പരിസ്ഥിതി മലിനീകരണത്താൽ ചിത്രശലഭങ്ങൾ അപ്രത്യക്ഷമാകുന്ന കാലത്ത് അവയുടെ ഫോട്ടോ പെയിന്റിങ് പ്രദർശനമൊരുക്കി ശ്രദ്ധനേടി മനു രഘുരാജനും രാധികാറാണിയും.ദുബായ് അൽഖൂസ് കാർട്ടൂൺ ആർട്ട് ഗാലറിയിൽ നടന്ന പ്രദർശനത്തിൽ നിരവധി ആസ്വാദകരാണ് വിവിധ ദിവസങ്ങളിലായി എത്തിയത്.പരിസ്ഥിതി മലിനീകരണം നടത്തുന്നവർക്കുള്ള ഒരു ഓർമ്മപ്പെടുത്തലായിരുന്നു ‘എക്സിസ്റ്റെൻഷ്യൽ’ എന്ന ഫോട്ടോ പെയിന്റിങ് പ്രദർശനം.അന്യം നിന്നു പോകുന്ന ശലഭ ജീവിതങ്ങളായിരുന്നു പ്രദർശനത്തിലാകെ. യു.എ.ഇ. ആസ്ഥാനമായുള്ള നേച്ചർ ഫോട്ടോഗ്രാഫർ മനു രഘുരാജന്റെ തിരഞ്ഞെടുത്ത ചിത്രശലഭങ്ങളുടെ ഫോട്ടോകളും ഇന്ത്യയിലെ പ്രമുഖ കലാകാരി ഐ.ബി. രാധികാറാണിയുടെ പെയിന്റിങ്ങുകളുമാണ് പ്രദർശനത്തിൽ ഒരുക്കിയിരുന്നത്.കോളജിൽ സഹപാഠികളായിരുന്ന ഇരുവരും വ്യത്യസ്ത മേഖലകളിൽ തൊഴിൽ ചെയ്യുന്നവരും ജീവിക്കുന്നവരുമാണെങ്കിലും പൂമ്പാറ്റകളുടെ ജീവിതം പകർത്താൻ ഇഷ്ടപ്പെടുന്നവരാണ്.യു.എ.ഇ.യിൽ പരിസ്ഥിതി ചിത്രങ്ങൾക്ക് ഒട്ടേറെ അവാർഡുകൾ സ്വന്തമാക്കിയിട്ടുള്ള മനു രഘുരാജൻ ഇന്ത്യയിൽനിന്നും യു.എ.ഇ.യിൽ നിന്നുമായി പകർത്തിയ ചിത്രശലഭങ്ങളുടെ 16 ഫോട്ടോകളാണ് പ്രദർശിപ്പിച്ചത്.വളരെ നാളുകൾ ചിലവിട്ടാണ് മനുവിന് വൈവിധ്യമാർന്ന പല ചിത്രശലഭങ്ങളെയും കാണാനും പകർത്താനും സാധിച്ചത്. കൊല്ലത്തെ തന്റെ പൂന്തോട്ടത്തിൽ വിരുന്നെത്തിയ 15 ചിത്രശലഭങ്ങളുടെ പെയിയിന്റിങ്ങുകളാണ് രാധികാറാണി പ്രദർശിപ്പിച്ചത്.ഓരോ പെയിന്റിങ്ങുകളോടൊപ്പം ശലഭകവിതകളും പ്രദർശിപ്പിച്ചിട്ടുണ്ട്.
രാധികയുടെ പ്രദർശനങ്ങളിൽ ഇന്ത്യക്ക് പുറത്തുള്ള ആദ്യത്തേതും ജീവിത്തതിലെ ഒൻപതാമതുമായിരുന്നു എക്സിസ്റ്റെൻഷ്യൽ’.ചിത്രങ്ങളും കവിതകളും പെയിന്റിങ്ങുകളുമെല്ലാം ഉൾപ്പെടുത്തിയൊരു പ്രദർശനം ദുബായിൽ ആദ്യമായിരുന്നു.