ഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന് പിറകെ കോണ്‍ഗ്രസ്സില്‍ ഭിന്നത രൂക്ഷം. മുതിര്‍ന്ന നേതാക്കളായ ജയറാം രമേശ് ,വീരപ്പ മൊയ്ലി തുടങ്ങിയവര്‍ പരസ്യമായി നേതൃത്വത്തിനെതിരെ രംഗത്തെത്തിയതോടെ പാര്‍ട്ടിക്കുള്ളിലെ അഭിപ്രായ വ്യത്യാസം മറനീക്കി പുറത്തു വന്നിരിക്കുകയാണ് .
2019 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അമേഠി ഉള്‍പ്പടെ ഉറച്ചകോട്ടകള്‍ പോലും കൈവിട്ട് വലിയ പരാജയം നേരിട്ടത് മുതല്‍ കോണ്‍ഗ്രസിനുള്ളില്‍ സോണിയാഗാന്ധിയും രാഹുലുമുള്പ്പടെയുള്ള നേതൃത്വത്തിനെതിരെ രഹസ്യമായും പരസ്യമായും അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു.
ഇപ്പോള്‍ ചരിത്രത്തില്‍തന്നെ ഏറ്റവും കുറഞ്ഞ വോട്ട്ശതമാനത്തോടെ ഡല്‍ഹി തെരഞ്ഞെടുപ്പില്‍ നാണംകെട്ട തോല്‍വി ഏറ്റുവാങ്ങിയതോടെ മുതിര്‍ന്ന നേതാക്കള്‍ തന്നെ നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിരിക്കുകയാണ്. ഡല്‍ഹിയില്‍ 2015ല്‍ ലഭിച്ച 9.7ല്‍ നിന്ന് വോട്ട് ശതമാനം 4.27 കുറഞ്ഞത് പാര്‍ട്ടിയെ അപകടാവസ്ഥയിലേക്ക് നയിക്കുമെന്നും അടിയന്തിരമായി കോണ്‍ഗ്രസ്സിനകത്ത് ഒരു സര്‍ജിക്കല്‍ ആക്ഷന്‍ ആവശ്യമാണെന്നും മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയുമായിരുന്ന വീരപ്പ മൊയ്ലി ആഞ്ഞടിച്ചു.
ഡല്‍ഹിയിലെ തോല്‍വി വിഷമിപ്പിക്കുന്നതാണെന്നും രാജ്യം മാറുന്നതനുസരിച്ച് ആശയ പ്രചരണവും, പ്രവര്‍ത്തനരീതിയും തീരുമാനിക്കുന്നതില്‍ പിഴവ് പറ്റിയെന്നും മുതിര്‍ന്ന നേതാവ് ജ്യോതിരാദിത്യ സിന്ധ്യ പ്രതികരിച്ചു. നിലവിലെ സാഹചര്യത്തില്‍ പാര്‍ട്ടിയും നേതൃത്വവും ആത്മ പരിശോധനക്ക് തയ്യാറാകണമെന്നായിരുന്നു മുന്‍മന്ത്രി ജയറാം രമേശിന്റെ പ്രതികരണം.
താഴെ തട്ടിലുള്ള നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പ്രവര്‍ത്തന ഊര്‍ജ്ജവും ,സ്വാതന്ത്ര്യവും നല്‍കേണ്ടതുണ്ടെന്നും അദ്ദേഹം വിമര്‍ശിച്ചു .ലോക്സഭാ ,നിയമസഭാ തെരഞ്ഞെടുപ്പുകളിലേറ്റ കനത്ത പരാജയങ്ങള്‍ക്ക് പിറകെ മുതിര്‍ന്ന നേതാക്കള്‍ തന്നെ വിമര്‍ശനവുമായി രംഗത്തെത്തുന്നത് കോണ്‍ഗ്രസ്സ് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്.