ന്യൂഡല്‍ഹി: ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പിന്റെ 87 കിലോ ഗ്രാം വിഭാഗത്തില്‍ ഇന്ത്യയുടെ സുനില്‍ കുമാറിന് സ്വര്‍ണം. കലാശപ്പോരാട്ടത്തില്‍ കിര്‍ഗിസ്ഥാന്റെ ആസാത് സാലിദിനോവിനെ പരാജയപ്പെടുത്തിയാണ് സുനില്‍ കുമാര്‍ ഇന്ത്യയുടെ അഭിമാനമായി മാറിയത്. 5-0നായിരുന്നു സുനില്‍ കുമാറിന്റെ വിജയം.
27 വര്‍ഷത്തിനിടെ ഏഷ്യന്‍ ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ ആദ്യ ഗ്രീക്കോ-റോമന്‍ സ്വര്‍ണ നേട്ടമാണിത്. സെമി ഫൈനലില്‍ പിന്നില്‍ നിന്ന ശേഷമായിരുന്നു വിജയിച്ചതെങ്കില്‍ കലാശപ്പോരാട്ടത്തില്‍ സുനില്‍ കുമാറിന്റെ വിജയം ആധികാരികമായിരുന്നു. കെ ഡി ജാദവ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടന്നത്.
നേരത്തെ, കസാഖിസ്താന്റെ അസമത്ത് കുസ്തബയേവിനെതിരായ സെമി ഫൈനല്‍ മത്സരത്തില്‍ 1-8 ന് പിന്നില്‍ നിന്ന ശേഷമാണ് സുനില്‍ കുമാര്‍ അവിശ്വസനീയമായ തിരിച്ചുവരവ് നടത്തിയത്. പിന്നീട് 11 പോയിന്റുകള്‍ നേടി 12-8 എന്ന നിലയിലായിരുന്നു സുനിലിന്റെ അട്ടിമറി വിജയം.