ബംഗളൂരു: ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ തങ്ങളുടെ പുതിയ ലോഗോ അവതരിപ്പിച്ചു. എന്നാൽ ടീമിന്റെ പേരിൽ മാറ്റമില്ല. പേര് മാറ്റിയേക്കുമെന്ന് ചില ദേശീയ മാദ്ധ്യമങ്ങൾ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ടീമിന്റെ ലോഗോ മാത്രമാണ് മാനേജ്മെന്റ് മാറ്റിയിരിക്കുന്നത്.
പഴയ വൃത്താകൃതിയിലുള്ള ലോഗോയിൽ നിന്നാണ് ഇപ്പോൾ മാറ്റം വന്നിരിക്കുന്നത്. പകരം പഴയ ലോഗോയിലെ സിംഹത്തിന്റെ ചിത്രത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് പുതിയ ലോഗോ. പഴയ ലോഗോയിലെ ആർസി എന്ന എഴുത്തും വൃത്താകൃയിലുള്ള ടീമിന്റെ പേരും മാറ്റി. സിംഹത്തിന്റെ ചിത്രത്തിന്റെ അടിയിലായാണ് ടീമിന്റെ പേര് എഴുതിയിരിക്കുന്നത്.
തങ്ങളുടെ സാമൂഹിക മാദ്ധ്യമ അക്കൗണ്ടുകളിലെ ലോഗോ കഴിഞ്ഞ ദിവസം റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ പിൻവലിച്ചിരുന്നു. ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം അടക്കമുള്ളവയിലെ ലോഗോയായിരുന്നു ആർസിബി പിൻവലിച്ചത്. ഇത് വലിയ ചർച്ചയുമായിരുന്നു. പിന്നാലെ തന്നെ അറിയിക്കാതെ ലോഗോ പിൻവലിച്ചതിലെ അതൃപ്തി പരസ്യമാക്കി നായകൻ വിരാട് കോഹ് ലി തന്നെ രംഗത്തെത്തുകയും ചെയ്തിരുന്നു.