തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനെട്ടാം സമ്മേളനം ഇന്ന് ആരംഭിക്കും. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് സമ്മേളനം ആരംഭിക്കുക. ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷം നല്കിയ പ്രമേയത്തിനുള്ള നോട്ടീസില്‍ സ്പീക്കര്‍ എന്ത് നടപടിയെടുക്കുമെന്നതും ശ്രദ്ധേയമാണ്.
ഭരണപക്ഷം പിന്തുണയ്ക്കുമെന്ന വിശ്വാസത്തിലാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ തിരികെ വിളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രമേയത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്. എന്നാല്‍ നോട്ടീസ് നല്കിയ മാത്രയില്‍ തന്നെ പ്രതിപക്ഷത്തിനെതിരെ സര്‍ക്കാര്‍ രംഗത്തെത്തി.
പ്രതിപക്ഷം കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയാണെന്നും സര്‍ക്കാരും ഗവര്‍ണറും തമ്മില്‍ യാതൊരു പ്രശ്നങ്ങളുമില്ലെന്നും പ്രഖ്യാപിച്ച് മന്ത്രിമാര്‍ തന്നെ രംഗത്തെത്തിയിരുന്നു. ഈ വിഷയത്തില്‍ ഇനി നടപടിയെടുക്കേണ്ടത് സ്പീക്കറാണ്.
ഒപ്പം ഗവര്‍ണറുടെ നയ പ്രഖ്യാപനവും ശ്രദ്ധാ കേന്ദ്രമാവും. പൗരത്വ നിയമ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നിലപാടിനെതിരാണ് ഗവര്‍ണറുടെ നിലപാട്. വിഷയം നയപ്രഖ്യാപന പ്രസംഗത്തില്‍ ഉള്‍പ്പെടുത്താന്‍ മന്ത്രി സഭാ യോഗം തീരുമാനിക്കുകയും ചെയ്തിരുന്നു. ഇതില്‍ ഗവര്‍ണര്‍ എന്ത് നിലപാടാണ് എടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ആദ്യ ദിനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപനമാണുണ്ടാകുക. മഹാത്മാ ഗാന്ധി സമാധി ദിനമായതിനാല്‍ 30ന് സഭാസമ്മേളനം ഉണ്ടാവില്ല. ഈ നിയമസഭയിലെ അംഗമായിരുന്ന മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ നിര്യാണം സംബന്ധിച്ച് റഫറന്‍സ് നടത്തി 31ന് സഭ പിരിയും. 2020-21 വര്‍ഷത്തെ ബജറ്റ് ഫെബ്രുവരി ഏഴിന് അവതരിപ്പിക്കും.