ഹാമില്ട്ടണ്: ന്യൂസിലാന്റിനെതിരെ ടി20 പരമ്പര നേടാനുള്ള നിര്‍ണ്ണായക മത്സരം നാളെ. അഞ്ചു മത്സരങ്ങളുള്ള പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇന്ത്യ നാളെ ഇറങ്ങുകയാണ്. അതേസമയം മികച്ച പിച്ചില്‍ ഇന്ത്യയെ ചുരുട്ടിക്കെട്ടാമെന്ന മോഹം രണ്ടു തവണ തകര്‍ന്ന നിരാശയിലാണ് ആതിഥേയര്‍. പരമ്പരയിലേക്ക് തിരിച്ചുവരാന്‍ കിവികള്‍ക്ക് മത്സരം ജയിക്കുക തന്നെ വേണം.
ആദ്യ മത്സരത്തില്‍ സ്ഫോടനാത്മക ബാറ്റിംഗിലൂടെ ഇന്ത്യയെ വരവേറ്റ കീവീസ് ബാറ്റ്സ്മാന്മാര്ക്ക് അതേ നാണയത്തിലാണ് ഇന്ത്യ തിരിച്ചടി നല്‍കിയത്. രണ്ടാം മത്സരത്തില്‍ ബൗളിംഗിലൂടെയും ആതിഥേയരെ വരിഞ്ഞു മുറുക്കിയതോടുകൂടി ഇനി എന്ത് തന്ത്രമാണ് ഇന്ത്യക്കെതിരെ എടുക്കേണ്ടതെന്ന അമ്പരപ്പിലാണ് സന്ദര്‍ശകര്‍.
ബാറ്റിംഗില്‍ ഏതു കൂറ്റന്‍ സ്കോറും മറികടക്കുന്ന ലോകേഷ് രാഹുലിന്റേയും ശ്രേയസ്സ് അയ്യരുടേയും ബാറ്റിംഗാണ് കിവികളുടെ സകല പ്രതീക്ഷകളും തകര്‍ത്തത്. ഓപ്പണര്‍ രോഹിത് ശര്‍മ്മയുടേയും വിരാട് കോഹ്ലിയുടേയും മുഴുവന്‍ കരുത്തും രണ്ടു മത്സരത്തിലും പുറത്തുവന്നിട്ടില്ലെന്നതും ഇന്ത്യക്ക് വന്‍ പ്രതീക്ഷയാണ് മൂന്നാം മത്സരത്തില്‍ നല്‍കുന്നത്.
ഗുപ്റ്റിലും ടെയ്ലറും നയിക്കുന്ന ബാറ്റിംഗ് കരുത്തും സാന്റ്നറും ടിം സൗത്തിയും നയിക്കുന്ന ബൗളിംഗ് കരുത്തും ഇന്ത്യ ഏതുതരത്തിലാണ് പ്രതിരോധിക്കുക എന്നതാണ് കാണേണ്ടത്. ബുംറയുടെ അപ്രതീക്ഷിതങ്ങളായ ബൗളിംഗ് തന്ത്രങ്ങളും രവീന്ദ്രജഡേജയുടെ ഓള് റൗണ്ടര്‍ മികവും കിവികള്‍ രണ്ടാം മത്സരത്തില്‍ ശരിക്കും അനുഭവിച്ചതോടെ മത്സരത്തില്‍ ഇന്ത്യക്ക് തന്നെയാണ് മേല്‍ക്കൈ.















