വിസില്‍ തൊണ്ടയില്‍ കുടുങ്ങി കുഴങ്ങി പോയ യുവാവിന്റെ അനുഭവം നാം സിനിമയില്‍ കണ്ടിട്ടുണ്ട്. പിന്നീട് യുവാവ് സംസാരിക്കുമ്പോള്‍ വിസിലിന്റെ ശബ്ദം മാത്രം പുറത്തു വരുന്ന രംഗങ്ങള്‍ കണ്ട് ഏറെ ചിരിച്ചവരാണ് നാം. എന്നാല്‍ യാഥാര്‍ത്ഥ ജീവിതത്തില്‍ അത്തരമൊരു അനുഭവം ഉണ്ടായാലോ. അങ്ങനെയൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തു വരുന്നത്. കാനഡ സ്വദേശിയായ മോളീ ബ്രെയ്ന്‍ എന്ന പെണ്‍കുട്ടിയ്‌ക്കാണ് ഇത്തരമൊരു ദുരനുഭവം. എന്നാല്‍ ഇവിടെ വിസിലിന് പകരം മൗത്ത് ഓര്‍ഗനാണ് യുവതിയുടെ വായില്‍ കുടുങ്ങിയത്.
മൗത്ത് ഓര്‍ഗന്‍ വായിച്ചു കൊണ്ടിരിക്കുമ്പോള്‍ തൊട്ടടുത്തിരുന്ന സഹോദരിയെ ഒന്ന് രസം പിടിപ്പിക്കാനായി മൗത്ത് ഓര്‍ഗന്‍ മുഴുവനായി യുവതി വായിലിട്ടു. എന്നാല്‍ വായില്‍ ഇട്ടതു പോലെ അത്ര എളുപ്പമായിരുന്നില്ല അത് പുറത്തേക്കെടുക്കാന്‍. മൗത്ത് ഓര്‍ഗന്‍ വായില്‍ കുടുങ്ങി പോയി. ഒരുപാട് വട്ടം ശ്രമിച്ചിട്ടും ഇത് പുറത്തെടുക്കാന്‍ യുവതിയ്‌ക്ക് കഴിഞ്ഞില്ല. ശ്വാസം എടുത്താലോ എന്തെങ്കിലും പറയാന്‍ ശ്രമിച്ചാലോ മൗത്ത് ഓര്‍ഗന്റെ ശബ്ദം പുറത്തു വരാന്‍ തുടങ്ങി. ആശുപത്രിയിലേക്ക് പോകുന്നതിന് മുന്‍പ് തന്റെ അവസ്ഥ യുവതി തന്നെ വീഡിയോ എടുത്ത് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചു. അബദ്ധത്തില്‍ പോലും ഇത്തരം വസ്തുക്കള്‍ വായിലിടരുതെന്ന മുന്നറിയിപ്പ് നല്‍കുകയാണ് ഈ യുവതി.
ഓരോ തവണ ശ്വാസമെടുക്കുമ്പോഴും മൗത്ത് ഓര്‍ഗന്റെ ശബ്ദമാണ് പുറത്തു വന്നിരുന്നതെന്ന് ഭയത്തോടെയാണ് യുവതി ഓര്‍ക്കുന്നത്. ആദ്യം നല്ല വേദന അനുഭവപ്പെട്ടെന്നും പിന്നീട് ഒരു തരം തരിപ്പാണ് അനുഭവപ്പെട്ടതെന്നും മോളി പറയുന്നു. ആശുപത്രിയിലെത്തിയ ശേഷം ചില ഉപകരണങ്ങള്‍ ഉപയോഗിച്ച് യുവതിയുടെ വായ വലിച്ചു നീട്ടിയാണ് അവസാനം മൗത്ത് ഓര്‍ഗന്‍ തിരിച്ചെടുത്തത്.















