കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിന്റെ അസിസ്റ്റന്റ് കോച്ച് ഇഷ്ഫാഖ് അഹമ്മദിനെതിരെ ഗുരുതര ആരോപണവുമായി ബ്ലാസ്റ്റേഴ്സ് മുൻ താരം മൈക്കിൾ ചോപ്ര. ബ്ലാസ്റ്റേഴ്സിലേക്ക് താരങ്ങളെ എത്തിക്കുന്നതിന് വേണ്ടി ഇഷ്ഫാഖ് പണം വാങ്ങുന്നുണ്ടെന്നാണ് ചോപ്രയുടെ ആരോപണം. ട്വിറ്ററിലൂടെയാണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിലേക്ക് താരങ്ങളെ എത്തിക്കുമ്പോൾ താരങ്ങളുടെ ഏജന്റുമാരിൽ നിന്ന് ഇഷ്ഫാഖ് പിൻവാതിലിലൂടെ കാശ് വാങ്ങുന്നുണ്ട്. ഇതിൽ ഇഷ്ഫാഖിന്റെ അഭിപ്രായം എന്താണ് എന്ന് ചോദിച്ച ചോപ്ര ബ്ലാസ്റ്റേഴ്സിന്റെ ആരാധക കൂട്ടായ്മയായ മഞ്ഞപ്പടയോട് ഇക്കാര്യം അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തെ ബ്ലാസ്റ്റേഴ്സ് താരമായിരുന്ന ഇഷ്ഫാഖ് ഇപ്പോൾ ടീമിന്റെ അസിസ്റ്റന്റ് കോച്ചാണ്. മൈക്കിൾ ചോപ്രയും ഇഷ്ഫാഖും ഒരുമിച്ച് ബ്ലാസ്റ്റേഴ്സിൽ കളിച്ചിട്ടുമുണ്ട്. ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫറുകൾക്ക് നേതൃത്വം നൽകിയത് ഇഷ്ഫാഖ് ആയിരുന്നു.
അതേസമയം, മൈക്കിൾ ചോപ്രയ്ക്കെതിരെ ബ്ലാസ്റ്റേഴ്സ് രംഗത്തെത്തി. ആരോപണങ്ങൾ സരിയല്ലെന്നും ചോപ്രയ്ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഇഷ്ഫാഖ് ടീമിനൊപ്പം തന്നെ തുടരുമെന്നും ബ്ലാസ്റ്റേഴ്സ് ഔദ്യോഗികമായി തങ്ങളുടെ സാമൂഹിക മാദ്ധ്യമങ്ങൾ വഴി അറിയിച്ചു.