പാറക്കൂട്ടങ്ങള്‍ക്കുള്ളില്‍ അകപ്പെട്ട കുട്ടിയാനയെ അതിവിദഗ്ധമായി രക്ഷപ്പെടുത്തി വനംവകുപ്പ് അധികൃതര്‍. അസമിലെ മോറിഗോണ്‍ ജില്ലയിലെ പാറക്കൂട്ടങ്ങള്‍ക്കിടയിലാണ് ആനക്കുട്ടി കുടുങ്ങിയത്. പാറയ്ക്കിടയില് അകപ്പെട്ട ആനക്കുട്ടിയെ ആദ്യം കാണുന്നത് പ്രദേശവാസികളാണ്. കുട്ടിയാനയുടെ അമ്മയും സമീപത്തായി ഉണ്ടായിരുന്നു.
പ്രദേശ വാസികളാണ് വിവരം വനംവകുപ്പിനെ അറിയിച്ചത്. ഉടന്‍ സംഭവ സ്ഥലത്തെത്തിയ അധികൃതര്‍ രക്ഷാ പ്രവര്‍ത്തനം ആരംഭിച്ചു. പ്രദേശവാസികളും വനംവകുപ്പ് അധികൃതരും ചേര്‍ന്നായിരുന്നു രക്ഷാ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്. എന്നാല്‍ രക്ഷാ പ്രവര്‍ത്തനത്തിനിടെ അമ്മയാന എത്തിയത് എല്ലാവരിലും പരിഭ്രാന്തി സൃഷ്ടിച്ചു.
രക്ഷാ പ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരെ അമ്മയാന വിരട്ടിയോടിച്ചു. ആനയെ കണ്ട് ഭയന്നോടുന്നതിനിടയില്‍ ഗ്രാമവാസികളില്‍ ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. എന്നാല്‍ വനംവകുപ്പ് അധികൃതരും നാട്ടുകാരും രക്ഷാ പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറിയില്ല. ഏറെ നേരം നീണ്ട പരിശ്രമങ്ങള്‍ക്കൊടുവില്‍ കുട്ടിയാനയെ വടം ഉപയോഗിച്ച് പാറകള്‍ക്കിടയില്‍ നിന്നും ഉയര്‍ത്തിയെടുത്തു. രക്ഷപ്പെടുത്തിയ ആനക്കുട്ടിയെ അമ്മയാനയോടൊപ്പം കാട്ടിലേക്ക് മടക്കി അയച്ചു.