കെ ആര്‍ വിജയന്‍ എന്ന ബാലാജിയേയും ഭാര്യ മോഹനയേയും അറിയാത്ത യാത്ര പ്രേമികള്‍ ചുരുക്കമാണ്. ചായക്കട നടത്തി ജീവിക്കുന്ന ഈ ദമ്പതികള്‍ 25 ലോകരാജ്യങ്ങളാണ് ഇക്കാലത്തിനിടെ ചുറ്റിക്കറങ്ങിയത്. ആഗ്രഹങ്ങള്‍ മനസില്‍ ഒതുക്കാനുള്ളതല്ല അത് സാധിച്ചെടുക്കാനുള്ളതാണ് എന്ന് തെളിയിക്കുകയാണ് ഇവരുടെ ജീവിത കഥ. ഈജിപ്ത്, സിങ്കപൂര്‍, സ്വിറ്റ്‌സര്‍ലാന്‍ഡ് എന്നിവിടങ്ങളിലൊക്കെ ഇരുവരും ചുറ്റിക്കങ്ങിയിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ മോഹന്‍ ലാലിന്റെ പ്രത്യേക ക്ഷണം സ്വീകരിച്ച് അദ്ദേഹത്തിന്റെ വീട്ടിലെത്തിയിരിക്കുകയാണ് ഇരുവരും. മോഹന്‍ ലാല്‍ തന്നെയാണ് വിവരം പങ്കുവെച്ചത്. ഇരുവര്‍ക്കുമൊപ്പം ഒരു ദിവസം പങ്കുവെയ്‌ക്കാനായതിന്റെ സന്തോഷം സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുകയാണ് മോഹന്‍ ലാല്‍.
അതിശയിപ്പിക്കും ഈ ദമ്പതിമാര്‍. തങ്ങളുടെ പരിമിതികളെ മുഴുവന്‍ മറികടന്ന് ഇരുപത്തിയഞ്ചോളം രാജ്യങ്ങളില്‍ സഞ്ചരിച്ചിട്ടുള്ളവരാണ് ഇവര്‍. കൊച്ചി ഗാന്ധി നഗറിലെ ശ്രീ ബാലാജി എന്ന ചെറിയ കോഫീ ഹൗസ് നടത്തിയാണ് ഇവര്‍ ലോകരാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയത്. ഇവരെ വീട്ടിലേക്ക് വിളിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷിക്കുന്നു. എനിക്ക് ഭക്ഷണവുമായാണ് ഇവര്‍ വന്നിരിക്കുന്നത്. ഏവര്‍ക്കും പ്രചോദനമാണിവര്‍. ദമ്പതിമാര്‍ക്കൊപ്പം എടുത്ത ചിത്രം പങ്കുവെച്ച് മോഹന്‍ ലാല്‍ കുറിച്ച വാക്കുകളാണിത്. ഇതിനോടകം തന്നെ ചിത്രം സാമൂഹ്യ മാദ്ധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു.
ഒരിക്കലെങ്കിലും വിമാനത്തില്‍ കയറണമെന്ന വിജയന്റെ ആഗ്രഹമാണ് ലോകരാജ്യങ്ങള്‍ സന്ദര്‍ശിക്കാന്‍ പ്രചോദനമായത്. ലോകം കണ്ടു തന്നെ അറിയണമെന്നാണ് വിജയന്‍ പറയുന്നത്. നേരിട്ട് കാണുന്നതും പറഞ്ഞറിയുന്നതും തമ്മില്‍ വ്യത്യാസമുണ്ട്. നേരിട്ട് കാണുമ്പോള്‍ മാത്രമാണ് അതിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാന്‍ കഴിയുകയെന്നും ഇരുവരും പറയുന്നു.
The amazing couple Mr. Vijayan & Mrs. Mohana Vijayan who travelled to 25 countries despite all their limitations, solely…
Posted by Mohanlal on Sunday, February 2, 2020















