മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ പുരുഷ വിഭാഗം സിംഗില്‍സില്‍ ഈ ദശകത്തിലെ താരം റോജര്‍ ഫെഡറര്‍ ക്വാര്‍ട്ടറില്‍ കടന്നു. ഹംഗറിയുടെ മാര്‍ട്ടണ്‍ ഫുസോവിക്സിനെ നാലു സെറ്റുകള്‍ നീണ്ട പോരാട്ടത്തി നൊടുവിലാണ് എന്നും ചെറുപ്പമായിക്കൊണ്ടിരിക്കുന്ന ഫെഡററുടെ വിജയം. സ്കോര്‍ 4-6,6-1,6-2,6-2. ആദ്യസെറ്റില്‍ അത്യന്തം ആവേശകരമായി 4-4ലേക്ക് കളി എത്തിച്ച ഹംഗറി താരം പിന്നീട് 4-6ന് ഫെഡററെ ഞെട്ടിച്ച് ആദ്യ സെറ്റ് പിടിച്ചെടുത്തു.
എന്നാല്‍ പിന്നീട് കണ്ടത് റോഡ് ലേവര്‍ അറീനയില്‍ റോജര്‍ ഫെഡററെന്ന താരത്തിന്റെ ക്ലാസ്സിക് പ്ലേയാണ്. രണ്ടാം സെറ്റ് കണ്ണടച്ചു തുറക്കും മുന്‍പ് 6-1ന് നേടിയ സ്വിസ് താരം മൂന്നും നാലും സെറ്റുകളില്‍ മാര്ട്ടണെ വെറും കാഴ്ചക്കാരനാക്കി. ക്വാര്‍ട്ടറില്‍ ഫെഡററുടെ എതിരാളി സീഡ് ചെയ്യപ്പെടാത്ത അമേരിക്കയുടെ ടെന്നിസ് സാന്റ്ഗ്രെന്നാണ്. നാലാം റൗണ്ടില്‍
12-ാം സീഡ് ഫോഗ്നിനിയെ 7-6,7-5,6-7,6-4ന് അട്ടിമറിച്ചാണ് അമേരിക്കന്‍ താരം ഫെഡററെ നേരിടാനൊരുങ്ങുന്നത്.
തന്റെ 38-ാം വയസ്സിലും ഫെഡറര്‍ പോരാടുന്നത് ഏറ്റവും ജൂനിയര്‍ താരങ്ങളോടാണ്. 2017ലും 2018ലും ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാമ്പ്യനായിരുന്ന ഫെഡറര്‍ തന്റെ 18-ാം വയസ്സില്‍ 2000ലാണ് മെല്‍ബണില്‍ ആദ്യ മല്‍സരത്തിനെത്തുന്നത്. ആകെ 6 തവണയാണ് ഫെഡറര്‍ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയിട്ടുള്ളത്.തുടര്‍ച്ചയായി 21-ാം ക്വാര്‍ട്ടര്‍ പ്രവേശനമാണ് ഫെഡറര്‍ നടത്തിയത്.















