കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി പ്രകൃതിയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ് തുളസി ഗൗഡ എന്ന എഴുപത്തി രണ്ടുകാരി. പ്രായം പോലും നോക്കാതെ പ്രകൃതിയ്ക്കായി ജീവിക്കുന്ന തുളസിയ്ക്ക് അര്‍ഹിച്ച അംഗീകാരമായി പദ്മശ്രീ പുരസ്കാരം. ഔപചാരികമായ വിദ്യാഭ്യാസം പോലും ലഭിച്ചില്ലെങ്കിലും കാടിനെ കുറിച്ചും വിവിധയിനം സസ്യങ്ങളെ കുറിച്ചും വിശാലമായ അറിവുള്ള അപൂര്‍വ്വ വ്യക്തിത്വമാണ് തുളസി ഗൗഡ. എന്‍സൈക്ലോപീഡിയ ഓഫ് ഫോറസ്റ്റ് അല്ലെങ്കില്‍ കാടിനെ കുറിച്ചുള്ള സര്‍വ്വ വിജ്ഞാനകോശം എന്ന പേരിലാണ് തുളസി ഗൗഡ അറിയപ്പെടുന്നത്.
തന്റെ 72-ാം വയസിലും പരിസ്ഥിതി സംരക്ഷണ സന്ദേശങ്ങള്‍ മുന്നോട്ട് വെച്ച് സസ്യങ്ങളേയും ഔഷധ ചെടികളേയും കുറിച്ചുള്ള തന്റെ അറിവുകള്‍ അവര്‍ മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്കുന്നു. ഇതുവരെ 40,000 ത്തില്‍ അധികം വൃക്ഷത്തൈകള്‍ തുളസി വളര്‍ത്തിയിട്ടുണ്ട്. വനംവകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടന്ന വനവത്ക്കരണ പരിപാടിയില്‍ സജീവമായി തുളസി ഗൗഡ പങ്കെടുത്തിരുന്നു. ഇവരുടെ സേവനവും പ്രകൃതിയോടുള്ള ആത്മാര്‍ത്ഥതയും തിരിച്ചറിഞ്ഞ വനംവകുപ്പ് തുളസിയ്ക്ക് സ്ഥിര നിയമനം നല്കി. 14 വര്‍ഷം വനംവകുപ്പില്‍ സേവനമുഷ്ഠിച്ച ശേഷം തുളസി ഗൗഡ വിരമിച്ചു. വനംവകുപ്പില്‍ നിന്നും ലഭിക്കുന്ന പെന്ഷന് തുക കൊണ്ടാണ് തുളസി ഉപജീവനം നടത്തുന്നത്.
താന്‍ വളര്‍ത്തിയ ചെടികളെയും സസ്യങ്ങളെയും കുറിച്ചുള്ള ചെറിയ വിവരങ്ങള്‍ പോലും തുളസിയ്ക്ക് കാണാപാഠമായിരുന്നു. ഓരോ ചെടിയും വളരാന്‍ എടുക്കുന്ന സമയം, ആവശ്യമായ വെള്ളത്തിന്റെ അളവ്, അനുയോജ്യമായ കാലാവസ്ഥ എന്നിങ്ങനെ എല്ലാ കാര്യങ്ങളെ കുറിച്ചും കൃത്യമായ ധാരണ തുളസിയ്ക്കുണ്ടായിരുന്നു. പ്രാഥമിക വിദ്യാഭ്യാസം പോലും ലഭിച്ചിട്ടാത്ത തുളസിയ്ക്ക് സസ്യശാസ്ത്ര മേഖലയെ കുറിച്ച് അഗാധമായ അറിവും പാണ്ഡിത്യവും ഉണ്ട്. വനസംരക്ഷണത്തെ കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കാനാണ് തുളസി ജീവിക്കുന്നത് തന്നെ.
പിന്നോക്ക സമുദായത്തില്‍ പെട്ട തുളസി ഗൗഡ കടുത്ത ദാരിദ്ര്യത്തിലാണ് വളര്‍ന്നത്. ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ടപ്പെട്ടതിനാല്‍ അമ്മയോടൊപ്പം തൊഴില്‍ ചെയ്യാനിറങ്ങിയ തുളസിയുടെ ലക്ഷ്യങ്ങള്‍ക്ക് സാമ്പത്തിക സ്ഥിതി ഒരു തടസമായിരുന്നില്ല. സ്വന്തം പരിമിതികളില്‍ നിന്നും ലോകനന്മയ്ക്കായി പ്രവര്‍ത്തിക്കുന്ന ഇത്തരത്തിലുള്ളവരെയാണ് നാം മാതൃകയാക്കേണ്ടത്.















