മാഡ്രിഡ്: സ്പാനിഷ് ലീഗായ ലാ ലീഗയുടെ 24-ാം റൗണ്ട് മത്സരത്തില്‍ ബാഴ്‌സലോണക്കും വില്ലാ റയലിനും ജയം.അതേസമയം അത്‌ലറ്റികോ മാഡ്രിഡിനും വലന്‍സിയക്കും സമനില വഴങ്ങേണ്ടിവന്നപ്പോള്‍ മല്ലോര്‍ക്ക ആല്‍വസിനെ തോല്‍പ്പിച്ചു.
ഗെറ്റാഫെക്കെതിരെ ആദ്യ പകുതിയില്‍ തന്നെ മുന്‍തൂക്കം നേടിയാണ് ബാഴ്‌സലോണ കളം നിറഞ്ഞത്. ആന്റോണിയോ ഗ്രീസ്മാനും സെര്‍ഗീ റോബെര്‍ട്ടോയുമാണ് ബാഴ്‌സക്കായി ഗോള്‍ നേടിയത്. 33-ാം മിനിറ്റിലാണ് ഗ്രീസ്മാന്‍ ഗോള്‍ നേടിയത്. പതിവുപോലെ സഹതാരങ്ങള്‍ക്ക് അവസരം കൊടുക്കുന്നതില്‍ പിശുക്കുകാട്ടാത്ത മെസ്സിയുടെ പാസ്സ് ഗ്രീസ്മാന്‍ ഗോളാക്കി മാറ്റി. സൂപ്പര്‍താരത്തിനൊപ്പം വേഗത്തിലെങ്ങനെ കളിക്കാനാകുമെന്ന് താന്‍ പഠിച്ചുവരിക യാണെന്നാണ് ഗ്രീസ്മാന്‍ കളിക്ക് ശേഷം പറഞ്ഞത്. രണ്ടാമത്തെ ഗോള്‍ ആറുമിനിറ്റിനകം വീണ്ടും ബാഴ്‌സ നേടി. ഇത്തവണ ഊഴം സെര്‍ഗീ റോഡ്രിഗസ്സിന്റേതായിരുന്നു. രണ്ടാം പകുതിയില്‍ 66-ാം മിനിറ്റില്‍ ആഞ്ചല്‍ റോഡ്രിഗസാണ് ഗറ്റാഫേക്ക് വേണ്ടി ഏക ഗോള്‍ നേടിയത്.
രണ്ടാം മത്സരത്തില്‍ സമനിലയില്‍ നിന്ന് ജയം പിടിച്ചാണ് വില്ലാറയല്‍ ലെവാന്റയെ മുട്ടുകുത്തിച്ചത്. കളിയുടെ 9-ാം മിനിറ്റില്‍ ജെറാഡ് മോര്‍ണിയേയിലൂടെയാണ് റയല്‍ മുന്നി ലെത്തിയത്. എന്നാല്‍ രണ്ടാം പകുതിയുടെ 56-ാം മിനിറ്റില്‍ ലെവന്റേക്കായി ബോര്‍ജാ മയോറല്‍ സമനില പിടിച്ചു. എന്നാല്‍ ശക്തമായി മുന്നേറിയ വില്ലാറയലിന് വേണ്ടി മോയി ഗോമസ് 61-ാം മിനിറ്റില്‍ വിജയ ഗോള്‍ സ്വന്തമാക്കി.
വലന്‍സിയ അത്‌ലറ്റികോ മാഡ്രിഡുമായി മികച്ച പോരാട്ടം നടന്നതില്‍ ഇരുവരും 2-2ന് തുല്യത പാലിച്ചുപിരിഞ്ഞു.15-ാം മിനിറ്റില്‍ മാര്‍ക്കോസിലൂടെ അത്‌ലറ്റികോയാണ് മുന്നിലെത്തിയത്. എന്നാല്‍ 40-ാം മിനിറ്റില്‍ ഗാബ്രിയേല്‍ സമനിലപിടിച്ചു. ഒട്ടും വിട്ടുകൊടുക്കാതെ ആക്രമിച്ച അത്‌ലറ്റികോ മൂന്നു മിനിറ്റിനകം ലീഡ് 2-1ആക്കി. എന്നാല്‍ 59-ാം മിനിറ്റില്‍ ജെഫ്രിയിലൂടെ വലന്‍സിയ സമനില തിരികെപിടിച്ചുവെങ്കിലും വിജയഗോള്‍ നേടാനായില്ല. നാലാം മത്സര ത്തില്‍ മല്ലോര്‍ക്കയുടെ ജയം ഏകഗോളിനായിരുന്നു. കൂച്ചോ ഹെര്‍ണാണ്ടസാണ് 63-ാം മിനിറ്റില്‍ മല്ലോര്‍ക്കയുടെ ഗോള്‍ നേടിയത്.















