അബുദാബി ഇന്ത്യാ സോഷ്യൽ സെന്റർ സംഘടിപ്പിച്ച യു.എ.ഇ ഓപ്പൺ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പ് സമാപിച്ചു. വിവിധ വിഭാഗങ്ങളിലായി നടന്ന ചാമ്പ്യൻഷിപ്പിലെ ഇന്റർനാഷണൽ സിംഗിൾസിൽ മലേഷ്യൻ താരം സുൽക്കർനൈൻ ഇസ്കന്ദർ ചാമ്പ്യനായി. മലേഷ്യക്കാരൻ തന്നെയായ ഗോഹ് ചിൻ ജിയ്പാണ് റണ്ണറപ്പ്. ഇന്റർനാഷണൽ ഡബിൾസിൽ ഇന്തോനേഷ്യൻ സഖ്യം അൽഫിയാൻ-പുതേര അഗ്രിപ്പിന ഇഷാൻ ഭട്ട്നാഗർ- വിഷ്ണുവർധൻ എന്നിവരടങ്ങുന്ന ഇന്ത്യൻ സഖ്യത്തെ നേരിട്ടുള്ള സെറ്റുകൾക്ക് പരാജയപ്പെടുത്തി കിരീടം നേടി. പുരുഷ സിംഗിൾസിൽ ഇന്തോനേഷ്യക്കാരനായ സോമി റോംധാനി ഇന്ത്യക്കാരനായ വസന്ത് കുമാർ രാജേന്ദ്രനെ നേരിട്ടുള്ള സെറ്റുകൾക്കു പരാജയപ്പെടുത്തി. പുരുഷന്മാരുടെ ഡബിൾസിൽ ഇന്തോനേഷ്യൻ സഖ്യം മാർസെലിനിസ് നന്ദ ദേവഗ്രഹ-സോമി റോംധാനി നേരിട്ടുള്ള സെറ്റുകൾക്ക് മലയാളി സഹോദരങ്ങളായ മുനവർ-മുനൈസ് സഖ്യത്തെ പരാജയപ്പെടുത്തി. വനിതകളുടെ ഡബിൾസിൽ നയോനിക രാജേഷ്-മരിയ എൻജെല ജോഡികൾ ദുബായിൽ നിന്നും വന്ന അമൃത കുട്ടികൃഷ്ണൻ-സാറ സിറാജ് സഖ്യത്തെ പരാജയപ്പെടുത്തി. 40 വയസിന് മുകളിൽ പ്രായമുള്ളവരുടെ പുരുഷ സിംഗിൾസിൽ അബുദാബി ഐ.എസ്.സി താരങ്ങളായ രാകേഷ് രാമകൃഷ്ണനും രാഘവ് ഭട്ടും തമ്മിലേറ്റുമുട്ടി രാകേഷ് ജേതാവായി. ഡബിൾസിൽ ആബിദ് അലി-അബ്ദുൽ ഹമീദ് സഖ്യം നേരിട്ടുള്ള സെറ്റുകൾക്ക് ഷാർജയിൽ നിന്നുള്ള സജയൻ ബാലൻ-സത്യനാരായണൻ സഖ്യത്തെ പരാജയപ്പെടുത്തി. 45 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ പുരുഷ സിംഗിൾസിൽ പ്രമോദ് ഭാസ്കരനെ പരാജയപ്പെടുത്തി ജെയിംസ് വർഗീസിസ് ജേതാവായി.
45 വിഭാഗം പുരുഷ ഡബിൾസിൽ യൂഡി ഹര്യാദി- ജയിംസ് വർഗീസ് സഖ്യം ആബിദ് അലി-ഷാനവാസ് മുഹമ്മദ് കാസിം സഖ്യത്തോടെ പരാജയപ്പെടുത്തി. മിക്സഡ് ഡബിൾസിൽ മാർസെലിനിസ് നന്ദ ദേവഗ്രഹ-സാറ സിറാജ് സഖ്യം മുഹമ്മദ് മുനവർ ചെറിയാൻ-മേരി ടീന സഖ്യത്തെ പരാജയപ്പെടുത്തി. 40 ന് മുകളിൽ പ്രായമുള്ളവരുടെ മിക്സഡ് ഡബിൾസിൽ മനോജ് കാർത്തികേയൻ-സാറ സിറാജ് സഖ്യം സന്തോഷ്-ധന്യ മറിയം ബോണി സഖ്യത്തെ പരാജയപ്പെടുത്തി. 50 വയസിന് മുകളിൽ പ്രായമുള്ള പുരുഷന്മാരുടെ ഡബിൾസിൽ സജി മേനോൻ-സന്തോഷ് സഖ്യം അബ്ദുൽ ലത്തീഫ്-റോബി സഖ്യത്തെ പരാജയപ്പെടുത്തി കപ്പ് നേടി.
ഐ.എസ്.സി അപെക്സ് എവർ റോളിംഗ് ട്രോഫി ജനറൽ ഗവർണർ പി.ഹിഷാം സുൽക്കർനൈൻ ഇസ്കന്ദറിന് സമ്മാനിച്ചു. ഐ.എസ്.സി പ്രസിഡണ്ട് ഡി.നടരാജൻ, ജനറൽ സെക്രട്ടറി സത്യ ബാബു, ട്രഷറർ ലിംസൺ ജേക്കബ്, ജനറൽ ഗവർണർമാരായ അമീൻ അബ്ദുൽ ഖാദർ എന്നിവർ വിജയികൾക്ക് ട്രോഫിയും ക്യാഷവാർഡുകളും സർട്ടിഫിക്കറ്റുകളും സമ്മാനിച്ചു. അസിസ്റ്റന്റ് ജനറൽ സെക്രട്ടറി എ.എം.നിസാർ, കായികവിഭാഗം സെക്രട്ടറി പ്രകാശ് തമ്പി, സെക്ഷൻ സെക്രട്ടറി നൗഷാദ്, രാജൻ പാലക്കൽ, ദിലീപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.