗ്രാമത്തില്‍ സിആര്‍പിഎഫ് സേന ദിവസേന പട്രോളിംഗ് നടത്താറുണ്ട്. പട്രോളിംഗിനിടെ ഗ്രാമവാസികളുമായി സേന ആശയവിനിമയം നടത്താറുണ്ട്. ഇതിനിടെയാണ് ഗര്‍ഭിണിയായ യുവതിക്ക് അടിയന്തരമായി ചികിത്സ ലഭ്യമാക്കണമെന്ന് ഗ്രാമവാസികള്‍ സേനയോട് ആവശ്യപ്പെട്ടത്.
ബൂഡി എന്ന യുവതിയെയാണ് സേന ആശുപത്രിയിലെത്തിച്ചത്. ഗ്രാമവാസികളില്‍ നിന്നും വിവരം ലഭിച്ച ഉടന്‍ തന്നെ പ്രാഥമിക ശുശ്രൂഷ നല്‍കാനായി പ്രത്യേക സംഘം ഉള്‍പ്പെടെ ബൂഡിയുടെ വീട്ടിലെത്തിയിരുന്നു. ഉള്‍പ്രദേശത്തായതിനാല്‍ തന്നെ മേഖലയില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളോ റോഡുകളോ ഒന്നും തന്നെയില്ലാത്ത സാഹചര്യത്തിലാണ് സിആര്‍പിഎഫ് യുവതിയേയും കൊണ്ട് ആറ് കിലോ മീറ്റര്‍ നടന്നത്.