കൊച്ചി: ഒടുവിൽ ആരാധകർ കാത്തിരുന്ന ആ വലിയ വാർത്തയെത്തി. മഞ്ഞപ്പടയുടെ സ്വന്തം സന്ദേശ് ജിങ്കൻ വീണ്ടും ടീമിനൊപ്പം പരിശീലനത്തിനെത്തി. പരിക്കിൽ നിന്ന് മോചിതനായ ജിങ്കൻ ഇന്ന് പനമ്പിള്ളി നഗറിലുള്ള പരിശീലന ഗ്രൗണ്ടിലാണ് ടീമിനൊപ്പം പരിശീലനത്തിനായി ഇറങ്ങിയത്. ടീം അഗംങ്ങൾക്ക് ആത്മവിശ്വാസം നൽകുന്നതിനുകൂടിയാണ് ജിങ്കന്റെ വരവ്. കേരള ബ്ലാസ്റ്റേഴ്സ് തങ്ങളുടെ ഇൻസ്റ്റഗ്രാമിൽ ഇതിന്റെ വീഡിയോയും പങ്കുവച്ചിട്ടുണ്ട്.
പരിശീലനത്തിനിറങ്ങിയെങ്കിലും താരം നടക്കാനിരിക്കുന്ന മത്സരങ്ങളിൽ കളിക്കുമോയെന്ന കാര്യത്തിൽ ടീം വ്യക്തത വരുത്തിയിട്ടില്ല. ഇനി ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് ശേഷിക്കുന്നത് 4 മത്സരങ്ങൾ കൂടിയാണ്. ഇതിൽ രണ്ടെണ്ണം ഹോമും രണ്ടെണ്ണം എവേയുമാണ്. പരിക്കിന്റെ പിടിയിലായ ജിങ്കൻ ഏറെ നാളായ വിശ്രമത്തിലായിരുന്നു. പരിക്ക് മൂലം ഈ സീസണിൽ ഇതുവരെ ഒരു മത്സരത്തിൽ പോലും ജിങ്കന് കളിക്കാനുമായില്ല.















